- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ തൊഴിൽ തട്ടിപ്പ് സംഘങ്ങൾ കേരളത്തിലും വ്യാപകം; സംഘങ്ങൾ പ്രവർത്തനം വ്യാപിപ്പിക്കുന്നത് വാടസ് ആപ്പ് വഴിയുള്ള ഇടപാടിലുടെ; സംസ്ഥാനത്താകെ സമീപകാലത്ത് റിപ്പോർട്ട് ചെയ്തത് 300 ഓളം കേസുകൾ; അന്വേഷണം ഊർ്ജ്ജിതമാക്കി പൊലീസ്
പാലക്കാട് : സംസ്ഥാനത്ത് ഓൺലൈൻ തൊഴിൽ തട്ടിപ്പ് സംഘങ്ങൾ പെരുകുന്നു. ലോക്ഡൗണും കോവിഡ് പ്രതിസന്ധിയുമൊക്കെ മറയാക്കി വർക്ക് ഫ്രം ഹോമിന്റെ പേരിലുൾപ്പടെയാണ് ഇത്തരം സംഘങ്ങളുടെ തട്ടിപ്പ്.സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മുന്നൂറിലേറെ കേസുകളിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി. 7,000 മുതൽ 20,000 രൂപ വരെ നഷ്ടമായവരുണ്ട്.പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ജോലി വാഗ്ദാനം ചെയ്തു പണം തട്ടുന്ന വ്യാജ ഓൺലൈൻ റിക്രൂട്‌മെന്റ് ഏജൻസികൾക്കെതിരെ ജാഗ്രത വേണമെന്നു പൊലീസ് നിർദ്ദേശിച്ചു.
റെയിൽവേ, ദേശസാൽകൃത ബാങ്കുകൾ, കേന്ദ്രസംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, അർധസർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഒഴിവുണ്ടെന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചാണു തട്ടിപ്പ്. പാലക്കാട്, കോഴിക്കോട്, എറണാകുളം ജില്ലകളിലെ സ്വകാര്യ ആശുപത്രികളിൽ ജോലി ഒഴിവുണ്ടെന്നു കാണിച്ച് ഈയിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സന്ദേശം വ്യാജമാണെന്നു തെളിഞ്ഞു. ആശുപത്രി അധികൃതരുടെ പരാതിയിൽ അന്വേഷണം തുടങ്ങി.സ്ഥാപനങ്ങളുടെ പേരുകളോടു സാമ്യമുള്ള വ്യാജ വെബ്‌സൈറ്റുകളും ഇമെയിൽ ഐഡിയും നൽകി കബളിപ്പിക്കും.
പലരും സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റാണെന്നു കരുതി രജിസ്റ്റർ ചെയ്യും. ഇതോടെ മൊബൈലിലേക്കു വിളിച്ച് ഓൺലൈൻ വഴി പണം അടയ്ക്കാൻ ആവശ്യപ്പെടും. വ്യക്തിവിവരങ്ങളും ചോർത്തും. ഇങ്ങനെയാണ് തട്ടിപ്പിന്റെ രീതി.പൊലീസ്, കേന്ദ്രസേനകളിൽ റിക്രൂട്‌മെന്റ് നടത്തുന്നുവെന്ന പേരിൽ ഓൺലൈനിൽ വ്യാജ പരസ്യം നൽകി പണം തട്ടിയ 2 പേരെ പാലക്കാട്ട് അറസ്റ്റ് ചെയ്തിരുന്നു. വീട്ടിലിരുന്നു ജോലി ചെയ്തു വരുമാനം നേടാമെന്ന പേരിലും പ്രമുഖ ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളിൽ ഡെലിവറി ബോയ് ജോലി ഒഴിവുണ്ടെന്ന പേരിലും മൊബൈൽ സന്ദേശം അയച്ചു പണം തട്ടിയ കേസുകളും അന്വേഷിച്ചുവരികയാണ്.
ജോലി ഒഴിവുകൾ സംബന്ധിച്ചു സമൂഹമാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങൾ ആധികാരിക ഉറപ്പു വരുത്താതെ ഫോർവേഡ് ചെയ്യരുതെന്നു സൈബർഡോമിന്റെ ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാം നിർദ്ദേശിച്ചു. സംസ്ഥാനത്തു ലഭിച്ച പരാതികളിൽ കൂടുതലും വാട്‌സാപ് വഴി ലഭിച്ച വ്യാജ സന്ദേശങ്ങളായിരുന്നു വില്ലൻ. സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ്, മാധ്യമങ്ങൾ, അംഗീകൃത ഏജൻസികൾ എന്നിവ വഴിയല്ലാതെ എത്തുന്ന പരസ്യങ്ങളുടെ ആധികാരിക ഉറപ്പു വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