തൂത്തുക്കുടി: തമിഴ്‌നാട്ടിൽ ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നുവീണ് വയോധിക മരിച്ചു. തൂത്തുക്കുടി തിരുച്ചെണ്ടൂർ ക്ഷേത്രത്തിൽ ഉണ്ടായ അപകടത്തിൽ മരിച്ചത് തമിഴ്‌നാട് സ്വദേശിയായ പീച്ചിയമ്മാൽ (55). ഇന്നലെ വെളുപ്പിനാണ് അപകടം ഉണ്ടായത്. തകർന്ന് വീണ മേൽക്കൂരയുടെ അടിയിൽപ്പെട്ട പീച്ചിയമ്മാൾ തത്ക്ഷണം മരിച്ചു. പരിക്കേറ്റ രണ്ട് പേരെ തിരുചെങ്കോട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശബരിമല ഭക്തരടക്കം പ്രതിദിനം 5000ത്തോളം ഭക്തർ സന്ദർശിക്കുന്ന ക്ഷേത്രമാണ് ഇത്. ക്ഷേത്രം അപകടാവസ്ഥയിലാണെന്ന് പിഡബ്ലുഡി വകുപ്പിനെ അറിയിച്ചിരുന്നതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. എന്നാൽ സർക്കാർ വകുപ്പിൽ നിന്ന് അനുകൂലമായ മറുപടി ലഭിച്ചില്ല. 45 വർഷം മുൻപ് ക്ഷേത്രം നിർമ്മിക്കപ്പെട്ടതിന് ശേഷം ഇതുവരെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല.

കെട്ടിടം തകർന്നു വീണ സംഭവത്തിൽ തൂത്തുക്കുടി ജില്ലാ കളക്ടർ എൻ. വെങ്കിടേഷ് അന്വേഷണം പ്രഖ്യാപിച്ചു. പൊലീസ്, പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സമിതി രൂപീകരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി. 40-45 വർഷം പഴക്കമുള്ള എല്ലാ കെട്ടിടങ്ങളും പരിശോധിക്കുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.