മലപ്പുറം: നിലമ്പൂർ വഴിക്കടവ് നാടുകാണി ചുരത്തിലെ മഖ്ബറ (കെട്ടിപ്പൊക്കിയ പുണ്യാത്മാക്കളുടെ ഖബർ) തകർത്ത സംഭവത്തിൽ തീവ്ര സലഫി ആശയക്കാരനായ ഒരാൾ അറസ്റ്റിൽ. മുജാഹിദ് വിസ്ഡം ഗ്രൂപ്പ് പ്രവർത്തകനായിരുന്ന വഴിക്കടവ് ആനമറി സ്വദേശി മുളയങ്കായി അനീഷ് (37 ) ആണ് അറസ്റ്റിലായത്.

കേസിലെ മറ്റൊരു പ്രധാന പ്രതിയും അനീഷിന്റെ തൊഴിലാളിയുമായ വഴിക്കടവ് -മാമാങ്കര സ്വദേശി അത്തിമണ്ണിൽ ഷാജഹാൻ (24) സംഭവത്തിനു ശേഷം ഒക്ടോബർ 9 ന് ദുബായിലേക്ക് കടന്നതായാണ് പൊലീസിന് വിവരം ലഭിച്ചു. രണ്ട് മാസത്തെ അന്വേഷണത്തിനൊടുവിലാണ് വഴിക്കടവ് ചുരം മഖാം മൂന്നു പ്രാവശ്യം പൊളിച്ച് നശിപ്പിച്ച കേസുകൾക്ക് അന്വേഷണ സംഘം തുമ്പുണ്ടാക്കിയിരിക്കുന്നത്. മലപ്പുറം ജില്ലയിൽ വഴിക്കടവ്- ഗുഡല്ലൂർ സ്റ്റേറ്റ് ഹൈവേയിൽ അതിവിജനമായ വനത്തിനോട് ചേർന്ന് പാതയോരത്ത് സ്ഥിതി ചെയ്യുന്ന ജാറമാണ് 2017 സെപ്തംതംബർ മാസത്തിൽ ഏഴ്, 19 ,29 തിയ്യതികളിൽ തകർത്തത്.

ഇതിൽ 29ന് നടന്ന അക്രമത്തിൽ തെങ്ങ്, വാഴ തൈകൾ നടുകയും മുളക് പൊടി വിതറുകയും ഒരു കുപ്പിയിൽ ജാറത്തെ കളിയാക്കുന്ന ഒരു കത്ത് എഴുതി തൂക്കുകയും ചെയ്തിരുന്നു. തുടർച്ചയായി മൂന്ന് പ്രാവശ്യം ആക്രമണം ഉണ്ടായതിനെ തുടർന്ന് ഒരു വിഭാഗം ജനങ്ങൾ വലിയ തോതിൽ പ്രക്ഷോഭവും പ്രതിഷേധവും തുടങ്ങിയിരുന്നു. ഇത് വലിയ തോതിലുള്ള വർഗ്ഗീയ സംഘട്ടനങ്ങളിലേക്കും വർഗീയ ചേരിതിരിവിനും ഇടയാക്കുന്ന സ്ഥിതിയിലേക്കും എത്തി. എന്നാൽ കാര്യമായ തെളിവുകളോ മൊബൈൽ സിഗ്നലോ ലഭ്യമല്ലാത്ത വനം പാതയിലായതിനാൽ അന്വേഷണം വഴിമുട്ടിയ നിലയിലായത് വലിയ പ്രതിഷേധത്തിനും കാരണമായി. എന്നാൽ സമ്മർദ്ദങ്ങളെ അതിജീവിച്ച് കേസിന് തുമ്പുണ്ടാക്കുകയും കുറ്റവാളികളെ കണ്ടുപിടിക്കുകയും ചെയ്തിരിക്കുകയാണ് അന്വേഷകർ.

സംഭവം സംസ്ഥാന അതിർത്തിയിലാകയാൽ സംശയിക്കുന്നവരോ ചോദ്യം ചെയ്യേണ്ടവരോ ആയ ആളുകൾ ഇരു സംസ്ഥാനങ്ങളിലും പെട്ടവരായതും വലിയ വിഷമം സൃഷ്്ടിച്ചിരുന്നു. അത് അന്വേഷണത്തിന് വിലങ്ങുതടിയായി. രണ്ടു മാസത്തിനുള്ളിൽ നൂറ് കണക്കിന് ആളുകളുടെയും വാഹനങ്ങളുടെയും വിവരങ്ങളും മൊബൈൽ ഡാറ്റായും, സി സി ടി വി ദൃശ്യങ്ങളും ,സോഷ്യൽ മീഡിയയിലെ ചലനങ്ങളും പരിശോധിച്ചാണ് ഈ കേസിന് തുമ്പുണ്ടാക്കിയത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്‌റ, ഡിവൈ.എസ്‌പി എംപി മോഹനചന്ദ്രൻ എന്നിവരുടെ മേൽനോട്ടത്തിൽ എടക്കര സി.ഐ പി അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘംമാണ് പ്രതിയെ പിടികൂടിയത്. എഎസ്ഐ എം അസിനാർ, സുനിൽ എംപി, ജാബിർ കെ, വിനോദ് പി.സി, ബിനോബ്, പ്രദീപ് ഇ.ജി എന്നീ ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതായിരുന്നു സംഘം.

