ന്യൂഡൽഹി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് ഇന്നുമുതൽ നിരോധനം. ഇവയുടെ വിൽപന, സംഭരണം, വിതരണം, കയറ്റുമതി എന്നിവയെല്ലാം നിരോധിച്ചു. ലംഘിക്കുന്നവർക്ക് 10,000 രൂപ മുതൽ 50,000 രൂപ വരെയാണ് പിഴ. സ്ഥാപനങ്ങൾ കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കും. ഉപഭോക്താക്കൾ തുണി സഞ്ചിയും കടലാസ് കവറുകളും ശീലമാക്കേണ്ടതുണ്ട്.

മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ജൂലൈ ഒന്ന് മുതൽ നിരോധനം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഒറ്റത്തവണ ഉപയോഗിച്ചതിന് ശേഷം പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കാണ് നിരോധനം ഏർപ്പെടുത്തുന്നത്. നിരോധനത്തിലൂടെ കൃത്യമായി സംസ്‌കരിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് ഒരു പരിധി വരെ കുറക്കാമെന്നാണ സർക്കാർ കണക്കു കൂട്ടുന്നത്.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് ഇന്നു മുതൽ നിരോധനം.ചെവി വൃത്തിയാക്കുന്നതിനു ഉപയോഗിക്കുന്ന പ്ലാസ്റ്റിക് തണ്ടുള്ള ബഡ്‌സും മിഠായി സ്റ്റിക്കും മുതൽ അര ലീറ്ററിൽ താഴെയുള്ള കുടിവെള്ള കുപ്പികൾ വരെ നിരോധന പട്ടികയിൽ ഉണ്ട്. ഐസ് ക്രീം കഴിക്കാൻ ഇനി പ്ലാസ്റ്റിക് സ്പൂൺ ഉണ്ടാകില്ല.

കേന്ദ്രം നിരോധിച്ചവയ്ക്കു പുറമെ സംസ്ഥാന പരിസ്ഥിതി വകുപ്പ് ഇറക്കിയ ഉത്തരവിലുള്ളതും നിരോധിച്ചവയിൽപെടുന്നു. ഭക്ഷണശാലകൾ, പഴക്കടകൾ, തട്ടുകടകൾ തുടങ്ങി സൂപ്പർ മാർക്കറ്റുകളിൽ വരെ തദ്ദേശ സ്ഥാപനങ്ങൾ പരിശോധന നടത്തും. ഒപ്പം പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനുള്ള ബോധവൽക്കരണ പരിപാടികളും തുടങ്ങും. ഇപ്പോൾ കൈവശമിരിക്കുന്നവ ഹരിത കർമ സേനകൾ മുഖേന നിർമ്മാർജനം ചെയ്യുന്നതിനു അവസരം നൽകാനാണു നീക്കം.

അതേ സമയം വ്യാപാരികളും ഹോട്ടൽ ഉടമകളും ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. കോവിഡിനെ തുടർന്നു പാക്കറ്റ് ഭക്ഷണ വിൽപന കുത്തനെ ഉയർന്നിരുന്നു. പേപ്പർ കപ്പുകളും ഭക്ഷണം പൊതിയുന്നതിനുള്ള നിശ്ചിത മൈക്രോണിൽ താഴെയുള്ള സിൽവർ പൗച്ചുകൾ തുടങ്ങിയവയുടെ നിരോധനം പ്രതിസന്ധി ഉണ്ടാക്കും. കറി പൊതിഞ്ഞു നൽകാൻ കഴിയാതെ വരുന്നതോടെ പാക്കറ്റ് ഭക്ഷണ വിതരണം നിർത്തേണ്ടി വരും. പാള കൊണ്ടുള്ള പ്ലേറ്റുകൾ, തടി സ്പൂൺ തുടങ്ങിയവയിൽ പെട്ടെന്നു ഫംഗസ് ബാധ ഉണ്ടാകുമെന്നും വ്യാപാരികൾ പറയുന്നു.

നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ മൊത്ത വ്യാപാരികൾ ഉൽപാദന സ്ഥാപനങ്ങളിലേക്ക് തിരിച്ചയച്ചു തുടങ്ങി. ഇവ അധികൃതർ പിടിച്ചെടുത്തു പിഴ ഈടാക്കുന്നത് ഒഴിവാക്കാനാണ് തിരിച്ചയയ്ക്കുന്നത്. മിക്ക സ്ഥാപനങ്ങളും സ്റ്റോക്ക് തിരിച്ചെടുക്കാമെന്നു ഉറപ്പു നൽകിയതായി വ്യാപാരികൾ പറഞ്ഞു.

