തിരുവനന്തപുരം : ഓൺലൈനായി മദ്യം ബുക്ക് ചെയ്യാനുള്ള സംവിധാനത്തിന് മികച്ച പ്രതികരണം. ഓൺലൈനായി മദ്യം ബുക്ക് ചെയ്യാനുള്ള സൗകര്യം ആദ്യദിനം 400 പേർ ഉപയോഗിച്ചു. പരിഷ്‌കാരം വിജയിച്ചെന്നാണ ബിവറേജസ് കോർപറേഷന്റെ വിലയിരുത്തൽ. ഒരു പരാതി പോലും ലഭിച്ചില്ലെന്ന് മാനേജിങ് ഡയറക്ടർ യോഗേഷ് ഗുപ്ത പറഞ്ഞു.

തിരുവനന്തപുരം പഴവങ്ങാടി, കോഴിക്കോട് പാവമണി റോഡ്, കൊച്ചി മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലെ ഔട്ലെറ്റുകളിൽ നിന്നും ഓൺലൈനായി ബുക്ക് ചെയ്ത് മദ്യം വാങ്ങുന്നതിനാണ് സൗകര്യം ഏർപ്പെടുത്തിയത്. കോഴിക്കോട്ട് 96,980 രൂപയ്ക്കും കൊച്ചിയിൽ 67,800 രൂപയ്ക്കും തിരുവനന്തപുരത്ത് 60,840 രൂപയ്ക്കും ഓൺലൈൻ വഴി ബുക്ക് ചെയ്തവർക്കു മദ്യം വിറ്റു.

മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ, ഓണത്തിനു ശേഷം 22 ഷോപ്പുകളിൽ കൂടി സൗകര്യം വരും. പിന്നീട് എല്ലാ ഷോപ്പുകളിലേക്കും വ്യാപിപ്പിക്കും. മദ്യം വിൽക്കുന്ന ആപ്ലിക്കേഷനുകൾക്ക് ഗൂഗിൾ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതിനാലാണ് മൊബൈൽ ആപ്ലിക്കേഷൻ ഒരുക്കാൻ കഴിയാത്തത്. സർക്കാർ സംരംഭമെന്ന കാരണം ബോധ്യപ്പെടുത്തി ഇതിനായി ശ്രമം നടത്തുന്നുണ്ടെന്നും യോഗേഷ് ഗുപ്ത പറഞ്ഞു.