കൊല്ലം: വാളകം എൻഎസ്എസ് കരയോഗത്തിനു സമീപം ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്. കൊല്ലപ്പെട്ട ജോണിക്കുട്ടിയുടെ സുഹൃത്ത് പത്തനംതിട്ട കുമ്പഴ സ്വദേശി പ്രസാദാണ് അറസ്റ്റിലായത്.

പണത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലയ്ക്ക് കാരണമെന്നു പൊലീസ് പറഞ്ഞു. പത്തനംതിട്ട ഉഷ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് അറസ്റ്റിലായ പ്രസാദ്.

എൻഎസ്എസ് കരയോഗത്തിന് സമീപം ജോണിക്കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് ഒന്നാം തീയതിയാണ്. പാതികത്തികരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സ്വാഭാവിക മരണമാകാം എന്ന നിലയിലായിരുന്നു പൊലീസ് അന്വേഷണം പുരോഗമിച്ചിരുന്നത്. മദ്യം കച്ചവടം ചെയ്തിരുന്ന ആളാണ് മരിച്ച ജോണിക്കുട്ടി. മദ്യക്കുപ്പി പൊട്ടി തീ പിടിച്ച് മരിച്ചതാകാം എന്നായിരുന്നു പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും തീകത്തിയുള്ള മരണമെന്നായിരുന്നു കണ്ടെത്തിയത്.

പത്തനംതിട്ടയിൽ ഉഷയെന്ന സ്ത്രീയെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രസാദ്. ഈ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് ജയിലിൽ കിടക്കുന്ന സമയത്താണ് ജോണിക്കുട്ടിയുമായി പരിചയപ്പെട്ടത്. പത്തനംതിട്ടയിൽ പൊലീസിനെ വെട്ടിപരുക്കേൽപ്പിച്ച കേസിലും പ്രസാദ് പ്രതിയാണ്.

മദ്യവിൽപനയുമായി ബന്ധപ്പെട്ട പണമിടപാടാണ് കൊലയ്ക്ക് കാരണമായത്. ഒന്നാം തിയതി പുലർച്ചെ ജോണിക്കുട്ടിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മദ്യം ഒഴിച്ച് കത്തിച്ചു. നേരത്തെ പ്രസാദിനെ പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും യാതൊന്നും സംശയകരമായി പറഞ്ഞിരുന്നില്ല. എന്നാൽ ഇയാൾ കൊലക്കേസിലെ പ്രതിയാണെന്ന് വ്യക്തമായതോടെയാണ് വിശദമായി ചോദ്യം ചെയ്തതെന്നും പൊലീസ് പറഞ്ഞു.