- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവിധ കമ്പനികളുടേതെന്ന വ്യാജേന വെബ്‌സൈറ്റുകൾ തയ്യാറാക്കി പലതരം ഉത്പന്നങ്ങൾ വില്പനക്കെന്ന പേരിൽ പരസ്യം ചെയ്യും; ഉത്പന്നങ്ങൾക്കായി സെർച്ച് ചെയ്യുന്നവരെ കബളിപ്പിച്ച് തട്ടിപ്പ്; ഹൈടെക് ഓൺലൈൻ തട്ടിപ്പ് വീരൻ ഒടുവിൽ മഞ്ചേരി പൊലീസിന് മുമ്പിൽ കുടുങ്ങി; നൈജീരിയക്കാരൻ ഇദുമെ ചാൾസ് ഒന്യാമയേച്ചി കുടുങ്ങിയത് ഇങ്ങനെ
മലപ്പുറം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹൈടെക് ഓൺലൈൻ തട്ടിപ്പ് നടത്തിയ കേസിൽ അന്തർദേശീയ കുറ്റവാളി മഞ്ചേരി പൊലീസിന്റെ പിടിയിൽ. പണം കൈമാറാനുള്ള ഏജന്റായി പ്രവർത്തിച്ച നൈജീരിയ സ്വദേശിയായ ഇദുമെ ചാൾസ് ഒന്യാമയേച്ചി (32)യാണ് മഞ്ചേരി പൊലീസ് മഹാരാഷ്ട്രയിലെ പാൽഗർ ജില്ലയിൽ നിന്നും അറസ്റ്റ് ചെയ്തത്. വിവിധ രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകൾ നടത്തിവരികയായിരുന്ന കാമറൂൺ നോർത്ത് വെസ്റ്റ് റീജ്യൻ സ്വദേശികളായ അകുംബെ ബോമ ഞ്ചിവ (28 വയസ്സ്), ലാങ്ജി കിലിയൻ കെങ് (27 വയസ്സ്) എന്നിവരെയും സംഘാംഗങ്ങളായ രാജസ്ഥാനിലെ ചിറ്റോർഗഡ് കുംഭനഗർ സ്വദേശി മുകേഷ് ചിപ്പ (48), ഉദയ്പൂർ സ്വദേശി സന്ദീപ് മൊഹീന്ദ്ര (41) എന്നിവരെയും കഴിഞ്ഞ മാസങ്ങളിൽ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ നടത്തിയ തുടരന്വേഷണത്തിൽ ഇത്തരം കേസുകളിൽ പണം സ്വീകരിക്കുന്നതിന് ഏജന്റായി പ്രവർത്തിക്കുന്നയാളാണ് ഇദുമെ ചാൾസ് എന്ന് കണ്ടെത്തുകയായിരുന്നു. ഇദുമെ ചാൾസിനെ മുമ്പ് സമാനമായ കുറ്റത്തിന് രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. പൊ
മലപ്പുറം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹൈടെക് ഓൺലൈൻ തട്ടിപ്പ് നടത്തിയ കേസിൽ അന്തർദേശീയ കുറ്റവാളി മഞ്ചേരി പൊലീസിന്റെ പിടിയിൽ. പണം കൈമാറാനുള്ള ഏജന്റായി പ്രവർത്തിച്ച നൈജീരിയ സ്വദേശിയായ ഇദുമെ ചാൾസ് ഒന്യാമയേച്ചി (32)യാണ് മഞ്ചേരി പൊലീസ് മഹാരാഷ്ട്രയിലെ പാൽഗർ ജില്ലയിൽ നിന്നും അറസ്റ്റ് ചെയ്തത്.
