- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് ആദ്യമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു; കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാനങ്ങൾ; ഇപ്പോഴത്തേത് സാമൂഹിക വ്യാപനം; മൈക്രോ ലോക്ഡൗണും യാത്രാ നിയന്ത്രണങ്ങളും വേണ്ടി വരുമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ കണക്കുകൾ അതിവേഗം ഉയരുന്നു. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി ഒരുലക്ഷം കടന്നു. ഇതോടെ സ്ഥിതിഗതികൾ അതീവ ആശങ്കജനകമായി മാറിയിരിക്കയാണ്. ഇന്നലെ മാത്രം 1,03,559 പേർക്കാണ് ഇന്ത്യയിൽ രോഗം റിപ്പോർട്ട് ചെയ്തത്. 478 പേർ കോവിഡ് ബാധിച്ച് മരിച്ചു. പകുതിയിലേറെ രോഗികളും മഹാരാഷ്ട്രയിലാണ്. രാജ്യത്ത് ഇതിനു മുമ്പ് ഏറ്റവും ഉയർന്ന വർദ്ധന കഴിഞ്ഞ സെപ്റ്റംബർ പതിനേഴിനായിരുന്നു. അന്ന് 97,894 പേർക്കായിരുന്നു കോവിഡ് ബാധിച്ചത്. രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം പുരോഗമിക്കുമ്പോൾ തന്നെ കോവിഡ് കേസുകൾ കുത്തനെ കൂടുന്ന സാഹചര്യം കേന്ദ്ര-സംസ്ഥാനസർക്കാരുകൾക്കിടയിൽ വൻ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
മഹാരാഷ്ട്ര, കർണാടക, ചത്തീസ്ഗഢ്, ഡൽഹി, തമിഴ്‌നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്.ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ വ്യാപനമാണ് രാജ്യത്തെ പുതിയ കോവിഡ് തരംഗത്തിന് കാരണമെന്നാണ് വിലയിരുത്തൽ. കോവിഡ് കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
രാജസ്ഥാനിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയതോടൊപ്പം ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളും ജിംനേഷ്യം, മൾട്ടിപ്ലക്സ് എന്നിവ അടച്ചുപൂട്ടാനും തീരുമാനമായി. ഇന്ന് മുതൽ ഏപ്രിൽ 19വരെയാണ് നിയന്ത്രണം. പരിപാടികൾക്ക് ഒരുമിച്ച് കൂടുന്ന ആളുകളുടെ എണ്ണം നൂറാക്കി നിജപ്പെടുത്തി. അവസാന വർഷ വിദ്യാർത്ഥികൾ ഒഴികെയുള്ള കോളേജ് വിദ്യാർത്ഥികളുടെ ക്ലാസും നിർത്തി. മുൻകൂർ അനുമതിയോടെ പ്രാക്ടിക്കൽ പരീക്ഷകൾ നടത്താം.
രോഗവ്യാപനം തടയാൻ പ്രാദേശിക അടച്ചിടൽ (മൈക്രോ ലോക്ഡൗൺ), യാത്രാ നിയന്ത്രണം പോലുള്ള കടുത്ത നടപടികൾ വേണ്ടിവരുമെന്ന് ഡൽഹി എയിംസ് ആശുപത്രി ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ അറിയിച്ചു. രോഗവ്യാപനം പുതിയ തന്ത്രം ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്നത് സാമൂഹിക രോഗവ്യാപനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രോഗവ്യാപനത്തിന് തടയിടാൻ തീവ്രയത്‌നം ആവശ്യമായുണ്ട്. കണ്ടെയന്മെന്റ് മേഖല, ലോക്ഡൗൺ പോലുള്ള നടപടികളിലേക്ക് നീങ്ങേണ്ടിവരും. കോവിഡ് രോഗവ്യാപനത്തിന് കടിഞ്ഞാൺ ഇടാനായില്ലെങ്കിൽ ചികിത്സാമേഖലയിൽ വീർപ്പുമുട്ടലുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിന്റെ കോവിഡ് പ്രതിരോധ സംഘത്തിലെ പ്രധാന അംഗമാണ് ഡോ. രൺദീപ് ഗുലേറിയ.
കഴിഞ്ഞ സെപ്റ്റംബർ 16 ന് 97,894 പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തതായിരുന്നു ഏറ്റവും ഉയർന്ന കണക്ക്. ഇതാണ് മറികടന്നത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 1,25,89,067 ആയി ഉയർന്നു. കോവിഡിന്റെ രണ്ടാം തരംഗത്തിൽ മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്‌ഗഡ് അടക്കമുള്ള സംസ്ഥാനങ്ങളിൽ രോഗവ്യാപനം അതിരൂക്ഷമാകുകയാണ്.
നിലവിൽ 7,41,830 പേരാണ് രാജ്യത്ത് ചികിൽസയിലുള്ളത്. ഇന്നലെ 52,847 പേരാണ് രോഗമുക്തി നേടിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,16,82,136 ആയി. മഹാരാഷ്ട്ര, കർണാടക, ഛത്തീസ്‌ഗഢ്, ഡൽഹി, തമിഴ്‌നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് ആശങ്കയുണർത്തും വിധം കേസുകൾ വർധിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