കൊച്ചി: തൃപ്പൂണിത്തുറ കണ്ടനാട് പ്രവർത്തിക്കുന്ന ശിവശക്തി യോഗ സെന്ററിലെ പീഡനങ്ങളെ കുറിച്ചുള്ള പരാതികൾ ഒറ്റപ്പെട്ടതല്ലെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത് വന്നു.
യോഗ സെന്ററിനെതിരെ വെളിപ്പെടുത്തലുമായി മറ്റൊരു പെൺകുട്ടി കൂടി ഹൈക്കോടതിയിൽ പരാതി നൽകി. ഘർവാപ്പസിക്കായി പ്രവർത്തിക്കുന്നുവെന്ന് ആരോപണമുയർന്ന യോഗ സെന്ററിൽ അന്തേവാസികളായ പെൺകുട്ടികളെ നിർബന്ധിത ഗർഭപരിശോധന നടത്തിയെന്ന് ഹൈക്കോടതി ജഡ്ജിമാർക്ക് മുൻപിൽ പെൺകുട്ടി നൽകിയ മൊഴിൽ പറയുന്നു.

വൻ പീഡനമുറകളാണ് യോഗകേന്ദ്രത്തിൽ നടക്കാറുള്ളതെന്ന് പെൺകുട്ടി കോടതിയിൽ വെളിപ്പെടുത്തി. മുസ്‌ലിം യുവാവുമായി പ്രണയത്തിലായിരുന്ന യുവതിയെ മാതാപിതാക്കളാണ് ധർമ്മം പഠിപ്പിക്കാനെന്ന പേരിൽ യോഗ കേന്ദ്രത്തിലെത്തിച്ചത്. യുവാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയുടെ അടിസ്ഥാനത്തിൽ കോടതിക്ക് മുൻപിലെത്തിയപ്പോഴാണ് യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

ക്രൂരമായ പീഡനമുറകൾ സെന്ററിൽ നടക്കാറുണ്ടെന്നാണ് മൊഴിയിൽ പറയുന്നത്. അതിരാവിലെ മുഖത്ത് വെള്ളം തെളിച്ച് എഴുന്നേൽപ്പിക്കും. ചോദ്യം ചെയ്താൽ പിന്നെ പീഡനമാണ്. തന്റെ വയറിന ്ചവിട്ടിയെന്നും വായിൽ തുണി തിരുകിയ ശേഷംമർദ്ദിച്ചെന്നും പെൺകുട്ടി പറയുന്നു. അന്തേവാസികളായ പെൺകുട്ടികളെ നിർബന്ധിത ഗർഭപരിശോധന നടത്തിയെന്നും പെൺകുട്ടി വെളിപ്പെടുത്തുന്നു.

പെൺകുട്ടി ആദ്യം തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസിൽ നൽകിയ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന് ആക്ഷേപമുണ്ട്. പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

മതം മാറ്റത്തിനുള്ള നിർബന്ധിത ഇടപെടലാണ് ഇവിടെ നടക്കുന്നതെന്ന് നേരത്തെ തൃശൂർ പുന്നംപറമ്പ് മച്ചാട് ചെമ്പിത്താനത്ത് വീട്ടിൽ സിഐ റിൻേറായുടെ ഭാര്യ ഡോ. ശ്വേത ഹരിദാസ് ഹിൽപാലസ് പൊലീസിൽ പരാതി നൽകിയതോടെയാണ് സെന്റർ വിവാദത്തിൽ പെട്ടത്. വീട്ടുകാർക്കൊപ്പമുള്ള ഭാര്യയെ വിട്ടു കിട്ടാൻ ഭർത്താവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയും നൽകി. ഈ ഹർജിക്കിടെയാണ് കോടതി സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്.