വിവിധ രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകൾ നടത്തിവരികയായിരുന്ന കാമറൂൺ നോർത്ത് വെസ്റ്റ് റീജ്യൻ സ്വദേശികളായ അകുംബെ ബോമ ഞ്ചിവ (28 വയസ്സ്), ലാങ്ജി കിലിയൻ കെങ് (27 വയസ്സ്) എന്നിവരെയും സംഘാംഗങ്ങളായ രാജസ്ഥാനിലെ ചിറ്റോർഗഡ് കുംഭനഗർ സ്വദേശി മുകേഷ് ചിപ്പ (48), ഉദയ്പൂർ സ്വദേശി സന്ദീപ് മൊഹീന്ദ്ര (41) എന്നിവരെയും കഴിഞ്ഞ മാസങ്ങളിൽ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസിൽ നടത്തിയ തുടരന്വേഷണത്തിൽ ഇത്തരം കേസുകളിൽ പണം സ്വീകരിക്കുന്നതിന് ഏജന്റായി പ്രവർത്തിക്കുന്നയാളാണ് ഇദുമെ ചാൾസ് എന്ന് കണ്ടെത്തുകയായിരുന്നു. ഇദുമെ ചാൾസിനെ മുമ്പ് സമാനമായ കുറ്റത്തിന് രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. പൊലീസ് പിടിക്കാതിരിക്കാൻ ഇടക്കിടെ വാസസ്ഥലം മാറുന്ന ഇയാളെ കണ്ടെത്തൽ വളരെ ശ്രമകരമായിരുന്നതായി പൊലീസ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ ഇയാൾ സമാനമായ കുറ്റങ്ങളിൽ ഉൾപ്പെട്ടതായി സൂചനകളും പൊലീസ് പറഞ്ഞു. ഈ കേസിൽ ഇതോടെ അഞ്ച് പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പുകൾ ഇവർ മുഖേന നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്‌പി ജലീൽ തോട്ടത്തിൽ, സിഐ എൻ.ബി. ഷൈജു, എസ്‌ഐ ജലീൽ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിൽ സൈബർ ഫോറൻസിക് ടീം അംഗം എൻ.എം. അബ്ദുല്ല ബാബു, സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ കെ.പി. അബ്ദുൽ അസീസ്, ടി.പി. മധുസൂദനൻ, ഷഹബിൻ, ഹരിലാൽ എന്നിവരാണ് മഹാരാഷ്ട്രയിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മഞ്ചേരി സിജെഎം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കേസിനാസ്പദമായ സംഭവം
മഞ്ചേരി സ്വദേശിയായ ഹോൾസെയിൽ മരുന്ന് വിപണന കേന്ദ്രത്തിലേക്ക് ആവശ്യമായ വിലപിടിപ്പുള്ള മരുന്ന് വെബ്‌സൈറ്റിൽ സെർച്ച് ചെയ്തതിനെ തുടർന്ന് ബന്ധപ്പെട്ട പ്രതികൾ ഇപ്രകാരം പരാതിക്കാരനിൽ നിന്നും ഒന്നേകാൽ ലക്ഷത്തോളം രൂപ തട്ടിയെടുത്ത കാര്യത്തിന് മഞ്ചേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തതാണ് കേസ്.
ഹൈടെക് ഓൺലൈൻ തട്ടിപ്പ് കേസിന്റെ അന്വേഷണ നാൾവഴികൾ ഇങ്ങനെ
2018 ജൂലൈ മാസം 17 ന് പ്രതികൾ പണം കൈക്കലാക്കാൻ ഉപയോഗിച്ച ബാങ്ക് അക്കൗണ്ട് ഹോൾഡറെ കണ്ടെത്താൻ പൊലീസ് രാജസ്ഥാനിലെ ചിറ്റോർഗഡിലെത്തി. ലോക്കൽ പൊലീസ് മുഖേന അന്വേഷിച്ചതിൽ പ്രസ്തുത അക്കൗണ്ട് ഉപഭോക്താവ് രാജസ്ഥാനിലെ തന്നെ വിവിധ കേസുകളിൽ ഉൾപ്പെട്ട് ഒളിവിലാണെന്ന് മനസ്സിലായി. അന്ന് പ്രതിയെ കണ്ടെത്താനാകാതെ മടങ്ങി.
ശേഷം ഓഗസ്റ്റ് 11 ന് കേസിനാസ്പദമായ ഓൺലൈൻ വർക്കുകളും മറ്റും ചെയ്യുന്ന പ്രതികളുടെ മൊബൈൽ നമ്പറുകളും മറ്റും തിരിച്ചറിഞ്ഞ് ഹൈദരാബാദിൽ എത്തുന്നു. പൊലീസ് സംഘത്തോടൊപ്പമുണ്ടായിരുന്ന സിവിലിയന്റെ സഹായത്തോടെ പ്രതികളുടെ കേന്ദ്രം ലൊക്കേറ്റ് ചെയ്തു. ഓഗസ്റ്റ് 14ന് രാവിലെ ലോക്കൽ പൊലീസ് ഒന്നിച്ച് പ്രതികളുടെ വാസസ്ഥലത്തെത്തി വാസസ്ഥലം വളഞ്ഞു. കേസിലെ ഒന്ന് & രണ്ട് പ്രതികളായ അകുംബെ ബോമ ഞ്ചിവ (28 വയസ്സ്), ലാങ്ജി കിലിയൻ കെങ് (27 വയസ്സ്) എന്നിവരെ തൊണ്ടിമുതലുകൾ സഹിതം അറസ്റ്റ് ചെയ്തു. നിയമനടപടികൾ പൂർത്തിയാക്കി കേരളത്തിൽ എത്തിച്ചു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ.
