- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിവാഹച്ചടങ്ങിന് പോയി വരുമ്പോളും അവരുണ്ടായിരുന്നു; ഒരേ പോലെ വസ്ത്രം ധരിച്ച ചെറുപ്പക്കാർ; ഓടടാ ഓടടാ എന്നുപറഞ്ഞ് ഓടി; റോഡിൽ തലയില്ലാത്ത മൃതദേഹം; ഭീകരമായിരുന്നു ആ കാഴ്ച; പ്രദേശവാസി പറയുന്നത് ഇങ്ങനെ
കണ്ണൂർ: തോട്ടടയിൽ ബോംബ് തലയിൽ വീണ് പൊട്ടി ഒരു യുവാവ് കൊല്ലപ്പെടാനിടയായ സംഭവത്തിലേക്ക് നയിച്ചത് തലേദിവസം കല്ല്യാണ വീട്ടിലുണ്ടായ തർക്കങ്ങളെന്ന് പ്രദേശവാസിയുടെ വെളിപ്പെടുത്തൽ. ശനിയാഴ്ച രാത്രി തോട്ടടയിലെ കല്ല്യാണവീട്ടിൽ പാട്ട് വെയ്ക്കുന്നതിനെച്ചൊല്ലി യുവാക്കൾ പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ പകയാണ് ബോംബ് കൊണ്ടുവന്ന് ആക്രമിക്കുന്നതിലേക്ക് നീങ്ങിയതെന്നാണ് സംശയിക്കുന്നത്.
''ഏച്ചൂരിൽനിന്ന് വന്ന സംഘവും മറ്റൊരു സംഘവും കഴിഞ്ഞദിവസം രാത്രി വിവാഹവീട്ടിൽവെച്ച് തർക്കമുണ്ടായി. പാട്ട് വെയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ഒരുകൂട്ടർ പാട്ട് വെക്കരുതെന്ന് പറഞ്ഞപ്പോൾ മറ്റൊരു കൂട്ടർ പാട്ട് വെയ്ക്കുമെന്ന് പറഞ്ഞു. പാട്ട് വെച്ചതോടെ ഇവർ തമ്മിൽ കൈയാങ്കളിയും അടിയും നടന്നു. അന്നേരം അവിടെയുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് ഇവരെ പിടിച്ചുമാറ്റി. ആ പ്രശ്നമൊക്കെ അപ്പോൾ ഒതുക്കിയതാണ്. പിന്നീട് ആരും ഒന്നും പ്രതീക്ഷിച്ചിരുന്നില്ല'' സംഭവത്തെക്കുറിച്ച് പ്രദേശവാസിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ രവി ഒരു ന്യൂസ് ചാനലിനോട് പ്രതികരിച്ചു.
'ഇന്ന് രാവിലെ ഇവർ ഒരു ഗ്യാങ്ങായി ഒരേ ഡ്രസിൽ കല്ല്യാണവീട്ടിൽ വന്നിരുന്നു. അത് ഞങ്ങളെല്ലാം കണ്ടതാണ്. വിവാഹച്ചടങ്ങിന് പോയി തിരിച്ചുവരുമ്പോളും അവരുണ്ടായിരുന്നു. ഞാൻ ചെറുക്കന്റെ അച്ഛന്റെ കൂടെ നേരത്തെ പോന്നു. പിന്നീട് ചൊവ്വയ്ക്ക് പോയി ഇവിടേക്ക് വരുമ്പോഴാണ് ഒരേ പോലെ വസ്ത്രം ധരിച്ച ചെറുപ്പക്കാർ ഓടുന്നത് കണ്ടത്. ഓടടാ ഓടടാ എന്നുപറഞ്ഞ് ഒച്ചവെച്ചുകൊണ്ടാണ് അവർ ഓടിയിരുന്നത്. റോഡിൽ ഒരു വണ്ടിയുണ്ടായിരുന്നു. എടുക്കെടാ വണ്ടി എന്ന് പറഞ്ഞ് ഇവരെല്ലാം ആ വണ്ടിയിൽ കയറി. ഒരു വെളുത്ത നിറത്തിലുള്ള ട്രാവലർ ആയിരുന്നു. 18-ഓളം പേരുണ്ടായിരുന്നു അവർ. പെട്ടെന്ന് തന്നെ അവർ വണ്ടി എങ്ങനെയൊക്കെയോ തിരിച്ച് വേഗം രക്ഷപ്പെട്ടു'.
