മൂന്നാർ: യുവതിയുടെ നഗ്‌നചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിലായി. വണ്ടിപ്പെരിയാർ സ്വദേശി വി.സഞ്ജയിനെ (20) ആണ് മൂന്നാർ എസ്.എച്ച്.ഒ. മനേഷ് കെ.പൗലോസിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.യുവതിയുടെ മുൻസുഹൃത്തായ കണ്ണൻദേവൻ കമ്പനി നല്ലതണ്ണി എസ്റ്റേറ്റിൽ ഈസ്റ്റ് ഡിവിഷനിൽ ഡി.സന്തോഷ് (27) കഴിഞ്ഞ ഏപ്രിൽ 19-ന് അറസ്റ്റിലായിരുന്നു.

ഇരുപതുകാരിയുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. യുവതിയുമായി മൂന്നുവർഷമായി സന്തോഷ് പ്രണയത്തിലായിരുന്നു. എന്നാൽ, പിന്നീട് യുവതി ബന്ധമുപേക്ഷിച്ച് സഞ്ജയുമായി പ്രണയത്തിലായി. ഇതിന്റെ വൈരാഗ്യത്തിൽ സന്തോഷ് കൈവശമുണ്ടായിരുന്ന നഗ്‌നദൃശ്യങ്ങൾ സഞ്ജയിന് അയച്ചുകൊടുത്തു. തുടർന്ന് സഞ്ജയ് ഇവ യുവതിയുടെ ബന്ധുക്കൾക്കും അയച്ചുകൊടുത്തു. സമൂഹമാധ്യമങ്ങൾവഴി പ്രചരിപ്പിക്കുകയും ചെയ്തു.

അറസ്റ്റിലായ സന്തോഷിനെ ചോദ്യംചെയ്തതിൽനിന്ന് ദൃശ്യങ്ങൾ സഞ്ജയിന് അയച്ചുകൊടുത്തതായി മൊഴി നൽകിയിരുന്നു. പൊലീസ് ഫോൺ പിടിച്ചെടുത്ത് നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് സഞ്ജയ് ആണെന്ന് കണ്ടെത്തിയത്. കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ ബിരുദ വിദ്യാർത്ഥിയാണിയാൾ. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.