സെപ്റ്റംബർ 17ന് കേസിലെ കൂട്ടുപ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനായി നാലംഗ പൊലീസ് സംഘം രാജസ്ഥാനിൽ വീണ്ടും എത്തി. 19ന് കേസിലുൾപ്പെട്ട പ്രതിയായ മുകേഷ് ചിപ്പ (48) എന്നയാളെ അറസ്റ്റ് ചെയ്തു. അന്ന് തന്നെ കൂട്ടുപ്രതിയായ സന്ദീപ് മൊഹീന്ദ്ര (41) എന്നയാളെയും കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും കേസിന്റെ തെളിവിലേക്കായി നൂറിലധികം തൊണ്ടി മുതലുകൾ പിടിച്ചെടുത്തു. തുടർനടപടികൾ പൂർത്തിയാക്കി കേരളത്തിലെത്തിച്ച പ്രതികൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഒടുവിൽ മഹാരാഷ്ട്രയിലെ പാൽഗർ ജില്ലയിലെത്തി ലഭ്യമായ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പ്രതിയുടെ സ്ഥിരസാന്നിദ്ധ്യമുള്ള സ്ഥലം ലൊക്കേറ്റ് ചെയ്തത്. ഇതോടെ പ്രതിയായ ഇദുമെ ചാൾസ് ഒന്യമയേച്ചി (32) എന്നയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. നിയമനടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം കേരളത്തിൽ എത്തിക്കുകയായിരുന്നു. ഈ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികൾ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലും രാജ്യത്തിന് പുറത്തും സമാനമായ നിരവധി കുറ്റങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഗുജറാത്ത്, ഗോവ, തെലങ്കാന തുടങ്ങിയ സംസ്ഥാന പൊലീസ് ഇവരെ ഫോർമൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തട്ടിപ്പിന്റെ വഴികൾ ഇങ്ങനെയാണ്
വിവിധ കമ്പനികളുടേതെന്ന വ്യാജേന വെബ്‌സൈറ്റുകൾ തയ്യാറാക്കി പലതരം ഉത്പന്നങ്ങൾ വില്പനക്കെന്ന പേരിൽ പരസ്യം ചെയ്യുകയാണ് ആദ്യം ചെയ്യുന്നത്. ഇവരുടെ വെബ്‌സൈറ്റിൽ ആരെങ്കിലും ഉത്പന്നങ്ങൾക്കായി സെർച്ച് ചെയ്താൽ ഉടനടി ഇവർക്ക് മെസേജ് ലഭിക്കുകയും ഇവർ ഇമെയിൽ മുഖാന്തിരമോ വിർച്വൽ നമ്പറുകൾ മുഖാന്തിരമോ ഇരകളെ ബന്ധപ്പെടുകയും ചെയ്യും
ഇര ഉത്പന്നം വാങ്ങാൻ തയ്യാറാണെന്ന് തോന്നിയാൽ കമ്പനികളുടേതാണെന്ന് വിശ്വസിപ്പിക്കുന്നതിന് വ്യാജമായി ലൈസൻസുകളും ഇതര രേഖകളും തയ്യാറാക്കി അയച്ചുകൊടുക്കും. പിന്നീട് ഉത്പന്നത്തിന്റെ വിലയുടെ നിശ്ചിത ശതമാനം അഡ്വാൻസായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാൻ ആവശ്യപ്പെടും. പണം അടവാക്കിയാൽ ഇര വാങ്ങാൻ ഉദ്ദേശിക്കുന്ന ഉത്പന്നം കൊറിയർ ചെയ്തതായും അതിന്റെ കൺസൈന്മെന്റ് നമ്പർ ഇന്നതാണെന്നും കാണിച്ച് മെസേജ് അയക്കും.
പ്രതികൾ തന്നെ വിവിധ കൊറിയർ കമ്പനികളുടേതെന്ന വ്യാജേന തയ്യാറാക്കിയ വെബ്‌സൈറ്റുകളിൽ ഈ കൺസൈന്മെന്റ് നമ്പർ ട്രാക്ക് ചെയ്യാനാകുമെന്നതിനാൽ ഇത് പരിശോധിക്കുന്ന ഇരക്ക് കൂടുതൽ വിശ്വാസം തോന്നും.ഏതാനും ദിവസങ്ങൾക്ക് ശേഷം കൊറിയർ കമ്പനിയിൽ നിന്നെന്ന മട്ടിൽ നിങ്ങൾക്കുള്ള കൊറിയർ പാക്കിങ് മോശമാണെന്നും അതിന് ഇൻഷുറൻസായി നിശ്ചിത തുക അടക്കണമെന്നും ഈ പണം റീഫണ്ട് ചെയ്യുമെന്നും കാണിച്ച് ഇരക്ക് മെസേജ് ലഭിക്കും. ഇതും വിശ്വസിക്കുന്ന ഇര വീണ്ടും പണം അടക്കുകയും ഭീമമായ സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്യുന്നു.
വിവിധ വ്യക്തികളുടെ രേഖകൾ ഉപയോഗിച്ച് അവരറിയാതെയോ അറിഞ്ഞോ തയ്യാറാക്കുന്ന ബാങ്ക് അക്കൗണ്ടുകളാണ് ഇവർ തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നതിൽ അധികവും. ഇത്തരം അക്കൗണ്ടുകൾ തയ്യാറാക്കി ഒപ്പ് വെച്ച ബ്ലാങ്ക് ചെക്കുകൾ, എടിഎം കാർഡ് മുതലായവ ഇത്തരം സംഘങ്ങൾ കൈക്കലാക്കുകയും ഇതിന് സഹായിക്കുന്നവർക്ക് കമ്മീഷൻ നൽകുകയും ചെയ്യുകയാണ് രീതി. ഇത്തരം തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയ അമ്പതിലേറെ ബാങ്ക് അക്കൗണ്ടുകളുടെ പേരിൽ നടപടി സ്വീകരിച്ചിട്ടുണ്ട്.