പാലക്കാട്: എൻ ശ്രീനിവാസൻ വധക്കേസിൽ രണ്ട് പേർ പൊലീസ് പിടിയിൽ. കൊല നടത്തിയ ആറംഗ സംഘത്തിൽ ഉൾപ്പെട്ട ഇഖ്ബാൽ ആണ് പിടിയിലായിരിക്കുന്നത്. ഗൂഢാലോചനയിൽ പ്രതിയായ ഫയാസ് ആണ് പൊലീസ് പിടിയിലായിരിക്കുന്ന മറ്റൊരാൾ.

ശ്രീനിവാസൻ വധം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ പൊലീസ് പിടിയിലാവുന്നത്. ഗൂഡാലോന നടത്തിയതിലും കൃത്യത്തിൽ പങ്കെടുത്തതിലും ഭാഗമാണ് ഇഖ്ബാൽ. കൃത്യം നടത്താൻ എത്തിയ സംഘത്തിലെ വെള്ള സ്‌കൂട്ടർ ഓടിച്ചിരുന്നത് ഇഖ്ബാൽ ആയിരുന്നു. ഇഖ്ബാലാണ് ഓപ്പമുണ്ടായിരുന്ന മറ്റുള്ളവർക്ക് നിർദേശങ്ങൾ നൽകിയിരുന്നത്. ശനിയാഴ്ച പാലക്കാട് വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇഖ്ബാൽ പിടിയിലായത്.

കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ ബന്ധുവായ ഫയാസ് ആണ് പിടിയിലായ മറ്റൊരാൾ. ഫയാസിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന് മുൻപ് മറ്റ് രണ്ട് പേരെ കൊലപ്പെടുത്താൻ സംഘം ശ്രമിച്ചിരുന്നു. ഈ സംഘത്തിലുണ്ടായ ആളാണ് ഫയാസ് എന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.

കൊലപാതകത്തിൽ നേരിട്ട ഭാഗമായ മറ്റ് അഞ്ച് പേരെ കുറിച്ചും വ്യക്തമായ വിവരം ലഭിച്ചതായാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളിൽ തന്നെ പ്രതികൾ കഴിയുന്നുണ്ടെന്നും ഇവർക്ക് സഹായമെത്തിക്കാൻ വലിയൊരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.കൊലയാളി സംഘത്തിലെ മറ്റ് അഞ്ചുപേരെ കുറിച്ചും കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഐജി അശോക് യാദവ് പറഞ്ഞു.

അതേസമയം കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഏപ്രിൽ 24 വരെ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഏപ്രിൽ 16-ന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ഇപ്പോൾ നീട്ടിയത്. ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല. അവശ്യസേവനങ്ങൾക്കും ലോ എൻഫോഴ്സ്മെന്റ് ഏജൻസികൾക്കും ഉത്തരവ് ബാധകമല്ല.