തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന മാദ്ധ്യമ പ്രവർത്തകർക്ക് പരിശീലനം നൽകുന്നതിനായി തിരുവനന്തപുരം പ്രസ് ക്ലബ്, ഇൻഡോ അമേരിക്കൻ പ്രസ് ക്ലബുമായി (ഐഎപിസി) സഹകരിച്ച് ഓൺലൈൻ ജേർണലിസം കോഴ്‌സ് ആരംഭിക്കും. ഇത്തരം ഒരു കോഴ്‌സ് പ്രസ്‌ക്ലബ് ആരംഭിച്ചാൽ സഹകരിക്കാമെന്നു ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ചെയർമാൻ ജിൻസ്‌മോൻ പി.സക്കറിയ പത്രസമ്മേളനത്തിൽ അറിയിച്ചപ്പോൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പ്രസ്‌ക്ലബ് പ്രസിഡന്റ് ആർ.അജിത്കുമാർ ആ നിർദേശത്തെ സ്വാഗതം ചെയ്തു.

പ്രസ് ക്ലബിന്റെ ജേർണലിസം ഇൻസ്റ്റിറ്റിയൂട്ട് ഈ കോഴ്‌സ് ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമമേഖലയിലെ അറിവു പങ്കുവയ്ക്കുകയെന്നത് ഐഎപിസിയുടെ അടിസ്ഥാന ലക്ഷ്യമാണെന്നും അതിനായി തിരുവനന്തപുരം പ്രസ്‌ക്ലബുമായി ചേർന്ന് ഓൺലൈൻ ജേർണലിസം കോഴ്‌സ് ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഐഎപിസി ചെയർമാൻ ജിൻസ്‌മോൻ സക്കറിയ പറഞ്ഞു. അമേരിക്കയിലെ മാദ്ധ്യമമേഖലയെക്കുറിച്ച് പ്രസക്ലബ് വിദ്യാർത്ഥികൾക്ക് കൂടുതൽ അറിയാനും ഇതുവഴി ലോകമാദ്ധ്യമസംസ്‌കാരം പരിചയപ്പെടാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവർത്തനപരിചയം പരസ്പരം കൈമാറുന്നതിനുവേണ്ടി ഇരു ക്ലബുകളും ഹ്രസ്വസന്ദർശന പരിപാടികൾ സംഘടിപ്പിക്കുമെന്നു ജിൻസ് മോൻ സക്കറിയ അറിയിച്ചു. പ്രസ് ക്ലബിന്റെ ജേർണലിസം ഇൻസ്റ്റിറ്റിയൂട്ടിൽനിന്നും എഡിറ്റിംഗിലും റിപ്പോർട്ടിംഗിലും ഇത്തവണ ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയ കുട്ടികളെ അമേരിക്കയിൽ ഹ്രസ്വ പര്യടനത്തിനു സ്‌പോൺസർ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. അന്താരാഷ്ട്ര മാദ്ധ്യമ സമ്മേളനം അടുത്തവർഷം കേരളത്തിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ലോകത്തിലെ വിവിധകോണുകളിലുള്ള പ്രഗത്ഭരായ മാദ്ധ്യമപ്രവർത്തകരെ കേരളത്തിൽ എത്തിക്കാനും അതുവഴി കേരളത്തിലെയും പുറത്തെയും മാദ്ധ്യമപ്രവർത്തകർക്ക് പരസ്പരം ആശയങ്ങൾ കൈമാറാനും സാധിക്കും.

ഇരു ക്ലബുകളും തമ്മിലുള്ള സൗഹൃദത്തിന്റെ ഭാഗമായി ജിൻസ്‌മോൻ സക്കറിയയെ പൊന്നാട അണിയിച്ചാണ് ആർ. അജിത്കുമാർ സ്വീകരിച്ചത്. പത്രസമ്മേളനത്തിൽ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ ലെയ്‌സൺ ഓഫീസർ അഡ്വ. ലാലു ജോസഫും പങ്കെടുത്തു.