കൊച്ചി: കേരളത്തിൽ നിരവധി സാമ്പത്തിക തട്ടിപ്പുകളാണ് ദിവസം തോറും നടക്കുന്നത്. ഇത് മാത്രമല്ല ഇന്റർനെറ്റ് വഴിയുള്ള തട്ടിപ്പുകളും പതിവാണ്. ഇതിനെല്ലൊം ഇരയാകുന്നവരുട കൂട്ടത്തിൽ നിരവധി മലയാളികളും ഉണ്ടെന്നതാണ് പ്രത്യേകത. ഇത്തരത്തിന് മലയാളികൾ ഇരകളാകുന്ന തട്ടിപ്പുകളെ കുറിച്ചുള്ള മുന്നറിയിപ്പു പോസറ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. എത്ര വാർത്തകൾ വന്നാലും തട്ടിപ്പിന് ഇരകളാകുന്നവരെ കുറിച്ചാണ് കസ്റ്റംസ് സൂപ്രണ്ടന്റ് ജോർജ് പുല്ലാട്ട് സമൂഹമാധ്യമത്തിൽ കുറിച്ചത്

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഇതാ നിങ്ങൾക്കൊരു സ്നേഹസമ്മാനം, വേണ്ടെന്ന് പറയരുത്

˜˜˜˜˜˜˜˜˜˜˜
പ്രിയ സ്നേഹിതാ, നിങ്ങളുടെ പേരിലെടുത്ത 30000 പൗണ്ടിന്റെ ( 30 ലക്ഷം രൂപ) ഡിമാൻഡ് ഡ്രാഫ്റ്റ്, രണ്ടു പവൻ തൂക്കമുള്ള സ്വർണ്ണക്കുരിശു തൂക്കിയ അഞ്ചു പവൻ സ്വർണ്ണമാല, രണ്ടു ലക്ഷം രൂപയുടെ വാച്ച് , ഒരു ലക്ഷം രൂപ വിലയുള്ള ഒരു ലാപ്ടോപ്, അത്രയും തന്നെ വിലയുള്ള മൊബൈൽ ഫോൺ, പതിനായിരം രൂപ വിലയുള്ള പെർഫ്യൂം , മനോഹരമായി അച്ചടിച്ച ഒരു ബൈബിൾ .. (തഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ നോക്കുക ). ഇത്രയും സാധനങ്ങൾ നാളെ കൊറിയർ വഴി നിങ്ങളുടെ വീട്ടിലെത്തും. സൗജന്യമായിത്തന്നെ ഞാൻ അയക്കുകയാണ് . .നിരസിക്കരുത് . ഈ സമ്മാനം നിങ്ങൾ വേണ്ടെന്നു പറയുമോ ? എങ്കിൽ നിങ്ങൾക്കെന്തോ പ്രശ്നമുണ്ട്.

നമ്മൾ തമ്മിൽ ഇതുവരെ കണ്ടിട്ടേയില്ല. എന്നിട്ടും, എന്തിനാണ് ഞാൻ ഇത് നിങ്ങൾക്ക് അയക്കുന്നത് എന്നല്ലേ ഇപ്പോൾ നിങ്ങളുടെ സംശയം? സാരമില്ല . അത് സ്വാഭാവികം . പക്ഷേ അതാണ് നിങ്ങളുടെ മഹാഭാഗ്യം. അനന്തമായ ദൈവസ്നേഹത്തിന്റെ അടയാളമാണത് .
ഞാൻ ഇഗ്ലണ്ടിൽ മാഞ്ചസ്റ്ററിൽനിന്ന് മരിയ ആൻഡേഴ്സൺ. ഞാൻ ഒരു സമ്പന്നകുടുംബത്തിലാണ് ജനിച്ചത് . എന്റെ ഭർത്താവ് ആൻഡേഴ്സൺ അതിനേക്കാൾ സമ്പന്നൻ . ഈ സമ്പത്തു മുഴുവൻ എന്തു ചെയ്യണമെന്ന് ഞങ്ങൾ ആലോചിച്ചു തുടങ്ങിയിട്ട് ഏറെ നാളായി.

