ജയ്പൂർ: തമിഴ്‌നാട്ടിലെ കൂനൂരിൽ ഡിസംബർ എട്ടിനുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സ്‌ക്വാഡ്രൺ ലീഡർ കുൽദീപ് സിങ്ങിന്റെ കുടുംബത്തിന് ഒരുകോടി രൂപ ധനസഹായം പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ. മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇക്കാര്യം അറിയിച്ചത്. അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിന്റെ സഹപൈലറ്റായിരുന്നു കുൽദീപ് സിങ്ങ്. രാജസ്ഥാനിലെ ജുൻജുവു ജില്ലയിലെ ഗദ്രാനാ സ്വദേശിയായിരുന്നു കുൽദീപ്.

അപകടത്തിൽ മരിച്ച ലാൻസ് നായിക് ജിതേന്ദ്ര കുമാറി ന്റെ കുടുംബത്തിന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഒരുകോടി രൂപ ധനസഹായം പ്രഖ്യാപിച്ചരുന്നു. കുമാറിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകുമെന്നും അദ്ദേഹത്തിന്റെ ജന്മഗ്രാമമായ ധമന്ദയിലെ സ്‌കൂളിന് അദ്ദേഹത്തിന്റെ പേര് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച ജിതേന്ദ്ര കുമാർജിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. നായിക് ജിതേന്ദ്ര കുമാർ മധ്യപ്രദേശിൽ ജനിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു. അദ്ദേഹം വളരെ ധീരനായ ഒരു സൈനികനായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം ഇപ്പോൾ എന്റെ കുടുംബമാണ്. കുടുംബത്തിന് ഞങ്ങൾ ഒരു കോടി രൂപ നൽകും, അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ജോലി നൽകും. ഗ്രാമത്തിലെ സ്‌കൂളിന് അദ്ദേഹത്തിന്റെ പേരിടും' അദ്ദേഹം ട്വീറ്റ് ചെയ്തു.

കുമാറിനെ അദ്ദേഹത്തിന്റെ ജന്മഗ്രാമമായ ധമന്ദയിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. അദ്ദേഹത്തിന്റെ ശവമഞ്ചം തോളിലേറ്റിയ മുഖ്യമന്ത്രി ചൗഹാൻ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകളിലും പങ്കെടുത്തു. ഈ മണ്ണിന്റെ മകനെന്നാണ് ജവാനെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം ഗ്രാമത്തിലെത്തിച്ചപ്പോൾ, വൻജനാവലി തന്നെ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ റോഡരികിൽ തടിച്ചുകൂടിയിരുന്നു. ധമന്ദ ഗ്രാമത്തിലെ മറ്റ് ബന്ധുക്കളും താമസക്കാരും വികാരനിർഭരമായ യാത്രയയപ്പ് നൽകിയപ്പോൾ ജിതേന്ദ്ര കുമാറിന്റെ ഒന്നര വയസ്സുള്ള മകൻ അമ്മാവന്റെ മടിയിൽ ഇരുന്ന് അന്ത്യകർമങ്ങൾ നടത്തി.

ഗ്രാമത്തിലെ സ്‌കൂൾ ഇനി മുതൽ 'അമർ ഷഹീദ് ജിതേന്ദ്ര കുമാർ വിദ്യാലയ' എന്ന പേരിലാകും അറിയപ്പെടുക. അതിനൊപ്പം ഗ്രാമത്തിൽ സൈനികന്റെ ഒരു സ്മാരകവും നിർമ്മിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. മരണപ്പെട്ട സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തിന്റെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറായിരുന്നു ജിതേന്ദ്ര കുമാർ. ജിതേന്ദ്ര കുമാറിന്റെ മരണം കുടുംബത്തിന് തീരാനഷ്ടമായി. പുതുതായി പണിത വീടിന്റെ ഹാളിൽ ഇരുന്നുകൊണ്ട്, അദ്ദേഹത്തിന്റെ അച്ഛൻ ശിവരാജ് വർമ്മ പറഞ്ഞു, 'അടുത്ത തവണ അവധിക്ക് വീട്ടിൽ വരുമ്പോൾ എന്നെ ഒരു നീണ്ട യാത്രയ്ക്ക് കൊണ്ടുപോകാമെന്ന് അവൻ പറഞ്ഞിരുന്നു.'

ഒരു കർഷകനായ അദ്ദേഹം ദിവസം 100 രൂപയ്ക്ക് കൂലിപ്പണിയെടുത്താണ് മകനെ പഠിപ്പിച്ചത്. 2011 -ൽ മകനെ സേനയിലേക്ക് തെരഞ്ഞെടുത്തത് അദ്ദേഹത്തിന് വല്ലാത്ത ആശ്വാസമായി. ഒരു സൈനികന്റെ അച്ഛനായിട്ടുകൂടി ശിവരാജ് ഇതുവരെ എങ്ങും യാത്ര പോയിട്ടില്ല. ആകെ അദ്ദേഹം യാത്ര ചെയ്തിട്ടുള്ളത് ഭോപ്പാലിലേക്കാണ് അതും മകനെ കൊണ്ടാക്കാൻ. അതുകൊണ്ട് തന്നെ അടുത്ത തവണ അവധിക്ക് നാട്ടിലെത്തിയപ്പോൾ മാതാപിതാക്കളെ വൈഷ്‌ണോദേവിയിലേക്ക് കൊണ്ടുപോകാൻ ജിതേന്ദ്ര പദ്ധതിയിട്ടിരുന്നു. എന്നാൽ ആരെയും കൂടെകൂട്ടാതെ അദ്ദേഹം തനിച്ച് യാത്ര തിരിച്ചു, ഒരിക്കലും മടങ്ങിവരാത്ത ഒരു യാത്ര.

ഹെലികോപ്റ്റർ അപകടത്തിൽ സംയുക്തസൈനിക മേധാവി ബിപിൻ റാവത്ത്, ഭാര്യ മധുലിഖ, സ്‌ക്വാഡ്രൺ ലീഡർ കുൽദീപ് സിങ്ങ് ഉൾപ്പടെ 13 പേർ മരിച്ചിരുന്നു. ബിപിൻ റാവത്തിനും ഭാര്യയ്ക്കും കുൽദീപിനും പുറമെ ബ്രിഗേഡിയർ എൽഎസ് ലിഡർ, ലഫ്റ്റനന്റ് കേണൽ എച്ച് സിങ്, വിങ് കമാൻഡർ പിഎസ് ചൗഹാൻ, ജെഡബ്ല്യുഒ ദാസ്, ജെഡബ്ല്യുഒ പ്രദീപ് എ, ഹവിൽദാർ സത്പാൽ, നായിക് ഗുർസേവക് സിങ്, നായിക് ജിതേന്ദർ, ലാൻസ് നായിക് വിവേക്, എൽ. എസ് തേജ എന്നിവർക്കും ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ നഷ്ടമായത്.