കൊച്ചി: ബിവറേജസ് കോർപ്പറേഷന്റെ ഔട്‌ലെറ്റിന്റെ ഭിത്തി തുരന്ന് അകത്തു കടന്ന മോഷ്ടാവ് വില കൂടിയതുനോക്കി മദ്യക്കുപ്പികൾ ചാക്കിലാക്കി. ഒച്ച കേട്ടെത്തിയ പാൽക്കാരനെ കണ്ടപ്പോൾ ചാടി ഓടിയത് തൊട്ടടുത്ത ബാറിലൂടെ. അതോടെ മോഷ്ടാവ് സി.സി.ടി വി യിൽ കുടുങ്ങുകയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

പറവൂരിലെ തെക്കെ നാലു വഴിക്ക് സമീപമുള്ള ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റിന്റെ ഭിത്തിയിൽ ദ്വാരമുണ്ടാക്കി കവർച്ച നടത്താൻ ശ്രമിച്ച കേസിലെ പ്രതിയെയാണു പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടുവള്ളി കൈതാരം മന്ത്രപ്പീടിക വീട്ടിൽ സഹീർ (30)ആണ് പിടിയിലായത്. പ്രതിയെ പറവൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

കഴിഞ്ഞയാഴ്ചയാണ് ബിവറേജസ് ഔട്ട് ലെറ്റിന്റെ ഭിത്തി തുരന്ന് കവർച്ചക്ക് ശ്രമം നടത്തിയത്. ഗ്രീൻ ലേബൽ, ബക്കാർഡി, മാൻഷൻ ഹൗസ് തുടങ്ങിയ മുന്തിയ ഇനം മദ്യങ്ങൾ സഹീർ ചാക്കിലാക്കിയെങ്കിലും കൊണ്ടുപോകാൻ കഴിഞ്ഞില്ല. തൊട്ടടുത്ത കടക്കാരനൂം പാൽക്കാരനും നഗരസഭാ കൗൺസിലറായ ടി വി നിഥിനും എത്തിയതോടെ വെളുപ്പിന് നാലു മണിക്ക് നടന്ന കവർച്ചാശ്രമം നിഷ്പ്രഭമായി.

തലേദിവസത്തെ ഔട്ട് ലെറ്റിലെ കളക്ഷൻ 12 ലക്ഷം രൂപ സ്‌ട്രോങ്ങ് റൂമിൽ ഇരുപ്പുണ്ടായിരുന്നു. ഇതും നഷ്ടപ്പെട്ടില്ല. ശബ്ദം കേട്ടെത്തിയവരെ കണ്ടപ്പോൾ ഹെൽമെറ്റ് ധരിച്ച സഹീർ ഔട്ട് ലെറ്റിന് വടക്ക് വശത്തുള്ള വൈറ്റ് സിറ്റി ബാറിന്റെ മതിൽ ചാടിക്കടന്നാണ് റോഡിലേക്ക് ഓടിയത്. ബാറിലെ സിസി. ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ ചുവടുപിടിച്ചുള്ള പൊലീസ് അന്വേഷണത്തിലാണ് സഹീർ കുടുങ്ങിയത്.