അതിനിടെയാണ് അടുത്ത കാലത്ത് മരിച്ചു പോയ എന്റെ മാതാപിതാക്കളുടെ ലോക്കറിൽ നിന്ന് വൻ നിക്ഷേപങ്ങളുടെയും സ്വത്തുക്കളുടെയും രേഖകളും വിൽപത്രവും കണ്ടു കിട്ടുന്നത്. 'നിങ്ങൾ തിരഞ്ഞെടുക്കുന്ന കുറേ വ്യക്തികൾക്കായി , അവരുടെ സേവനങ്ങൾക്കായി നിങ്ങൾ ഇത് സംഭാവനയായി നൽകണം ' എന്ന് ഡാഡിയും മമ്മിയും അതിൽ ഞങ്ങളോട് നിർദേശിച്ചിട്ടുണ്ട് . അങ്ങനെ, ഗൂഗിളിന്റെയും മറ്റ് ഇന്റർനെറ്റ് സാങ്കേതിക വിദഗ്ധരുടെയും സഹായത്തോടെ ലോകത്തെമ്പാടും നിന്ന് ഞങ്ങൾ തിരഞ്ഞെടുത്ത അഞ്ചു പേരിൽ ഒരാളാകാൻ നിങ്ങൾക്ക് ഭാഗ്യമുണ്ടായത് ദൈവകൃപ കൊണ്ടു തന്നെ . ഇത് നിങ്ങൾ നിരസിച്ചാൽ ഞങ്ങൾക്കും മണ്മറഞ്ഞു പോയ ഞങ്ങളുടെ മാതാപിതാക്കളുടെ ആത്മാക്കൾക്കും ഉണ്ടാകുന്ന സങ്കടം നിങ്ങൾക്ക് ഊഹിക്കാൻ പോലും പറ്റില്ല . . എന്താ സ്വീകരിക്കുമല്ലോ അല്ലേ '
സ്നേഹത്തോടെ മരിയ ആൻഡേഴ്സൺ.''

മുപ്പതു വർഷം മുൻപ് ഞാൻ സ്‌കൂൾ അദ്ധ്യാപകനായിരിക്കുമ്പോൾ എന്റെ ശിഷ്യനായിരുന്ന റോബിൻ ഇന്നലെ അയച്ചു തന്ന സന്ദേശവും ചിത്രങ്ങളുമാണ് ഇവിടെ ചേർത്തത്. റോബിൻ ഇപ്പോൾ വൈദികനായി ആസാമിൽ വൈദിക ശുശ്രുഷകൾക്കൊപ്പം ഗവേഷണവും പഠനവും നടത്തുന്നു.
റോബിൻ ചോദിച്ചു ' സാർ ഇത് ശരിയാകുമോ? സാറിന്റെ അഭിപ്രായം അറിയാൻ വിളിച്ചതാ '
'റോബിനെന്ത് തോന്നുന്നു?'
'സാറേ അത്ര പന്തിയല്ലെന്ന് തോന്നിയിട്ടാ സാറിനോട് ചോദിക്കുന്നത്'
' ഓക്കേ. ചുമ്മാ വരുന്ന ഒരു സമ്മാനം വേണ്ടെന്ന് വെക്കണ്ട റോബിൻ . അവിടെ കൊണ്ടുവന്ന് തരുമ്പം വെറുതെ ഒപ്പിട്ടു വാങ്ങിയാൽ മതിയെങ്കിൽ വിട്ടു കളയരുത്'.
മരിച്ചു പോയവരുടെ ആത്മാക്കൾക്ക് സങ്കടമായാലോ!
'സാറേ ഗോഹാട്ടിയിൽ എത്തിച്ച് തരുമെന്നാ പറഞ്ഞിരിക്കുന്നത് '
'.. പക്ഷെ ഒരു കാര്യം റോബിൻ . പണം കൊടുത്തിട്ടുള്ള ഒരു ഇടപാടിനും പോകരുത് .ഒരു ഒപ്പ് മാത്രമേ മുടക്കു ള്ളുവെങ്കിൽ വേണ്ടെന്നു വെക്കണ്ട
ഓക്കേ സർ .
ഞാൻ ചോദിച്ചു റോബിൻ ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഒരാൾ ഇത്രയും വലിയ സമ്മാനം എന്തിനാവും അയച്ചു തരുന്നത്?
അതാ സാറെ എനിക്കും മനസിലാകാത്തത്. അവര് എല്ലാത്തിന്റെയും ഫോട്ടോ അയച്ചിട്ടുണ്ട് .' .
അവർ ഫോട്ടോ മാത്രമല്ലേ അയച്ചിട്ടുള്ളൂ. അത് വരുമോയെന്ന് ആർക്കറിയാം? ?
അതറിയില്ല സാർ
'റോബിൻ ,.എന്നാൽ കേട്ടോളൂ. . നാളെ രാവിലെ റോബിന് ഡൽഹിയിൽ നിന്ന് എന്ന് പറഞ്ഞ് ഒരു വിളി വരും ..മിക്കവാറും ഒരു സ്ത്രീ ആയിരിക്കും വിളിക്കുക .. റോബിൻ സാർ ഞാൻ ഡൽഹി എയർപോർട്ടിൽ നിന്നാണ് വിളിക്കുന്നത് . എന്റെ പേര് സാവിത്രി ശർമ്മ . സരോജിനി വർമ്മ അല്ലെങ്കിൽ അങ്ങനെ ഒരു പേര് പറയും . താങ്കളുടെ പേരിൽ വന്ന ഒരു പാർസൽ ഇവിടെ കസ്റ്റംസ് പിടിച്ചു വെച്ചിരിക്കുകയാണ് . ഞാൻ അത് നിങ്ങൾക്ക് വേണ്ടി ക്ലിയർ ചെയ്യാൻ നിൽക്കുകയാണ്. ഉടനെ ഒരു 25000 രൂപ അയക്കണം . കസംസ് ഡ്യൂട്ടി അടച്ചാലേ അത് വിട്ടു കിട്ടുകയുള്ളൂ .' ഇതായിരിക്കും അവർ ആദ്യം പറയുക .'
'അപ്പൊ എന്ത് ചെയ്യണം സാർ ? സാറിന് ഇതെങ്ങനെ അറിയാം ?'
'ഇങ്ങനെ കാശു പോയ കുറേ മാന്യമഹാജനങ്ങളെ എനിക്കറിയാം.
റോബിൻ അവരോട് ഇങ്ങനെ പറയൂ ' ഡൽഹിയിലുള്ള എന്റെ അനിയൻ പണവുമായി നിങ്ങളുടെ അടുത്തു വരും . എവിടെ കാണണമെന്ന് പറഞ്ഞാൽ മതി '
'ഓക്കേ സാർ '


