- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീഡിയോ കോളിൽ തെളിയുന്ന നഗ്നമേനികൾ; വാട്സ് ആപ്പിലും ഫേസ്ബുക്കിലും കോളുകൾ എത്താം; ലോക്ക് ഡൗൺ കാലത്ത് ചടഞ്ഞിരിക്കുമ്പോൾ അൽപ്പം മാനസിക ഉല്ലാസമാകാം എന്നു കരുതി പരിചയമില്ലാത്തവരുമായി സൗഹൃദം ഉണ്ടാക്കുന്നവർ സൂക്ഷിക്കുക! ഹണിട്രാപ്പുമായി തട്ടിപ്പുകാർ രംഗത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ലോക്ക് ഡൗൺ തുടങ്ങുകയാണ്. അതുകൊണ്ട് തന്നെ ഭൂരിപക്ഷം ജനങ്ങളും വീട്ടിൽ ചടഞ്ഞിരിക്കേണ്ട സമയാണ് ഇപ്പോൾ. ഇങ്ങനെ വീട്ടിൽ തന്നെയിരിക്കുമ്പോൾ അൽപ്പം മാനസിക ഉല്ലാസം ആകാം എന്നുകരുതി ഓൺലൈൻ സൗഹൃദങ്ങളെ തേടുന്നവർ സൂക്ഷിക്കുക. കാരണം നിങ്ങളെ നാത്തിരിക്കുന്നത് ഓൺലൈൻ ഹണിട്രാപ്പുകാരായിരിക്കും. നിങ്ങൾപോലും അറിയാതെ നിങ്ങൾ ഒരുപക്ഷേ ബ്ലാക്മെയിലിംങിന് ഇരയായേക്കാം. സൈബർ ഇടത്തിൽ അടുത്തുകൂടി ഹണിട്രാപ്പിൽ പെടുത്തുന്ന സംഘങ്ങൾ കേരളത്തിൽ വർധിച്ചു വരികയാണ്.
ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് ഹണി ട്രാപ്പിലാക്കി പണം തട്ടുന്ന സംഘങ്ങളാണ് ഇപ്പോൾ വാട്സ് ആപ്പിലേക്കും ടെലഗ്രാമിലേക്കുമൊക്കെ നുഴഞ്ഞു കയറിയിരിക്കുന്നത്. ഹലോ, നീ എവിടെ, സുഖമാണോ, അറിയുമോ, മറന്നോ തുടങ്ങിയ സന്ദേശങ്ങൾ അയച്ചാകും തുടക്കം. പഴയ സഹപാഠികളാരെങ്കിലുമാകുമെന്ന് കരുതിയാകും പലരും മറുപടി നൽകുക. പരിചയമില്ലെന്ന് അറിയിച്ചാൽ വൈകാരികമായ സന്ദേശങ്ങൾ അയച്ച് സൗഹൃദം സ്ഥാപിച്ചെടുക്കും.
അടുപ്പം സ്ഥാപിച്ച ശേഷം വീഡിയോ കോൾ ചെയ്യും. വാട്സാപ്പ് വീഡിയോ കോളിൽ സംസാരിച്ചു കൊണ്ടിരിക്കെ വേഗത്തിൽ വീഴുന്നവരോട് നഗ്നത പ്രകടിപ്പിക്കാൻ ആവശ്യപ്പെടും. ഇതിൽ വീഴാത്തവരെ പെടുത്താനും നമ്പറുണ്ട് ഇവരുടെ കൈയിൽ.വീഡിയോ കോളിൽ നഗ്നമേനി
സാധാരണ രീതിയിൽ വീഡിയോ കോളിൽ മുൻകാമറയിൽ സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി പിൻകാമറ ഓണാക്കും. പിന്നിൽ സെക്സ് വീഡിയോ ലാപ്ടോപ്പിലോ കമ്പ്യൂട്ടറിലോ പ്രദർശിപ്പിക്കും. ഇത് റെക്കോഡ് ചെയ്തെടുത്ത് നഗ്നത വീക്ഷിച്ചിരുന്ന തരത്തിലാക്കും. ഇത് പിന്നീട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു നൽകുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടും.
മലയാളികൾ തന്നെയാണ് ഹണിട്രാപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്. മുമ്പ് ഇത്തരം തട്ടിപ്പുകൾക്കു പിന്നിൽ പ്രവർത്തിച്ചിരുന്നവരെല്ലാം വടക്കേ ഇന്ത്യക്കാരായിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്ന അപരിചിതരായ സുഹൃത്തുക്കളായാണ് ഇവർ എത്തിയിരുന്നത്. ശേഷം വീഡിയോ കോൾ ചെയ്ത് കുടുക്കുന്നതായിരുന്നു രീതി. പിന്നീട് വാട്സാപ്പിൽ അപരിചിത നമ്പറിൽനിന്ന് വീഡിയോ കോൾ ചെയ്യുകയും ഫോൺ എടുക്കുമ്പോൾ തന്നെ നഗ്നത പ്രദർശിപ്പിച്ച് റെക്കോഡ് ചെയ്യുകയും ചെയ്യും.
