കൊച്ചി: വീട്ടിലിരുന്ന് സൗജന്യമായി വിവിധ തരം ജോലികൾ ചെയ്തു വരുമാനം ഉണ്ടാക്കാൻ കഴിയുന്ന ഒരേയൊരു സൈറ്റിന്റെ പേരിൽ പത്രപരസ്യം വഴി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ കൊച്ചി പോലുള്ള നഗരങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. വിവിധ തരം ഓൺലൈൻ തട്ടിപ്പുകളെ പറ്റി മറുനാടൻ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. വിവിധ തരം പരസ്യങ്ങൾ കണ്ട് പണം സമ്പാദിക്കുന്നത് ഉൾപ്പടെ ഡാറ്റ എൻട്രി, കോപ്പി പേസ്റ്റുകൾ തുടങ്ങിയവയെക്കുറിച്ചെല്ലാം പരാമർശിച്ചിരുന്നു. എന്നാൽ കമ്പ്യൂട്ടറിന്റെ മുമ്പിൽ മുഷിയാതിരുന്നു ജോലി ചെയ്യാൻ തയ്യാറുള്ളവർക്ക് വലുതല്ലെങ്കിലും മോശമല്ലാത്ത വരുമാനം നൽകുന്ന ഒരു സൈറ്റാണ് ആമസോൺ മെക്കാനിക്കൽ ടർക്ക്. എം ടർക്ക് എന്നറിയപ്പെടുന്ന സൈറ്റിൽ വിവിധ തരം വർക്കുകൾ ഉണ്ട്. നിത്യേന രണ്ടുലക്ഷത്തിലധികം ടാസ്‌കുകൾ ഇതിൽ ഉണ്ടാകാറുണ്ട്.

ഡാറ്റ എൻട്രി മുതൽ ഓഡിയോ ട്രാൻസ്‌ലേഷൻ വരെയുള്ള വിവിധ തരം ജോലികൾ ഒരു ഇമെയിൽ വച്ച് രജിസ്റ്റർ ചെയ്താൽ ആർക്കും വർക്കുകൾ എടുത്തു ചെയ്യാം. വർക്ക് ചെയ്തത് ശരിയാണെന്ന് വർക്ക് നൽകിയ വ്യക്തി അംഗീകരിച്ചാൽ വർക്കിനൊപ്പം കാണിച്ച പ്രതിഫലം ലഭിക്കും. മിനിമം പത്ത് ഡോളർ ആയാൽ പ്രതിഫലം പിൻവലിക്കാം. പത്ത് ഡോളർ എന്നത് ആയിരം ഡോളർ ആക്കി പിൻവലിച്ചാലും മിനിമം നാലു ഡോളർ വച്ചു സൈറ്റ് സർവീസ് ചാർജ് ഈടാക്കും. പത്ത് ഡോളർ ആയി പിൻവലിച്ചാലും നാലു ഡോളർ ഫീസ് ഈടാക്കും. തുക ഇന്ത്യൻ മണിയാക്കി ചെക്കായാണ് അയച്ചു തരിക.

പൂർണമായും സൗജന്യമായ ഈ സൈറ്റിൽ വർക്ക് ചെയ്യുന്ന നിരവധി പേരുണ്ട്. ഈ സൈറ്റിന്റെ പേരിലാണ് പത്രപരസ്യങ്ങൾ വഴി തട്ടിപ്പ് നടക്കുന്നത്. വിവിധ തരം വർക്കുകൾ എന്നു പറഞ്ഞ് കാണിക്കുന്ന പത്രപരസ്യങ്ങളിൽ വിളിച്ചാൽ ഈ സൈറ്റിന്റെ പേര് പറയാതെ ട്രെയിനിങ്ങ് എന്നുപറഞ്ഞ് പണം വാങ്ങുന്നതാണ് രീതി. കൊച്ചിയിലെ ഒരു ഓഫീസിലേക്ക് വിളിച്ച് മൂവായിരം മുതൽ അയ്യായിരം രൂപ വരെയാണ് ട്രെയിനിങ്ങ് ചാർജായി ഈടാക്കുന്നത്. ട്രെയിനിങ്ങ് എന്നു പറയുന്നതും വെറുതെ സൈറ്റ് കാണിച്ചു തരലും മറ്റുമാണ്. സൈറ്റിൽ തന്നെ വിശദമായി വർക്ക് ചെയ്യേണ്ട കാര്യങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്. ട്രെയിനിങ്ങിന് ശേഷം ഇവരുടെ പേരിൽ സൈറ്റിൽ രജിസ്റ്റർ ചെയ്തു നൽകും. ഇതിന്റെ പാസ്‌വേഡും ഇമെയിൽ വിലാസവും ട്രെയിനിങ്ങ് നൽകുന്നവർ സൂക്ഷിച്ചു വെക്കും.