ഇന്നലെ ഉച്ചയ്ക്ക് മുൻപ് റോബിൻ വിളിച്ചു 'സാർ പറഞ്ഞപോലെ തന്നെ സംഭവിച്ചു . ചെറിയ വ്യത്യാസം മാത്രം.
വിളിച്ച സ്ത്രീയുടെ പേര് സുനിത ശർമ്മ . കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാൻ ചോദിച്ചത് 25000 അല്ല 29900. '
'എന്നിട്ടെന്തു പറഞ്ഞു? '
'പണവുമായി അനിയനെ വിടാം. അവൻ വിളിക്കുമ്പോൾ നിങ്ങൾ എവിടെയാണെന്ന് അവനോട് പറഞ്ഞ് കൊടുത്താൽ മതിയെന്ന് ഞാൻ പറഞ്ഞു. അപ്പം അവർക്ക് വരാൻ പറ്റില്ലെന്നും അക്കൗണ്ടിൽ പണം ഇട്ടാൽ ഉടനെ ക്ലിയർ ചെയ്യാമെന്നുമൊ ക്കെയാണ് പറയുന്നത് . അക്കൗണ്ട് നമ്പർ അയക്കാമെന്നും പറഞ്ഞു '
'ഓക്കേ അവരുടെ നമ്പർ എനിക്ക് തരൂ '
റോബിനച്ചൻ തന്ന സുനിതയുടെ നമ്പറിൽ ഞാൻ പല തവണ വിളിച്ചു. ഫോൺ അടിച്ചെങ്കിലും ആരും എടുത്തില്ല. ഠൃൗല രമഹഹലൃ വെച്ച് അവർ അപകടം മണത്തു കാണും.പിന്നീട് ആ ഫോൺ ' നിലവിലില്ലാ'തെയായി.
സുനിതയെയും ആൻഡേഴ്സൺ സംഘത്തെയും കുടുക്കണമെന്ന എന്റെ പദ്ധതി നടന്നില്ല . റോബിൻ കുടുങ്ങിയില്ല എന്ന് മാത്രം ..

