കോഴിക്കോട്: അഫ്ഗാനിസ്താനിലെ ഭീകര കേന്ദ്രമായ നംഗഹാറിൽ അമേരിക്കൻ സൈന്യം നടത്തിയ ഭീമൻ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളികളെന്നു റിപ്പോർട്ട്. ഇന്നലെ രാത്രി അഫ്ഗാൻസമയം രാത്രി ഏഴരയോടെയാണ് ലോകത്തെ ഏറ്റവും വലിയ ആണവേതര ബോംബ് അമേരിക്ക നംഗഹാറിൽ പ്രഹരിച്ചത്.

36 ഐഎസ് തീവ്രവാദികൾ ബോംബ് പ്രഹരത്തിൽ മരിച്ചെന്നാണു കരുതുന്നത്. ഇവരിൽ കഴിഞ്ഞ രണ്ടു വർഷങ്ങൾക്കുള്ളിൽ കേരളത്തിൽനിന്നു പോയവരും ഉണ്ടെന്നാണു വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. ഇരുപത്തിരണ്ടുപേരാണ് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽനിന്ന് ഐഎസിൽ ചേർന്നത്.

അതേസമയം, കേരളത്തിൽ നിന്നും ഐസിസിൽ ചേർന്ന മറ്റൊരു യുവാവ് കൂടി മരിച്ചതായി ബന്ധുക്കൾക്ക് സന്ദേശം. കാസർകോട് പടന്ന വടക്കേപുറത്തെ ടി.കെ മുർശിദ് മുഹമ്മദ് (25) മരിച്ചതായാണ് വ്യാഴാഴ്ച ടെലഗ്രാം മെസഞ്ചർ വഴി വീട്ടുകാർക്ക് സന്ദേശം ലഭിച്ചത്. സ്ഥിരം സന്ദേശമെത്തിക്കാറുള്ള അശ്ഫാഖ് മജീദ് ആണ് മരണവാർത്ത ബന്ധുക്കളെ അറിയിച്ചത്.

നേരത്തെ തൃക്കരിപ്പൂർ സ്വദേശി ഹഫീസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിക്കുകയും ഇത് സ്ഥിരീകരിക്കപ്പെടുകയും ചെയ്തിരുന്നു. പടന്ന, തൃക്കരിപ്പൂർ അടക്കമുള്ള പ്രദേശങ്ങളിൽ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം 21 പേരെയാണ് 8 മാസം മുമ്പ് ദുരൂഹസാഹചര്യത്തിൽ കാണാതായത്.

യുഎഇയിൽ നിന്നായിരുന്നു മുർശിദ് ഐസിസിൽ എത്തിയത്. അവിവാഹിതനായിരുന്ന മുർശിദ് അഫ്ഗാനിലെ ഐസിസ് ക്യാമ്പിലെത്തിയ ശേഷം ഒരു യുവതിയെ വിവാഹം കഴിച്ചിരുന്നു. ക്യാമ്പിൽ ട്രക്കുകളുടെ ഡ്രൈവിംങ് ജോലിയായിരുന്നു മുർശിദിന്റെ ചുമതല. ഇത് കൂടെയുള്ളവർ മുമ്പ് ബന്ധുക്കളെ അറിയിച്ചിരുന്നു.

'ഞങ്ങളിവിടെ സുഖമായിരിക്കുന്നു. ഒരു സഹോദരൻ കൂടി അള്ളാഹുവിന്റെ മാർഗത്തിൽ ശഹീദായിരിക്കുന്നു. മുർശിദ് വടക്കേപുറം.' എന്ന സന്ദേശമാണ് അഷ്ഫാഖ് ബന്ധുവിന് അയച്ചത്. എങ്ങിനെയാണ്? എപ്പോഴാണ്? എന്ന് ബന്ധു തിരിച്ചു ചോദിച്ചെങ്കിലും കുടുംബത്തെ അറിയിച്ചോളൂ..മുർശിദ് ശഹീദായി എന്ന മറുപടിയായിരുന്നു.

അതേസമയം മുർശിദിന്റെ മരണം എൻ.ഐ.എ സ്ഥിരീകരിച്ചിട്ടില്ല. പരിശോധിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അഫ്ഗാനിലെ ഐസിസ് സ്വാധീന മേഖലയായ നാംങ്കർഹാർ ദിഹ്ബല പ്രദേശങ്ങളിൽ അമേരിക്കയുടെ ശക്തമായ ആക്രമണം തുടരുകയാണ്. ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതാകാമെന്നാണ് നിഗമനം.