നിരോധനമുള്ള ഉൽപന്നങ്ങൾ: പ്ലാസ്റ്റിക് ക്യാരി ബാഗ്, പ്ലാസ്റ്റിക് ഗാർബേജ് ബാഗ് (ബയോമെഡിക്കൽ മാലിന്യങ്ങൾക്കുള്ളവ ഒഴികെ), പ്ലാസ്റ്റിക് പ്ലേറ്റും ഗ്ലാസും കപ്പും, പ്ലാസ്റ്റിക് സ്പൂണും ഫോർക്കും, സ്‌ട്രോ, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പ്, പ്ലാസ്റ്റിക് ഇല, മേശവിരി, തെർമോക്കോൾ, പ്ലാസ്റ്റിക് കത്തി, സ്‌ട്രോ, ട്രേ, മധുരപലഹാരങ്ങളും ക്ഷണക്കത്തും സിഗരറ്റ് പാക്കറ്റും പൊതിയുന്ന പ്ലാസ്റ്റിക് ഫിലിം, പ്ലാസ്റ്റിക് സ്റ്റിക് ഉപയോഗിച്ചുള്ള ഇയർ ബഡ്, ബലൂണിന്റെ പ്ലാസ്റ്റിക് സ്റ്റിക്, പ്ലാസ്റ്റിക് കൊടിതോരണങ്ങൾ, മിഠായി സ്റ്റിക്, ഐസ്‌ക്രീം സ്റ്റിക്, കാപ്പിയും ചായയും മറ്റും ഇളക്കാനുള്ള പ്ലാസ്റ്റിക് സ്റ്റിക്, പിവിസി ഫ്‌ളെക്‌സ്, പ്ലാസ്റ്റിക് കോട്ടഡ് തുണി, പോളിയസ്റ്ററിലും നൈലോണിലും കൊറിയൻ തുണിയിലുമുള്ള ബാനർ, ശുദ്ധജല പൗച്ച്, ബ്രാൻഡ് ചെയ്യാത്ത ജൂസ് പാക്കറ്റ്, 500 മില്ലിയിൽ താഴെയുള്ള ശുദ്ധജല കുപ്പി, മിഠായി പെട്ടികൾ, പഴങ്ങളും പച്ചക്കറികളും പാക്ക് ചെയ്യുന്ന പ്ലാസ്റ്റിക് പാക്കറ്റ്.

തീരുമാനം നടപ്പിലാക്കുന്നതിനായി സംസ്ഥാന ദേശീയതലങ്ങളിൽ കൺട്രോൾ റൂം തുറക്കും. നിരോധിക്കപ്പെട്ട ഉൽപന്നങ്ങളുടെ നിർമ്മാണം, ഇറക്കുമതി, ശേഖരണം, വിതരണം, വിൽപന എന്നിവ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നിരോധിക്കപ്പെട്ട ഉൽപന്നങ്ങൾ എത്തുന്നത് തടയാൻ ചെക്‌പോസ്റ്റുകളിൽ പരിശോധന കർശനമാക്കാനും നിർദ്ദേശമുണ്ട്

പ്ലാസ്റ്റിക് മാലിന്യം നിർമ്മാർജനം ചെയ്യുന്നതിനു പഞ്ചായത്തുകൾ പദ്ധതികൾക്കു ജില്ലാ പഞ്ചായത്ത് ധനസഹായം നൽകും. ഈ സാമ്പത്തിക വർഷം 2 കോടി രൂപ ഇതിനു വേണ്ടി നീക്കി വച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ഒരു കോടി രൂപയായിരുന്നു നീക്കി വച്ചത്. ഇതിൽ 68 ലക്ഷം രൂപ പഞ്ചായത്തുകൾക്കു നൽകി. പഞ്ചായത്തുകൾ ആവശ്യപ്പെടുന്നത് അനുസരിച്ചാണ് ധനസഹായം നൽകുന്നത്.

മാലിന്യം തരംതിരിച്ചു റിസോഴ്‌സ് റിക്കവറി ഫെസിലിറ്റിയിൽ എത്തിക്കണം. തുടർന്നു പുനരുപയോഗ പ്രദമാക്കും. റിസോഴ്‌സ് റിക്കവറി ഫെസിലിറ്റിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊടിച്ചു ടാറിങ്ങിനും മറ്റുമാണ് ഉപയോഗിക്കുന്നത് എന്നാൽ ജില്ലയിൽ മിക്ക പഞ്ചായത്തുകളിലും റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സംവിധാനമില്ല.

വീടുകളിൽ നിന്നു തന്നെ അജൈവ മാലിന്യങ്ങൾ തരം തിരിച്ചാണു ശേഖരിക്കുന്നത്. ഇതു വില നൽകി വാങ്ങുന്നതിനു 2 സ്ഥാപനങ്ങളുമായി പഞ്ചായത്തുകൾ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ക്ലീൻ കേരളയാണ് ഇവയിലൊന്ന്. ജില്ലയിൽ 45 പഞ്ചായത്തുകൾ ഈ സ്ഥാപനവുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഗ്രീൻ ടെക് ആണ് അജൈവ മാലിന്യം ശേഖരിക്കുന്ന രണ്ടാമത്തെ സ്ഥാപനം. പഞ്ചായത്തിലെ ഓരോ വാർഡിലും 2 ഹരിത കർമസേന അംഗങ്ങൾ ഉണ്ടാകും. ചിലയിടത്തു അംഗങ്ങൾ കൂടുതൽ ഉണ്ടാകും. മാലിന്യം ശേഖരിക്കുന്നതിനു വീട്ടുകാരിൽ നിന്നു യൂസർ ഫീ ഈടാക്കുന്നുണ്ട്.