ന്യൂഡൽഹി: അടുത്ത കാലത്തായി ബിഎസ്എൻഎലിനെക്കുറിച്ചു പരാതികൾ വ്യാപകമാണ്. ഫോൺവിളിയുടെ കാര്യത്തിലായാലും ഇന്റർനെറ്റിന്റെ കാര്യത്തിലായാലും ഉപയോക്താക്കൾ വ്യാപക പരാതിയാണ് ഉയർത്തുന്നത്.

എന്നാൽ, സ്വകാര്യവൽക്കരണത്തിനുള്ള ആക്കം കൂട്ടാനായി മനഃപൂർവമാണ് സേവനങ്ങളിൽ ബിഎസ്എൻഎൽ അലംഭാവം കാട്ടുന്നതെന്നാണ് റിപ്പോർട്ടുകൾ. കെടുകാര്യസ്ഥതയാൽ കഴിഞ്ഞ ഏഴുമാസത്തിനിടെ ബിഎസ്എൻഎൽ ഉപേക്ഷിച്ചു പോയത് ഒരു കോടിയിലേറെ ഉപയോക്താക്കളാണ്.

കഴിഞ്ഞ മാർച്ച് 31 മുതൽ ഒക്‌ടോബർ 31 വരെയുള്ള കാലയളവിലാണ് ഇത്രയേറെ ആളുകൾ ബിഎസ്എൻഎല്ലിനെ ഉപേക്ഷിച്ചത്. സാങ്കേതിക മന്ത്രി രവിശങ്കർ പ്രസാദാണ് ലോക്‌സഭയെ ഇക്കാര്യം അറിയിച്ചത്. എം പിമാരായ ആന്റോ ആന്റണി, എം.കെ. രാഘവൻ എന്നിവരുടെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.

നിലവിൽ 10.22 കോടി ഉപയോക്താക്കളാണ് ബിഎസ്എൻഎലിനുള്ളത്. ബിഎസ്എൻഎലിന്റെ മാർക്കറ്റ് ഷെയറും ഇടിഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ചിൽ ബിഎസ്എൻഎല്ലിന്റെ മാർക്കറ്റ് ഷെയർ 12.13 ശതമാനമായിരുന്നു. ഒക്‌ടോബറോടെ ഇത് 10.62 ശതമാനമായി കുറഞ്ഞു. അതേ സമയം, സ്വകാര്യ ടെലിഫോൺ കമ്പനികളെ ആശ്രയിക്കുന്നവരുടെ എണ്ണം ഇതേ കാലയളവിൽ നാലു കോടി വർധിച്ചു. 85.34 കോടി ടെലിഫോൺ കണക്ഷനുകളാണ് നിലവിൽ സ്വകാര്യ കമ്പനികൾക്കുള്ളത്. 88.66 ശതമാനമാണ് ഇവരുടെ മാർക്കറ്റ് ഷെയർ.

നേരത്തെ ബിജെപി എംപി രാജീവ് സിംഗും ലോക്‌സഭയിൽ ബിഎസ്എൻഎൽ സേവനത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി സംസാരിച്ചിരുന്നു. ഫോൺ വിളിച്ചാൽ കിട്ടില്ലെന്നും 'നമ്പർ നിലവിലില്ല', 'കോൾ പൂർത്തിയാക്കാനാവില്ല' തുടങ്ങിയ കമ്പ്യൂട്ടറൈസ്ഡ് സന്ദേശങ്ങൾ കേട്ടു മടുത്തുവെന്നും പറഞ്ഞ എംപി ബിഎസ്എൻഎൽ തനിക്ക് തലവേദന സൃഷ്ടിക്കുകയാണെന്നും സഭയിൽ പറഞ്ഞിരുന്നു.

കോൾ-ഇന്റർനെറ്റ് വിഭാഗങ്ങളിൽ നിരവധി ജനപ്രിയ പ്ലാനുകൾ നിലവിലുണ്ടായിരുന്ന ബിഎസ്എൻഎലിന് ഇപ്പോൾ അത്തരം പ്ലാനുകളൊന്നുമില്ല. പല പ്ലാനുകളും വലിയ ലാഭം ബിഎസ്എൻഎലിനുണ്ടാക്കി കൊടുക്കുമ്പോഴാണ് പൊടുന്നനെ നിർത്തലാക്കിയത്. നമ്പർ പോർട്ടബിലിറ്റി സംവിധാനംവഴി ഒരു കാലത്ത് ബിഎസ്എൻഎലിലേക്കു ഉപയോക്താക്കൾ മാറുന്ന അവസ്ഥയുണ്ടായിരുന്നു. പ്രത്യേകിച്ചും കേരളത്തിൽ ഏറ്റവും കൂടുതൽ പേർ പോർട്ടബിലിറ്റി സംവിധാനം ഉപയോഗപ്പെടുത്തിയത് ബിഎസ്എൻഎലിലേക്കു മാറാനാണ്.

എന്നാൽ, തുടർന്ന് ജനപ്രിയ പ്ലാനുകൾ പിൻവലിച്ചതും സ്വകാര്യകമ്പനികൾക്കുവേണ്ടി സേവനങ്ങളിൽ അലംഭാവം കാട്ടിയതും ബിഎസ്എൻഎലിൽ നിന്ന് ഉപയോക്താക്കളെ അകറ്റുകയായിരുന്നു.