ഈ തട്ടിപ്പ് തുടർന്നതോടെ അപരിചിതരുടെ നമ്പറിൽനിന്ന് വരുന്ന വാട്സാപ്പ് വീഡിയോ കോളുകൾ എടുക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഇതോടെയാണ് പൂർവകാല സുഹൃത്തുക്കൾ ചമഞ്ഞുള്ള തട്ടിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.കൊച്ചിയിൽ കെണിയിലായത് 25 ലധികം പേർ ഹണിട്രാപ് സംബന്ധിച്ച കേസുകൾ കൂടി വരികയാണെന്നും 25 പരാതികളാണ് കഴിഞ്ഞമാസം കൊച്ചിയിൽ മാത്രം ലഭിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഹൈ പ്രൊഫൈലുള്ളവരാണ് തട്ടിപ്പിൽ വീഴുന്നതെന്നും പൊലീസ് സൂചിപ്പിച്ചു.
ലോക്ക് ഡൗൺ സമയത്ത് ക്രമസമാധാന പ്രശ്നങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും എണ്ണത്തിൽ കാര്യമായ കുറവുണ്ടാകുമെങ്കിലും സൈബർ കുറ്റകൃത്യങ്ങളിൽ കാര്യമായ കുറവില്ലെന്നതാണ് വസ്തുത. ഫോൺ വഴിയും സമൂഹ മാധ്യമങ്ങൾവഴിയും സ്ത്രീകളെ അപമാനിക്കുകയും മോർഫ് ചെയ്തതും അല്ലാത്തതുമായ അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുകയും അതിന്റെ പേരിൽ വിലപേശൽ നടത്തുകയും ചെയ്യുന്നവരാണ് വില്ലന്മാർ. വീട്ടമ്മമാർക്കും കോളേജ് വിദ്യാർത്ഥിനികൾക്കുമൊപ്പം യുവാക്കളെയും വലയിലാക്കാൻ വിരുതന്മാരാണിവർ. ഒറ്റനോട്ടത്തിൽ തങ്ങളാണെന്ന് ഇരകൾക്ക് തോന്നുന്ന വിധത്തിലുള്ള രൂപഭാവങ്ങളോട് കൂടിയ വീഡിയോകളാണ് ഇത്തരക്കാർ തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ഫോൺകോളുകളിലോ ചാറ്റിംഗിലോ ഇരകളായവരാണെങ്കിൽ വീഡിയോകളുടെ പേരിൽ വിലപേശി പണം തട്ടുകയോ മറ്റ് രീതികളിൽ ചൂഷണം ചെയ്യുകയോ ചെയ്യും.
സ്ത്രീകളുടെ പേരിൽ സോഷ്യൽ മീഡിയയിലും ഡേറ്റിങ് ആപ്ലിക്കേഷനിലും വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച ശേഷം യുവതീയുവാക്കളോട് ലൈവ് വീഡിയോ വഴി സെക്സ് ചാറ്റിങ് നടത്തുകയും തുടർന്ന് സ്ക്രീൻ റെക്കോഡറിന്റെ സഹായത്തോടെ സേവ് ചെയ്ത വീഡിയോയുടെ പേരിൽ വിലപേശുന്നതുമാണ് ഇവരുടെ രീതി. പണം നൽകാതിരുന്നാൽ ചിത്രീകരിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിലും, പോൺഹബ്ബ്, എക്സ് വീഡിയോസ് മുതലായ പോൺസൈറ്റുകളിലും പ്രചരിപ്പിക്കുമെന്നും സുഹൃത്തുക്കൾക്കും അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും അയക്കുമെന്നും ഭീഷണി മുഴക്കുന്നതും പതിവാണ്.
സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നേരിട്ടറിയാവുന്നവരെ മാത്രം ഫ്രണ്ട്സാക്കുക. ഫോൺ മുഖാന്തരം ബന്ധപ്പെട്ട് അവരാണെന്ന് ഉറപ്പാക്കിയശേഷമേ സൗഹൃദമാകാവൂ. ഫ്രണ്ട്സിന്റെ എണ്ണക്കൂടുതൽ നോക്കിയല്ല ആരും നിങ്ങളുടെ സ്റ്റാറ്റസ് അളക്കുന്നത്. അത് ഒരു ക്രെഡിറ്റായി കരുതാനും പാടില്ല തുടങ്ങിയ നിർദേശങ്ങളാണ് പൊലീസ് തട്ടിപ്പിൽ നിന്നും നേടാനായി നിർദേശിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