- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എഐഎഡിഎംകെ നേതാവിന്റെ മകന്റെ കാറിൽ നിന്ന് ഒരു കോടി രൂപ പിടികൂടി; തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം തമിഴ്നാട്ടിൽ പിടിച്ചെടുത്തത് അൻപത് കോടിയിൽപ്പരം രൂപ
ചെന്നൈ: തമിഴ്നാട്ടിൽ വോട്ടിനായി പാർട്ടികൾ പണം ഒഴുക്കുന്നുവെന്ന ആരോപണം നിലനിൽക്കെ അണ്ണാഡിഎംകെ എംഎൽഎയുടെ മകന്റെ കാറിൽ നിന്ന് ഒരു കോടി രൂപ പിടിച്ചു. തിരുച്ചിറപ്പള്ളിയിലെ മുസിരി എംഎൽഎ സെൽവരാശുവിന്റെ മകൻ രാമമൂർത്തിയുടെ കാറിൽ നിന്നാണ് പണം കണ്ടെടുത്തത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കണക്കിൽപ്പെടാത്ത അൻപത് കോടിയിൽപ്പരം രൂപയാണ് തമിഴ്നാട്ടിൽ നിന്ന് പിടിച്ചെടുത്തത്.
ബുധനാഴ്ച പുലർച്ചെ തിരുച്ചിറപ്പള്ളിയിലെ പൊട്ടവായ്ത്തലയിൽ വച്ചാണ് കണക്കിൽപ്പെടാത്ത ഒരു കോടി രൂപ പ്രത്യേക സംഘം പിടിച്ചെടുത്തത്. വാഹനപരിശോധനയ്ക്കിടെ കാറിനുള്ളിൽ ചാക്കിൽക്കെട്ടിയ നിലയിൽ പണം കണ്ടെത്തി. താലൂക്ക് ഓഫീൽ എത്തിച്ച് എണ്ണിനോക്കിയപ്പോഴാണ് ഒരു കോടി രൂപയുണ്ടെന്നറിഞ്ഞത്. മുസിരിയിലെ അണ്ണാഡിഎംകെ സ്ഥാനാർത്ഥിയും സിറ്റിങ് എംഎൽഎയുമായ ശെൽവരാശുന്റെ മകൻ രാമമൂർത്തിയുടെ കാറിൽ നാല് പേർ ഉണ്ടായിരുന്നു.
എംഎൽഎയുടെ ഡ്രൈവർ ജയശീലനും രണ്ട് അണ്ണാ ഡിഎംകെ ജില്ലാ കൗൺസിൽ അംഗങ്ങളും ഉൾപ്പെടെ നാല് പേരെയും കസ്റ്റഡിയിലെടുത്തു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. പണം മണ്ഡലത്തിലെ വോട്ടർമാർക്ക് വിതരണം ചെയ്യാൻ കൊണ്ടുപോകുകയായിരുന്നുവെന്നാണ് വിവരം. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുന്നു.
അണ്ണാ ഡിഎംകെയുടെ മുൻ മന്ത്രി നത്തം വിശ്വനാഥൻ വോട്ടിന് പണം നൽകിയെന്ന ആരോപണവും ഉയർന്നു. ഇതേത്തുടർന്ന് ഡിഎംകെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
ദക്ഷിണറെയിൽവേയിലെ പ്രബല തൊഴിലാളി യൂണിയനായ സതേൺ റെയിൽവേ മസ്ദൂർ യൂണിയൻ നേതാവ് കണ്ണയ്യയുടെ മകൻ പ്രകാശിന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ചില രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഡിഎംകെ സ്ഥാനാർത്ഥിക്ക് വേണ്ടി കണ്ണയ്യയും അനുയായികളും പ്രചാരണം നടത്തിയതാണ് റെയ്ഡിന് കാരണമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.