അറസ്റ്റിലായ ആൾ മുജാഹിദ് പ്രവർത്തകനാണെന്ന് പൊലീസ് വ്യക്തമാക്കി. ജാറങ്ങളോടുള്ള മതത്തിലെ ആശയപരമായ കടുത്ത എതിർപ്പാണ് സംഭവത്തിന് കാരണമെന്ന് പൊലീസിനോട് ഇയാൾ സമ്മതിച്ചു. തീവ്ര സലഫി ആശയം പിന്തുടരുന്ന ഐ.എസ് അടക്കമുള്ള തീവ്രവാദ സംഘങ്ങളും ജാറങ്ങളോട് ഇതേ സമീപനമാണ് വെച്ച് പുലർത്തുന്നത്. കോഴിക്കോട് -ഊട്ടി സംസ്ഥാന പാതയിലെ നാടുകാണി ചുരത്തിലാണ് തകർക്കപ്പെട്ട മഖ്ബറ. യമനിൽ നിന്ന് അറുനൂറ് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലെത്തിയ സംഘത്തിൽ കോഴിക്കോട് നിന്ന് മലമ്പാത വഴി ബംഗളൂരുവിലേക്കുള്ള വഴിയിൽ നാല് പേർ നിലമ്പൂരിനടുത്ത നാടുകാണിയിൽ വെച്ച് നിര്യാതരായെന്നാണ് ചരിത്രം.

വഴിക്കടവ് നിന്ന് ഊട്ടിയിലേക്കും തിരിച്ച് ഊട്ടിയിൽ നിന്ന് വഴിക്കടവിലേക്കുമുള്ള യാത്രക്കിടയിൽ ജാതി, മത വ്യത്യാസമില്ലാതെ ആളുകൾ ഇവിടെ സന്ദർശനത്തിന് എത്താറുണ്ട്. 2009 ലും വഴിക്കടവ് മഖാം പൊളിക്കാനുള്ള ശ്രമം നടന്നിരുന്നു. അന്ന് ഖബർ തകർക്കുന്നതിനിടെ നാല് മുജാഹിദ് പ്രവർത്തകരെ പൊലീസ് പിടികൂടിയിരുന്നു.

നൈറ്റ് പട്രോളിംഗിനിടെ വഴിക്കടവ് എസ്.ഐയും സംഘവുമാണ് ഇവരെ പിടികൂടിയത്. വണ്ടൂർ സ്വദേശികളായ സി.ടി നൗഷാദ്, സമീർ നവാസ്, ഷാജി ബാബു, അബ്ദുൽ ശുക്കൂർ എന്നിവരെയായിരുന്നു അന്ന് പിടികൂടിയത്. ഇവരെല്ലാം തീവ്ര സലഫി ആശയക്കാരായ മുജാഹിദ് പ്രവർത്തകരായിരുന്നു.

മഹത്തുക്കളായ സൂഫികളുടെ ഖബർ കെട്ടി പൊക്കുന്നതും ഇവരെ ആദരിക്കുന്നതും അനിസ്ലാമികമാണെന്നാണ് ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ് ) അടക്കമുള്ള തീവ്ര സലഫി ആശയക്കാർ വിശ്വസിക്കുന്നത്. ഇത്തരം ആചാരങ്ങൾ പുലർത്തുന്ന ബഹു ഭൂരിഭാഗം മുസ്ലിംങ്ങളും പിഴച്ചവരാണെന്നും മുശ്‌രിക്കുകൾ (ബഹുദൈവാരാധകർ) ആണെന്നുമാണ് തീവ്ര ആശയക്കാർ വിശ്വസിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ചരിത്ര സ്മാരകങ്ങളും മഖ്ബബറകളും തീവ്രവാദ സംഘങ്ങൾ തകർക്കുന്നത് ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു. കേരളത്തിലും ഇത്തരം സംഭവങ്ങൾ ആശങ്കയോടെയാണ് അന്വേഷണ സംഘം കാണുന്നത്. പഴുതടച്ച അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയതെന്നും സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് പരിശോധിക്കുമെന്നും എടക്കര സി.ഐ മറുനാടൻ മലയാളിയോട് പറഞ്ഞു.