കുറച്ചു നാൾ മുൻപ് ഡോക്ടർ സാമൂവൽ ജോൺ വിളിച്ചു. പ്രസതമായ ഒരു സ്വകാര്യ ആശുപത്രിയിലെ പ്രധാനി ' എനിക്ക വന്ന ഒരു പാർസൽ ഡെൽഹി കസ്റ്റസിൽ പിടിച്ചു വെച്ചിട്ടുണ്ട് . അവർ പറഞ്ഞിട്ട് രണ്ടു തവണയായി ഞാൻ 56000 രൂപ അയച്ചു . ഒരു ലക്ഷം കൂടി അടയ്ക്കാൻ പറഞ്ഞിരിക്കുകയാ . അവിടെ കസ്റ്റംസിൽ ആരെങ്കിലും ഫ്രെണ്ട്സ് ഉണ്ടോ പെട്ടന്ന് ക്ലിയർ ചെയ്യാൻ? '
'ഫ്രെണ്ട്സ് ഉണ്ട്. പക്ഷേ ആ പാർസൽ ആരാണയച്ചത് എന്ന് ഡോക്ടർക് അറിയാമോ?
റോബിൻ പറഞ്ഞ അതേ കഥ ഡോക്ടർ സാമൂവൽ പറഞ്ഞു. ഇത്തിരി വ്യത്യാസം .അയച്ചിരിക്കുന്നത് ഒരു ആനി വില്യംസ് ആണ് . അവരയച്ച അഞ്ചു ലക്ഷം പൗണ്ട് അടങ്ങിയ പെട്ടിയാണ് കസ്റ്റംസ് പിടിച്ചു വെച്ചിരിക്കുന്നത്. അയച്ച ആളെ മുൻ പരിചയമില്ല '
'സാമൂവൽ, പോയത് പോയി . ആ പാർസൽ ഒരിക്കലും വരാൻ പോകുന്നില്ല . അവരയച്ച പടങ്ങൾ ഈ നഷ്ടത്തിന്റെ ഓർമ്മക്കായ് സൂക്ഷിച്ചു വെക്കുന്നത് നന്നായിരിക്കും ' ഞാൻ പറഞ്ഞു .
'സാറേ ഇതാരോടും പറയരുതേ ' ഡോക്ടർ അപേക്ഷിച്ചു . ചതി മണത്തപ്പോഴാണ് ഡോക്ടർ എന്റെ സഹായം ചോദിച്ചത്.ആരോടും പറയാതെ നിധി സ്വന്തമാക്കാൻ ഇറങ്ങിയ ഡോക്ടർക്ക് ചുമ്മാ അമ്പത്താറായിരം പോയിക്കിട്ടി .


രണ്ടു മാസം മുൻപ് എറണാകുളം രൂപതയിലെ ഒരിടവക വികാരി, ഫാദർ ജോൺ പുഴയോരം വിളിച്ചു . സംഗതി ഇതൊക്കെത്തന്നെ , പേരും തുകയും മാറ്റമുണ്ട് . വെറും അച്ചനല്ല. എം എ ഇംഗ്ലീഷ് സാഹിത്യം റാങ്ക് , മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റ് , മൂന്നു വട്ടമായി ഫാദർ പുഴയോരം 'മദാമ്മ സുന്ദരിക്ക് ' ഒന്നര ലക്ഷം കൊടുത്തിട്ടും ഡൽഹി കസ്റ്റംസ് ദുഷ്ടന്മാർ പാർസൽ വിടുന്നില്ലത്രേ . പുല്ലാട്ട് സാർ ഒന്ന് വിളിച്ചു പറയണം '.
'പോയത് പോയി അച്ചാ . അച്ചന്റെ കൈയിൽ ഇത്രേം പൈസ ഉണ്ടാരുന്നോ ?
'എന്നാ പറയാനാ ജോർജ് സാറേ . ചാച്ചന്റെ കയ്യീന്ന് മേടിച്ചതാ . സാറിതു ആരോടും പറയല്ലേ '
ഇങ്ങനെ നാലഞ്ച് 'സമ്പന്ന മന്ദബുദ്ധി' കൾ കുഴിയിൽ ചാടിയ കഥ എനിക്ക് നേരിട്ടറിയാം . എത്രയോ പേർ ആരോടും മിണ്ടാതെ നടക്കുന്നുണ്ടാവാം! ഇത് വായിക്കുന്ന നിങ്ങൾക്ക് എപ്പോഴെങ്കിലും ഇങ്ങനൊന്നു കിട്ടിയിട്ടുണ്ടോ ?
നഷ്ടപ്പെടാൻ വേണ്ടി കഴുത്തു വെച്ചുകൊടുക്കുന്ന മലയാളികളെ തേടി ഇനിയും ഇംഗ്ലീഷ് സുന്ദരികൾ വലയിടും സൂക്ഷിച്ചോ .