- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യു.എസ്.ടി ഗ്ലോബലിന്റെ എച്ച്.ആർ മാനേജറെന്ന് പരിചയപ്പെടുത്തി; പ്ലസ്ടു കഴിഞ്ഞവർക്ക് ഓൺലൈൻ വഴി ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് വാഗ്ദാനവും; ടെക്നോ പാർക്കിൽ ജോലിയെന്ന രേഖയുടെ വാക്കിൽ വീണവർ ഊരാക്കുടുക്കിൽ; അമേരിക്കൻ കമ്പനിയുടെ പേരു പറഞ്ഞ് ഒരു കോടി തട്ടിയെടുത്ത കരുനാഗപ്പള്ളിയിലെ യുവതിയും പിതാവും മുങ്ങി
കൊല്ലം: അമേരിക്കൻ കമ്പനിയായ യു.എസ്.ടി ഗ്ലോബലിന്റെ തിരുവനന്തപുരം ടെക്നോ പാർക്കിലെ ഓഫീസിലേക്ക് ജോലി വാഗ്ദാനം ചെയ്ത് 1 കോടിയോളം തട്ടിപ്പ് നടത്തി യുവതിയും പിതാവും. കരുനാഗപ്പള്ളി തഴവാ ചൈതന്യയിൽ രേഖയും പിതാവ് ഗോപാലകൃഷ്ണനും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ഓച്ചിറ, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ നിന്നുള്ള വീട്ടമ്മമാരെയും യുവാക്കളെയുമാണ് ഇരുവരും ചേർന്ന് കബളിപ്പിച്ചത്. 2018 ലും സമാന സംഭവത്തിൽ രേഖ അറസ്റ്റിലായതാണ്. പിന്നീട് വീണ്ടും തട്ടിപ്പ് നടത്തുകയായിരുന്നു.
യു.എസ്.ടി ഗ്ലോബലിന്റെ എച്ച്.ആർ മാനേജരാണ് എന്ന് പരിചയപ്പെടുത്തിയാണ് രേഖ തട്ടിപ്പിനിറങ്ങിയത്. പ്ലസ്ടു കഴിഞ്ഞ യുവതികൾക്ക് വീട്ടിലിരുന്ന് ഓൺലൈൻ ജോലി ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കാം എന്നായിരുന്നു രേഖയുടെ വാഗ്ദാനം. കൂടാതെ യുവാക്കൾക്ക് കമ്പനിയുടെ ഡ്രൈവർ ജോലിയും. യു.എസ്.ടി ഗ്ലോബൽ അന്താരാഷ്ട്ര കമ്പനിയിയതിൽ പലരും ഇവരുടെ വാക്ക് വിശ്വസിച്ചു. 10 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെയാണ് ഇവർ പലരിൽ നിന്നും വാങ്ങിയത്. വ്യാജ ജോബ് ഓഫർ ലെറ്റർ നൽകിയായിരുന്നു തട്ടിപ്പ്. കൂടാതെ രേഖയുടെ പിതാവ് ഗോപാലകൃഷ്ണന്റെ ഫെഡറൽ ബാങ്കിന്റെ ചെക്കും മറ്റും ഇവർക്ക് നൽകിയിരുന്നു. ഇത് വിശ്വസിച്ചാണ് പലരും പണം കൊടുത്തത്.