ദേശീയ അന്വേഷണ ഏജൻസി ഇക്കാര്യത്തിൽ നൽകിയ സൂചനയുടെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങൾ വാർത്ത നൽകിയിരിക്കുന്നത്. കേരളത്തിൽനിന്നു ഐഎസിൽ ചേർന്ന മലയാളികൾ ഇവിടെയാണ് തമ്പടിച്ചിരുന്നതെന്നു നേരത്തെ തന്നെ എൻഐഎ കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ ഇവിടെത്തന്നെയാണ് ആക്രമണം നടന്നതെന്നു അമേരിക്ക വ്യക്തമാക്കിയതോടെയാണ് എൻഐഎ അന്വേഷണം നടത്തിയത്. മരിച്ച മുപ്പത്താറു പേരിൽ നിരവധി ഇന്ത്യക്കാരുണ്ടെന്നും ചിലർ മലയാളികളാണെന്നും പിന്നീട് എൻഐഎ സൂചന നൽകുകയായിരുന്നു.

നംഗഹാറിലുണ്ടായിരുന്ന മലയാളികളിൽ ഭൂരിഭാഗവും കാസർഗോഡ്, മലപ്പുറം, എറണാകുളം ജില്ലകളിലുള്ളവരാണ്. ഇവരുടെ തിരോധാനം സംബന്ധിച്ചു മാസങ്ങൾക്കു മുമ്പു വാർത്ത വന്നിരുന്നു. ഇവർ ഐഎസിൽ ചേർന്നതാണെന്നു സ്ഥിരീകരിച്ച് ഇവർതന്നെയാണു ബന്ധുക്കളെ അറിയിച്ചത്. ഭൂരിഭാഗം പേരും ദമ്പതികളാണ്. ചിലർ ചെറിയ കുഞ്ഞുങ്ങളുമായാണ് ഇന്ത്യ വിട്ടത്. ചിലർക്ക് അവിടെവച്ചു കുഞ്ഞു ജനിക്കുകയും ചെയ്തു. അഫ്ഗാനിലെത്തിയിട്ടും ചിലർ വീടുകളുമായി ആശയവിനിമയം നടത്തിയിരുന്നു.

നംഗഹാർ മേഖലയിലുണ്ടായിരുന്ന മുഴുവൻ മലയാളികളും ബോംബാക്രമണത്തിൽ മരിച്ചോ എന്ന കാര്യത്തിൽ എൻഐഎ വ്യക്തത വരുത്തിയിട്ടില്ല. കാസർഗോഡ് പടന്ന സ്വദേശിയായ മുർഷിദ് മുഹമ്മദിന്റെ മരണം ഉറപ്പിച്ചിട്ടുണ്ട്. അഫ്ഗാനിസ്താനിൽ കൂടെയുള്ള മലയാളിയിൽനിന്നാണ് മുർഷിദിന്റെ മരണം ഉറപ്പാക്കിക്കൊണ്ടുള്ള ടെലിഗ്രാം സന്ദേശം ലഭിച്ചത്. ഡൽഹിയിൽനിന്നുള്ള എൻഐഎ സംഘം നംഗഹാർ മേഖലയിലേക്കു പോകും. അതേസമയം, കേരളത്തിൽനിന്ന് ഐഎസിൽ ചേർന്നെന്നു പറയുന്നവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ സേനയ്ക്കു നിർദ്ദേശം നൽകിയിട്ടുണ്ട്.

പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്ന അഫ്ഗാൻ പ്രദേശമാണ് നംഗഹാർ. ആണവായുധ രഹിതമായ ലോകത്തെ ഏറ്റവും വലിയ ബോംബാണ് ഇന്നലെ അമേരിക്ക ഇവിടെ പ്രഹരിച്ചത്. എല്ലാം ബോംബുകളുടെയും മാതാവ് എന്നാണ് ജിബിയു 43 എന്ന ഈ ബോംബ് അറിയപ്പെടുന്നത്. പത്തു മീറ്ററോളം നീളം വരുന്ന ബോംബ് ആറടിയോളം ഭൂമിക്കടിയിലേക്കു തുരന്നിറങ്ങി സ്ഫോടനം നടത്തുന്നതാണ്. വളരെ അകലെനിന്നു നിയന്ത്രിക്കാവുന്ന ഈ ബോംബ് പ്രഹരിക്കുന്ന സ്ഥലത്തിന് ഒന്നര കിലോമീറ്ററോളം ചുറ്റളവിലെ സകലതും നാമാവശേഷമാകും.

ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവിലാണ് ഇന്നലെ അമേരിക്ക നംഗഹാറിലെ ഐഎസ് ഒളികേന്ദ്രങ്ങൾ ആക്രമിച്ചത്. ഭൂമിക്കടിയിലുള്ള ഒളികേന്ദ്രങ്ങൾ വരെ നശിപ്പിക്കാൻ ഈ ബോംബിനാകും എന്നതിനാലാണ് ഇതുതന്നെ പ്രയോഗിച്ചതെന്നാണു കരുതുന്നത്. ഇറാഖ് യുദ്ധകാലത്താണ് ഈ ബോംബ് ആദ്യമായി അമേരിക്ക പരീക്ഷിച്ചത്.