പത്തനംതിട്ട: ജി സുധാകരൻ പൊതുമരാമത്തു മന്ത്രി ആയതിനു പിന്നാലെ ആരംഭിച്ച അഴിമതി വിരുദ്ധ പോരാട്ടം ചെറുകിട കരാറുകാരുടെ കുടുംബം കുളം തോണ്ടുന്നു. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി മന്ത്രി നിലപാടു കർശനമാക്കിയതോടെ കൈക്കൂലിവാങ്ങിയ ഉദ്യോഗസ്ഥർ ചെറുകിട കരാറുകാരുടെ ബിൽ പാസാക്കാൻ തയാറാകുന്നില്ല. ബിൽ മാറി നൽകാത്തതിനാൽ കടം കയറിയ ഒരു കരാറുകാരൻ കൂടി കഴിഞ്ഞ ദിവസം ജീവനൊടുക്കി. പിറവന്തൂർ കറവൂർ കൊട്ടിമാനൂർ വീട്ടിൽ സന്തോഷ് കുമാറി(47)നെയാണു മുറ്റത്തെ കിണറിന്റെ പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ ഉൾപ്പെടുത്തിയുള്ള കറവൂർ പള്ളി സെമിത്തേരി റോഡിന്റെ നിർമ്മാണം പൂർത്തിയായിട്ടും ബിൽ മാറി നൽകാതായതോടെ കടം വർധിച്ചതാണ് ആത്മഹത്യയ്ക്കു കാരണമെന്നു ബന്ധുക്കൾ പറഞ്ഞു. എട്ടു ലക്ഷം രൂപയാണു ലഭിക്കാനുണ്ടായിരുന്നത്.

ബിൽ മാറി തുക ലഭിക്കാഞ്ഞതിനെ തുടർന്നു കഴിഞ്ഞ 15നു തെന്മല മറ്റത്തിൽ അഗസ്റ്റിൻ (ബിനോയി 43) ജീവനൊടുക്കിയിരുന്നു. വനം, ജലസേചന വകുപ്പുകളിൽ നിന്നു 44 ലക്ഷം, 15 ലക്ഷം രൂപ എന്നിങ്ങനെയായിരുന്നു അഗസ്റ്റിനു ലഭിക്കാനുണ്ടായിരുന്നത്.

ബിൽ മാറി നൽകണമെന്ന് ആവശ്യപ്പെട്ട് അഞ്ചു മാസമായി സന്തോഷ് കയറിയിറങ്ങാത്ത ഓഫിസുകളില്ല. പണം നൽകുന്നതിനു തടസ്സമായി ഉദ്യോഗസ്ഥർ പറഞ്ഞിരുന്ന വാദങ്ങളിൽ കഴമ്പില്ലെന്നു കാട്ടി ബ്ലോക്ക് പഞ്ചായത്ത് അധികൃതർക്കും ഉന്നത ഉദ്യോഗസ്ഥർക്കും ഒട്ടേറെ തവണ പരാതികളും നൽകിയിരുന്നു.

സന്തോഷ് പ്രതിഷേധം ശക്തമാക്കിയതോടെ റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി അസി.എൻജിനീയർ ഉന്നത ഉദ്യോഗസ്ഥർക്കു കത്തു നൽകി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. ഒട്ടേറെപ്പേരിൽ നിന്നു കടം വാങ്ങിയ പണം ഉപയോഗിച്ചാണു റോഡ് നിർമ്മിച്ചതെന്നും ഇതു മടക്കി നൽകേണ്ട കാലാവധി കഴിഞ്ഞതോടെ പണം നൽകിയവർ ചോദിച്ചുതുടങ്ങിയതിന്റെ നിരാശയാണ് ആത്മഹത്യയ്ക്കു കാരണമെന്നും ബന്ധുക്കൾ പറയുന്നു.

ബ്ലോക്ക് അസി.എൻജിനീയർക്കു സന്തോഷ് നൽകിയ പരാതിയിൽ ഉദ്യോഗസ്ഥർക്കു ബെനാമി വർക്ക് ചെയ്തു നൽകാത്തതിലെ പിണക്കമാണു പണം നൽകുന്നതിനു തടസമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ശശികല ആണ് സന്തോഷ് കുമാറിന്റെ ഭാര്യ. മകൻ: സന്ദീപ്.