മലപ്പുറം: ഹൃദ്രോഗം ബാധിച്ച ഒന്നര വയസുകാരിക്ക് മാതാവിന്റെ മടിയിൽ കിടന്ന് ദാരുണാന്ത്യം. കൃത്യ സമയത്ത് വേണ്ട ചികിത്സയും യാത്രാ സൗകര്യവും ലഭിക്കാതെ മരണമടഞ്ഞ മറിയത്തിന്റെ വാർത്തയറിഞ്ഞ് കണ്ണ് നിറയാത്തവരായി ആരുമുണ്ടായകില്ല. കണ്ണൂർ ഇരിക്കൂർ കെ.സി ഹൗസിൽ ഷമീർ -സുമയ്യ ദമ്പതികളുടെ മകൾ മറിയമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ദാരുണമായി മരിച്ചത്. ട്രെയിൻ യാത്രക്കിടെ കുഞ്ഞിനായി സീറ്റും വൈദ്യസഹായവും അഭ്യർത്ഥിച്ചിട്ടും ജനറൽ ടിക്കറ്റാണ് എടുത്തിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി ടിക്കറ്റ് പരിശോധകർ ഓരോ സ്‌റ്റേഷനിൽ വച്ചും കോച്ചിൽ നിന്നും അമ്മയേയും കുഞ്ഞിനേയും ഇറക്കി വിടുകയായിരുന്നുവെന്ന് സുമയ്യയുടെ രക്ഷിതാക്കൾ പറയുന്നു.

ഡിസംബർ 25ന് രാത്രി പതിനൊന്നരയോടെ മലപ്പുറം കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലാണ് കരളുരുക്കുന്ന സംഭവം അരങ്ങേറിയത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ഒരുമാസം മുമ്പാണ് മറിയത്തിന് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. ഇന്നലെ പനി ബാധിച്ചതിനെ തുടർന്ന് നാട്ടിൽ തന്നെയുള്ള ആശുപത്രിയിൽ കാണിച്ചു. ശ്രീചിത്രയിൽ വിളിച്ചപ്പോൾ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനായിരുന്നു നിർദ്ദേശം. റെയിൽവേ സ്റ്റേഷനിൽ ചെന്നപ്പോൾ ജനറൽ ടിക്കറ്റാണ് ലഭിച്ചത്. ജനറൽ കോച്ചിൽ കുട്ടിയെ കൊണ്ടുപോകുന്നത് അപകടമാണെന്നതുകൊണ്ട് സ്ലീപ്പർ കോച്ചിൽ കയറി.

എന്നാൽ മതിയായ ടിക്കറ്റില്ലെന്ന് ചൂണ്ടിക്കാട്ടി ടിക്കറ്റ് പരിശോധകർ ഓരോ സ്റ്റേഷനിലും ഇറക്കിവിട്ടു. ഒടുവിൽ ഗത്യന്തരമില്ലാതെ സുമയ്യ ലേഡീസ് കംപാർട്ട്‌മെന്റിലും ബഷീർ ജനറൽ കോച്ചിലും കയറി. എന്നാൽ, ട്രെയിൻ കുറ്റിപ്പുറം സ്റ്റേഷനിലെത്തിയപ്പോൾ കുട്ടിയുടെ അവസ്ഥ കണ്ട് കൂടെയുണ്ടായിരുന്ന യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിറുത്തി. റെയിൽവേ പൊലീസ് വന്ന് അന്വേഷിക്കുമ്പോൾ കുട്ടിയുടെ ആരോഗ്യനില ഗുരുതരമായിരുന്നു.

ഉടൻ തന്നെ ആംബുലൻസിൽ കുറ്റിപ്പുറത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ കുട്ടി മരിച്ചതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ട്രെയിനിൽ കോച്ചുകളിൽ നിന്നും കോച്ചുകളിലേക്കുള്ള അലച്ചിൽ കാരണമാകാം കുട്ടിയുടെ ആരോഗ്യനില മോശമായതെന്നാണ് ഡോക്ടർമാരുടെ സംശയം.