പണം കൊടുത്ത് വർഷം ഒന്നു കഴിഞ്ഞിട്ടും ജോലിക്ക് കയറാൻ കഴിയാതെ വന്നതോടെയാണ് പലരും രേഖയെ പറ്റി കൂടുതൽ അന്വേഷിച്ചത്. അപ്പോഴാണ് മുൻപ് ഇതേ രീതിയിൽ പണം തട്ടിയ കേസിൽ അറസ്റ്റിലായ വാർത്ത ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പണം തിരികെ വേണമെന്നാവശ്യപ്പെട്ട് തട്ടിപ്പിനിരായായവർ രേഖ നിലവിൽ താമസിക്കുന്ന പ്രയാറിലെ വീട്ടിലെത്തി. പണം ഉടൻ തിരികെ നൽകാമെന്ന് രേഖ വാക്കു നൽകിയതിനെ തുടർന്ന് ഇവർ തിരികെ പോയി. എന്നാൽ പറഞ്ഞ ദിവസം കഴിഞ്ഞിട്ടും പണം കിട്ടാതായതോടെ വീണ്ടും ആളുകൾ ഇവരുടെ വീട്ടിലെത്തിയപ്പോൾ രേഖയും ഗോപാലകൃഷ്ണനും മുങ്ങിയതായി അറിഞ്ഞു. തുടർന്ന് ഇവർ ഓച്ചിറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ജോലിക്കായി പണവും സ്വർണ്ണാഭരണങ്ങളും നൽകിയാണ് വീട്ടമ്മമാർ കാത്തിരുന്നത്. മകനോ മകൾക്കോ ഒരു നല്ല ജോലി ലഭിക്കാനായിട്ടായിരുന്നു അവരുടെ കാത്തിരിപ്പ്. വീടുപണയപ്പെടുത്തിയും പണം പലിശയ്ക്ക് വാങ്ങിയുമായിരുന്നു രേഖയുടെ പക്കൽ പണം നൽകിയിരുന്നത്. ഇവർക്കെല്ലാം യു.എസ്.ടി ഗ്ലോബലിന്റെ ലെറ്റർ പാടിൽ ജോലിക്ക് തെരഞ്ഞെടുത്തു എന്ന് കാട്ടിയുള്ള കത്തും നൽകിയിരുന്നു. ഏകദേശം അൻപതിലധികം പേരുടെ പക്കൽ നിന്നുമാണ് രേഖയും പിതാവും പണം തട്ടിയെടുത്തതെന്നാണ് ലഭിക്കുന്ന വിവരം.
ശ്യാമള എന്ന വീട്ടമ്മ 21 ലക്ഷം രൂപയാണ് നൽകിയത്. സിയാദ് 10 ലക്ഷം, ഹയറുന്നിസ 7 ലക്ഷം, റജില 6 ലക്ഷവും 20പവൻ സ്വർണം, അഞ്ജന മൂന്നര ലക്ഷം, ആമിന 4 ലക്ഷം, ഫാത്തിമാ ബീവ് 6 ലക്ഷം, നെസ് ഷംനാദ് 3 ലക്ഷം, ശശികുമാർ 5 ലക്ഷം എന്നിങ്ങനെ പോകുന്നു പണം കൊടുത്തവർ. പണം തികയാതെ വന്നവരാണ് സ്വർണം കൂടി നൽകിയിരിക്കുന്നത്.
2018ലാണ് രേഖ സമാന സംഭവത്തിൽ ചാത്തന്നൂർ പൊലീസിന്റെ പിടിയിലാകുന്നത്. ടെക്നോപാർക്കിലെ വൻകിട കമ്പനിയിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്തു ചാത്തന്നൂർ ശീമാട്ടി സ്വദേശിയിൽ നിന്ന് അരലക്ഷം രൂപ തട്ടിയെടുത്ത കേസിലായിരുന്നു അറസ്റ്റ്. രേഖ താമസിച്ച സ്ഥലത്തു നടത്തിയ പരിശോധനയിൽ അൻപതോളം പേരുടെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകളും മറ്റും പിടിച്ചെടുത്തു. നിരവധി പേരെയാണ് രേഖ ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: രേഖ നേരത്തെ ടെക്നോപാർക്കിൽ ജോലി ചെയ്തിരുന്നു. ഇതിന്റെ മറവിലായിരുന്നു തട്ടിപ്പ്. വിശ്വാസ്യത ഉറപ്പിക്കാൻ കമ്പനിയുടേതെന്നു പറഞ്ഞു വ്യാജ തിരിച്ചറിയൽ കാർഡും ഇവർ കാണിച്ചിരുന്നു. ഡ്രൈവറായി നിയമിക്കുന്നതിനു കമ്പനിയുടെ രസീതു നൽകിയാണ് ചാത്തന്നൂർ സ്വദേശിയിൽ നിന്നു പണം വാങ്ങിയത്. ഇതിനു ശേഷം നിയമന ഉത്തരവു നൽകി. എന്നാൽ ഉദ്യോഗാർഥി കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പു മനസ്സിലായത്. ഓച്ചിറ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.