പിന്നിട് ട്രെയിനിങ്ങ് പൂർത്തിയാക്കിയ വ്യക്തി വിട്ടിലെത്തി വർക്കുകൾ ചെയ്തു കിട്ടുന്ന പേയ്‌മെന്റ് കൂടി തട്ടിപ്പുകാർ അവരുടെ അക്കൗണ്ടിലേക്ക് മാറ്റി അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്ന പതിവുണ്ട്. ഇങ്ങനെ സംഭവിക്കുന്നത് വർക്ക് ചെയ്തത് ശരിയാവാത്തതു കൊണ്ടാണെന്ന് പറഞ്ഞ് വീണ്ടും ഒരു സർവീസ് ചാർജ് ഈടാക്കി വീണ്ടും അക്കൗണ്ട് ക്രിയേറ്റ് ചെയ്തു നൽകുന്നവരുണ്ട്. പത്രങ്ങളിൽ കാണുന്ന കമ്പ്യൂട്ടർ വർക്കുകൾ 90 ശതമാനവും വ്യാജമാണെന്ന് മുൻപേ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നതാണ്. പുതിയ വായനക്കാരെ ഉദ്ദേശിച്ച് അതിൽ ചിലത് കൂടി ഓർമ്മപ്പെടുത്താം.

കമ്പ്യൂട്ടർ ജോലികളെ പൂർണ്ണമായും ഇന്റർനെറ്റിനെ ആശ്രയിക്കുന്ന ഓൺലൈൻ, ഇന്റർനെറ്റ് ആവശ്യമില്ലാത്ത ഓഫ് ലൈൻ എന്നിങ്ങനെ രണ്ടു വിഭാഗമായി വേർതിരിച്ചിട്ടുണ്ട്. ഡാറ്റ എഡിറ്റിങ്, പി.ഡി.എഫ്. കൺവെർഷൻ, ഡാറ്റ എൻട്രി മുതലായവ ഓഫ് ലൈൻ ജോലികളാണ്. വിവിധ തരം സർവ്വേകൾ, ആഡ്‌സ്‌വ്യൂ, ആർട്ടിക്കിൾ റൈറ്റിങ്, റീഡിങ്, മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ മുതലായവ ഓൺ ലൈൻ ജോലികളാണ്. വിവിധ രാജ്യങ്ങളിലെ പ്രമുഖ പ്രസാധകരും യൂണിവേഴ്‌സിറ്റികളും മറ്റും അവരുടെ ജോലികൾ ഇന്ത്യയെ പോലുള്ള രാജ്യത്തെ ഐ.ടി.വിദഗ്ദ്ധർക്ക് ബി.പി.ഒ. അടിസ്ഥാനത്തിൽ നൽകാറുണ്ട്. പാർട്ട്‌ടൈമായി കിട്ടുന്ന ഈ ജോലിയിൽനിന്നു നല്ല വരുമാനം ലഭിക്കും. നിരവധി ഓൺ ലൈൻ സൈറ്റുകളിലും സൗജന്യമായി അക്കൗണ്ട് എടുത്ത് ജോലി ചെയ്ത് വരുമാനമുണ്ടാക്കാം. യഥാർത്ഥ ബി.പി.ഒ. കമ്പനികളോ വെബ് സൈറ്റുകളോ ജോലി ചെയ്യുന്നതിന് ഒരുതരത്തിലുമുള്ള ഫീസും ഡെപ്പോസിറ്റും മുൻകൂറായി ആവശ്യപ്പെടാറില്ല. ഇത് അറിയാതെ കമ്പ്യൂട്ടറിലൂടെ വരുമാനം തേടുന്ന യുവാക്കളെയാണ് കേരളത്തിലെ വ്യാജസ്ഥാപനങ്ങൾ തട്ടിപ്പിന് ഇരയാക്കുന്നത്.