അത് കഴിഞ്ഞ് ഞാൻ റോഡിലെത്തിയപ്പോൾ രണ്ടാളുകൾ കാറിലിരുന്ന് കരയുന്നതും ഒരാളെ അതിൽ കൊണ്ടുപോകുന്നതുമാണ് കണ്ടത്. എന്താ സംഭവമെന്ന് ചോദിച്ചപ്പോൾ ബോംബേറാണെന്ന് പറഞ്ഞു. അപ്പോൾ കാർ വേഗം വിട്ടു. ആസമയം വന്ന ബൈക്കിൽ കയറി കല്ല്യാണവീടിന് സമീപത്തേക്ക് വന്നു. അപ്പോഴാണ് തലയില്ലാത്ത നിലയിൽ റോഡിൽ മൃതദേഹം കാണുന്നത്. ഭീകരമായിരുന്നു ആ കാഴ്ച. എല്ലാവരും അപ്പുറത്തും ഇപ്പുറത്തും നോക്കിനിൽക്കുന്നു എന്നല്ലാതെ ആരും ഇടപെടുന്നില്ല. ഞാൻ ഉടനെ പൊലീസ് സ്റ്റേഷനിൽ വിളിച്ച് കാര്യം പറഞ്ഞു.
ഉച്ചയ്ക്ക് 2.20-ഓടെയായിരുന്നു ഈ സംഭവമെല്ലാം. നീല പോലുള്ള ഷർട്ടും മുണ്ടും ആയിരുന്നു എല്ലാവരും ധരിച്ചിരുന്നത്. ആ കാഴ്ച ഭീകരമായിരുന്നു. തലയില്ലാത്ത നിലയിലായിരുന്നു മൃതദേഹം. തലയുടെ ഭാഗമൊക്കെ ദൂരേക്ക് തെറിച്ചിരുന്നു. പിന്നെ ഞാൻ അങ്ങോട്ടേക്ക് നോക്കിയിട്ടില്ല'', കൺമുന്നിൽ കണ്ട ദൃശ്യങ്ങളുടെ ഭീതി വിട്ടുമാറാതെ രവി പറയുന്നു.
ബാംബേറിൽ കൊല്ലപ്പെട്ട ചക്കരക്കൽ ഏച്ചൂർ സ്വദേശി ജിഷ്ണുവിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. നിർമ്മാണ തൊഴിലാളിയായ ജിഷ്ണുവിന്റെ തലയ്ക്കാണ് ബോബ് വീണത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, സംഭവ സ്ഥലത്ത് സിപിഎം - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായി. പൊലീസ് സ്ഥലത്തുണ്ടായിരിക്കെയാണ് ഇരുവിഭാഗവും തമ്മിൽ തർക്കം ഉടലെടുത്തത്.
പൊലീസ് എത്താൻ വൈകിയെന്ന് കോൺഗ്രസുകാർ ആരോപിച്ചതാണ് പാർട്ടി പ്രവർത്തകർ തമ്മിലുള്ള തർക്കത്തിന് കാരണം. ഇരു കൂട്ടരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കോൺഗ്രസ് അനാവശ്യമായി പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് സിപിഎം പ്രവർത്തകർ ഇതിനെതിരെ രംഗത്ത് വന്നത്. തുടർന്ന് ഇരുഭാഗത്തുമായി പ്രവർത്തകർ ഉന്തും തള്ളുമുണ്ടായി. സ്ഥലത്തുണ്ടായിരുന്ന പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കി.
മറുനാടന് മലയാളി ബ്യൂറോ