മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ വെടിവയ്പുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിലായി. ചികിത്സയിൽ കഴിഞ്ഞിരുന്ന അജികുമാറാണ് അറസ്റ്റിലായത്. അഗ്നിരക്ഷാസേന ജീവനക്കാരനാണ് അറസ്റ്റിലായ അജികുമാർ.

വിമാനത്താവളത്തിലുണ്ടായ സംഘർഷത്തിൽ സിഐഎസ്എഫ് ഇൻസ്‌പെക്ടർ സീതാറാം ചൗധരിയുടെ തോക്കിൽ നിന്നു വെടിയുതിർത്തതിന്റെ തെളിവ് അന്വേഷണസംഘത്തിനു ശേഖരിക്കാനായിരുന്നില്ല. മൂന്നു റൗണ്ട് നിറയൊഴിച്ചു എന്നതാണ് തെളിയിക്കാനാകാത്തത്.

സീതാറാമിന്റെ കൈവശമുണ്ടായിരുന്ന 30 തിരകളിൽ 28 എണ്ണം കണ്ടെത്താനായി. പൊലീസിനു തെളിവു ലഭിച്ചത് ഒരു റൗണ്ട് നിറയൊഴിച്ചതിനു മാത്രം. രണ്ട് റൗണ്ട് നിറയൊഴിച്ചു എന്ന് അനുമാനിക്കുന്നു.

ജവാനു വെടിയേറ്റ ശേഷം ചൗധരി രണ്ട് റൗണ്ട് വെടിയുതിർത്തതായാണ് പൊലീസിന്റെ നിഗമനം. ഒന്നിലേറെതവണ വെടിയുതിർക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്. തെളിവു ലഭിച്ചില്ലെങ്കിൽ സീതാറാമിനെതിരായ കേസിനെയും ബാധിക്കും. മറ്റാരെങ്കിലും തോക്കിൽ കൈവച്ചിരുന്നോയെന്നു കണ്ടെത്താൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള വിദഗ്ധ പരിശോധനയും നടത്തും. ഡിവൈഎസ്‌പി ഷറഫുദ്ദീന്റെ നേതൃത്വത്തിൽ കൊലപാതകക്കേസ് അന്വേഷിക്കുന്ന സംഘമാണ് പരിശോധനയ്ക്കു നേതൃത്വം നൽകുന്നത്.

അതിനിടെയാണ് കേസിൽ ഇന്ന് ഒരാൾ കൂടി അറസ്റ്റിലായത്. പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തിന് സിഐഎസ്എഫ് എഡിജിപി പാച്ച് നന്ദ സഹായം വാഗ്ദാനം ചെയ്തതോടെയാണ് അറസ്റ്റ് വേഗത്തിലായത്. ഇന്നലെ നാല് സിഐഎസ്എഫ് ജവാന്മാരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഈ സംഭവത്തിൽ നാല് അഗ്‌നിശമനസേനാ ജീവനക്കാർ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇതുവരെ പത്ത് അഗ്‌നിശമനസേനാ ജീവനക്കാർ അറസ്റ്റിലായിട്ടുണ്ട്. രണ്ടുപേർ ചികിൽസയിലാണ്. ബാക്കിയുള്ള മൂന്നുപേരെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യും.

നേരത്തെ പൊലീസ് അറസ്റ്റ് ചെയ്യാൻ ചെന്നപ്പോൾ സിഐഎസ്എഫ് ജവാന്മാർ ബാരക്കിൽ ഒളിച്ചു. അക്രമത്തിനു നേതൃത്വം നൽകിയ നാലു ഭടന്മാരെ പിന്നീട് അന്വേഷണസംഘം അറസ്റ്റ് ചെയ്തത് വിമാനത്താവളത്തിൽ ജോലി ചെയ്യുന്നതിനിടെ. അക്രമത്തിൽ പങ്കെടുത്ത 20 ഭടന്മാരുടെ പ്രതിപ്പട്ടികയും തിരിച്ചറിയൽ പരേഡ് നടത്തി ഡിവൈഎസ്‌പി എസ്. അഭിലാഷിന്റെ നേതൃത്വത്തിൽ തയാറാക്കി. വിമാനത്താവളത്തിലെ പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസാണ് അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷിക്കുന്നത്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ നാലു ഭടന്മാരെ പിടികൂടാനാണു കഴിഞ്ഞദിവസം പൊലീസ് വിമാനത്താവളത്തിനു സമീപത്തെ സിഐഎസ്എഫ് ബാരക്കിലെത്തിയത്. എന്നാൽ, പൊലീസിനെ കണ്ടതോടെ ജവാന്മാർ ഓടിയൊളിച്ചു. ബലപ്രയോഗത്തിനു മുതിർന്നു രംഗം വഷളാക്കേണ്ടെന്നു കരുതി പൊലീസ് തിരിച്ചുപോന്നു. എന്നാൽ, ഇന്നലെ രാവിലെ പൊലീസ് പട്ടികയിലുണ്ടായിരുന്ന നാലുപേർ ജോലിക്കെത്തി.

ജോലിക്കിടെയാണു യൂണിഫോമിൽ ജവാന്മാരെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട്, ഇവരുടെ സഹായത്തോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അക്രമത്തിൽ പങ്കെടുത്ത മറ്റുള്ളവരുടെ പേരുവിവരങ്ങൾ ശേഖരിച്ചത്. ഇരുപതോളം സിഐഎസ്എഫുകാരുടെ പേരുകൾ പൊലീസിനു കിട്ടിയിട്ടുണ്ട്.