മറ്റ് 65 പെൺകുട്ടികളെ കൂടി സ്ഥാപനത്തിൽ അന്യായമായി തടങ്കലിൽ പാർപ്പിച്ചിട്ടുണ്ടെന്നും പലരും ലൈംഗിക പീഡനത്തിന് ഇരകളാകുന്നുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. ഈ പാരാതികളിലാണ് അന്വേഷണം പുരോഗമിക്കുന്നത്. റിൻേറായുമായുള്ള വിവാഹത്തെ ശക്തമായി എതിർത്ത ശ്വേതയുടെ വീട്ടുകാർ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചു. എന്നാൽ, ശ്വേത ഇതിനെതിരെ കണ്ണൂർ കുടുംബക്കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചു. തുടർന്ന്, വീട്ടുകാർ തന്ത്രപരമായി ശ്വേതയെ മൂവാറ്റുപുഴ ആവോലിയിലുള്ള സഹോദരിയുടെ വീട്ടിലെത്തിച്ചു.

യോഗ പഠിക്കുന്ന സഹോദരിക്കൊപ്പം പോകണമെന്ന് സഹോദരി ഭർത്താവ് മനു ആവശ്യപ്പെട്ടതനുസരിച്ചാണ് ശ്വേത സ്ഥാപനത്തിലെത്തിയത്. മനോജ് ഗുരുജി എന്നയാളാണ് ഇതിന്റെ നടത്തിപ്പുകാരൻ. ഇവിടെ 22 ദിവസം മനോജിന്റെയും ഹൈക്കോടതി അഭിഭാഷകനെന്ന് പരിചയപ്പെടുത്തിയ ശ്രീജേഷിന്റെയും കൗൺസിലർമാരായ സ്മിത, ലക്ഷ്മി, സുജിത് എന്നിവരുടെയും ക്രൂരതക്ക് ഇരയാകേണ്ടിവന്നു. മൊബൈൽ ഫോണും മറ്റു സാധനങ്ങളും വാങ്ങിവെച്ചശേഷം ഇവർ ശ്വേതയെ കൈകാലുകളും വായും തുണികൊണ്ട് കെട്ടി നിരന്തരം മർദിച്ചു. ക്രിസ്ത്യാനിയെ വിവാഹംചെയ്താൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തി. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വസ്ത്രം വലിച്ചുകീറി. ഇസ്ലാം, ക്രിസ്ത്യൻ മതങ്ങളോട് വിദ്വേഷം വളർത്തുന്ന ക്ലാസുകളാണ് അവിടെ നടത്തുന്നത്. റിൻേറാക്കൊപ്പം പോയാൽ കൊന്നുകളയുമെന്ന് മനോജ് ഗുരുജി ഇടക്കിടെ ഭീഷണിപ്പെടുത്തി.

മാതാപിതാക്കൾ പറയുന്നതനുസരിച്ച് ഹിന്ദുവിനെ വിവാഹം കഴിക്കണമെന്നായിരുന്നു നിർദ്ദേശം. നിലം തുടക്കലും പാചകവുമടക്കം വീട്ടുവേലക്കാരിയുടെ ജോലികളാണ് ശ്വേതയെക്കൊണ്ട് ചെയ്യിച്ചിരുന്നത്.ഒറ്റയ്ക്ക് കൗൺലിങ്ങിന് വിധേയമാക്കിയപ്പോഴെല്ലാം ഭീഷണിയായിരുന്നു. അന്യമതക്കാരനായ ഭർത്താവിനെ കൊല്ലുമെന്നും ഭർത്താവിന്റെ രഹസ്യ വീഡിയോകൾ എടുത്ത് തന്നെ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. എതിർത്തപ്പോൾ തന്നെ കെട്ടിയിട്ട് മർദ്ദിച്ചു. ഓടാൻ ശ്രമിച്ചപ്പോൾ വാതിൽ അടച്ച് പൂട്ടി.
ദുരിതം സഹിക്കാനാകാതെ, വീട്ടുകാർ പറയുന്നതെല്ലാം അനുസരിക്കാമെന്ന് സമ്മതിച്ച് 22 ദിവസത്തിനുശേഷം പുറത്തിറങ്ങിയ ശ്വേത മൂവാറ്റുപുഴയിലെ സഹോദരിയുടെ വീട്ടിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് പരാതി പുറം ലോകത്ത് എത്തുന്നത്.