മുംബൈ: 400 രൂപയ്ക്ക് ഓൺലൈനായി ജന്മദിന കേക്ക് ബുക്ക് ചെയ്യാൻ ശ്രമിച്ച 31 കാരിയായ [ഡോക്ടർ സൈബർ തട്ടിപ്പിന് ഇരയായി. മുംബൈ സ്വദേശിയായ ഡോക്ടറിൽ നിന്നും 53,000 രൂപയാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്. ഗുഡ്ഗാവിലെ ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽജോലി ചെയ്യുന്ന ഡോക്ടർ, തന്റെ സുഹൃത്തിന്റെ പിറന്നാൾ ആഘോഷിക്കാനായി കേക്ക് ഓർഡർ ചെയ്യാൻ ശ്രമിക്കവേയാണ് തട്ടിപ്പിന് ഇരയായത്.

മെർവാൻ ബേക്കറി ഷോപ്പിന്റെ നമ്പർ ഗൂഗിളിൽ തിരഞ്ഞു നോക്കി. അങ്ങനെയാണ് അവർക്ക് ഓൺലൈൻ തട്ടിപ്പുകാരന്റെ നമ്പർ കിട്ടിയത്. അതിൽ വിളിച്ചപ്പോൾ കേക്ക് ഓർഡർ ചെയ്യാൻ ആദ്യം 400 രൂപ പേയ്മെന്റ് ചെയ്യണമെന്ന് ഫോൺ എടുത്തയാൾ ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ഓർഡർ ചെയ്തതിന്റെ രസീത് സ്വീകരിക്കാൻ 20 രൂപ കൂടി നൽകണമെന്നും ആവശ്യപ്പെട്ടു. ഈ തുക ഡോക്ടർ അയാൾക്ക് അയച്ചുകൊടുത്തു.

അതിനു ശേഷം രജിസ്ട്രേഷനായി 15,236 രൂപ കൂടി വീണ്ടും ആവശ്യപ്പെട്ടു. ഈ പണം ഉടൻ തിരികെ നൽകുമെന്നാണ് തട്ടിപ്പുകാരൻ ഡോക്ടറോട് പറഞ്ഞത്. ഒരു പിശക് സംഭവിച്ചുവെന്ന് പറഞ്ഞുകൊണ്ട് തട്ടിപ്പുകാരൻ 38,472 രൂപ കൂടി ഡോക്ടറോട് ആവശ്യപ്പെട്ടു. അതോടെ താൻ ഓൺലൈൻ തട്ടിപ്പിന് ഇരയാവുകയാണെന്ന് മനസ്സിലാക്കിയ ഡോക്ടർ ഇക്കാര്യം ബാങ്കിനെ അറിയിക്കുകയും ഡിബി മാർഗ് പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ബേക്കറി ഷോപ്പുകൾ, മദ്യശാലകൾ, റെസ്റ്റോറന്റുകൾ, ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ, കൊറിയർ സേവനങ്ങൾ എന്നിവയുടെ പേരിൽ ഓൺലൈനിൽ തങ്ങളുടെ നമ്പർ അപ്ലോഡ് ചെയ്ത് നിരവധി തട്ടിപ്പുകാർ പ്രവർത്തിക്കുന്നതായികഴിഞ്ഞ വർഷങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. മുൻകൂർ പണമടയ്ക്കാൻ പറഞ്ഞുകൊണ്ടാണ് മിക്കപ്പോഴും അവർ ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്.