ജോലി ചെയ്താൽ വരുമാനം ലഭിക്കുന്ന സൈറ്റുകളിലെ വിവരങ്ങൾക്കും അതിലെ ജോലി പഠിപ്പിക്കാനും വേണ്ടിയുള്ള സിഡി കൾ 2000 മുതൽ 5000 രൂപയ്ക്കാണ് വി.പി.പി.യായി അയച്ചു കൊടുക്കുന്നത്. ഇത്തരം സിഡികളിൽ അധികവും ഉയർന്ന വരുമാനം കാണിച്ച് പ്രതിഫലം നൽകാത്ത വ്യാജ സൈറ്റുകളുടെ വിലാസമാവും ഉണ്ടാകുക. ഓഫ് ലൈൻ വർക്കുകളുടെ തട്ടിപ്പാണ് നമ്മുടെ നാട്ടിൽ അധികവും നടക്കുന്നത്. ജോലി ലഭിക്കണമെങ്കിൽ പരസ്യം കൊടുത്ത സ്ഥാപനവുമായി 6 മാസം, 11 മാസം എന്നിങ്ങനെ പല കാലയളവിലുള്ള എഗ്രിമെന്റു വെക്കണം. എഗ്രിമെന്റിനൊപ്പം വർക്കു കിട്ടുന്നതിനുവേണ്ടി ഒരു തുക ഡെപ്പോസിറ്റായി അടക്കണം.

3500 മുതൽ 25,000, ചില വർക്കിന് 2 ലക്ഷം രൂപയാണ് ഡെപ്പോസിറ്റ് തുക. ഏറ്റവും ചെറിയ ഡാറ്റ എഡിറ്റിങ് വർക്ക് 3500 രൂപ നൽകി ഒരു വർഷക്കാലാവധിക്ക് എടുത്താൽ 600 പേജുകൾ ടൈപ്പ് ചെയ്തത് അയച്ചു തരും. വിദേശത്തെ ഒരു യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൽ നിന്നാണ് ഇവ അയയ്ക്കുന്നതെന്നാണ് പറയുക. അവർ ടൈപ്പ് ചെയ്തതിലുള്ള തെറ്റ് തിരുത്തി മടക്കി അയയ്ക്കലാണ് ജോലി. ഒരു പേജിന് 20 രൂപ വച്ച് 12,000 രൂപ മാസം പ്രതിഫലം. 11 മാസത്തിന് 1,32,000 രൂപ അടച്ച സെക്യൂരിറ്റിതുക 3500 രൂപ ചേർത്ത് മടക്കിക്കിട്ടുമെന്നാണ് പറയുക. പക്ഷെ അക്യുറസി അഥവാ തെറ്റില്ലാതെ അയക്കുന്ന വർക്കിനു മാത്രമേ പ്രതിഫലം നൽകൂ എന്നുണ്ട്. അക്യൂറസി 97 ശതമാനം കുറഞ്ഞാൽ പേമെന്റ് നൽകാതെ കരാർ റദ്ദാക്കാനുള്ള അധികാരം സ്ഥാപനത്തിനുണ്ട്.

അക്യുറസി കണക്കാക്കുന്നത് സോഫ്റ്റ് വെയർ ഉപയോഗിച്ചാണ്. ഒരു ഫുൾസ്റ്റോപ്പ് ഇടാൻ മറന്നാൽ ഒരു ശതമാനം അക്യുറസി, ഒരു അക്ഷരം വിട്ടാൽ 3 ശതമാനം, സ്‌പേസ് വിട്ടാൽ 5 ശതമാനം, ഒരു വരി വിട്ടാൽ 10 ശതമാനം എന്നിങ്ങനെ അക്യുറസി കുറയ്ക്കും. വർക്ക് ചെയ്യുന്നയാൾ സോഫ്റ്റ് വെയർ ഉപയോഗിക്കാൻ പാടില്ലെന്ന് നിബന്ധനയുണ്ട്. ഇതു പ്രകാരം ഒരാൾക്കു പോലും പേമെന്റ് കൊടുക്കേണ്ടി വരാറില്ല. ഒരാൾക്ക് കൊടുത്ത വർക്ക് ഫയൽ തന്നെ വേറെ നൂറുപേർക്ക് അയച്ചു കൊടുത്തിരിക്കും. ഇടയ്ക്കിടക്ക് പരസ്യങ്ങൾ നൽകി പുതിയ ഇരകളെ കണ്ടെത്തുകയാണ് ഇവർ ചെയ്യുന്നത്. ഇവർ തരുന്ന എഗ്രിമെന്റ് ഉപയോഗിച്ച് ഒരു പെറ്റി കേസെടുക്കാൻ കഴിയില്ല.