ന്യൂഡൽഹി: ഇന്ത്യയിൽ സ്ത്രീകളേയും കുട്ടികളേയും ഇരകളാക്കാൻ വലവിരിച്ച് ഓൺലൈൻ പിമ്പുകൾ കാത്തിരിക്കുന്നുവെന്ന മുന്നറിയിപ്പുമായി കുട്ടികളുടെ നേരെ നടക്കുന്ന ചൂഷണങ്ങളേ പറ്റി പഠിക്കുന്ന അന്താരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്. ഇന്ത്യയിൽ പെൺവാണിഭ മേഖലയിൽ പ്രവർത്തിക്കുന്ന സംഘങ്ങൾ കൂടുതലായി സ്‌കൂൾ കുട്ടികളേയും സ്ത്രീകളേയും ലക്ഷ്യമിടുന്നതായും ഇവരെ കെണിയിൽ വീഴ്‌ത്തി നഗ്ന ചിത്രങ്ങളും മറ്റും ഓൺലൈനിൽ പോസ്റ്റ് ചെയ്യിക്കുന്നതായുമാണ് എക്പാറ്റ് ഇന്റർനാഷണൽ എന്ന സംഘടന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

സൈബർ ലോകവുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള പ്രവർത്തനങ്ങളാണ് നിരീക്ഷിക്കപ്പെട്ടത്. ദക്ഷിണേഷ്യയിൽ ഇത്തരം പ്രവർത്തനങ്ങൾ കൂടുന്നതായും ഇന്ത്യയിലും ഇത് ശക്തമായി വരുന്നതായും സംഘടന കണ്ടെത്തി.

ഓൺലൈനിൽ ഇടനിലക്കാരുടെ വേഷമിട്ട് എത്തുന്നവർ കൂടുതലും നോട്ടമിടുന്നത് കൗമാരപ്രായക്കാരെയാണ്. എസ്‌കോർട്ട് ഏജൻസികളെന്ന നിലയിൽ ഇടപാടുകാരെ എത്തിച്ചുകൊടുക്കാൻ പ്രവർത്തിക്കുന്ന ഓൺലൈൻ സൈറ്റുകൾ ഇപ്പോൾ ഇടപാടുകൾക്ക് പണം സ്വീകരിക്കുന്നതുപോലും ഓൺലൈൻ വഴിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. സ്‌കൂൾ-കോളേജ് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ നൽകുന്നത് സൈറ്റുകളിലേക്ക് ആളുകളെ കൂടുതലായി ആകർഷിക്കുന്നു എന്ന് കണ്ടതോടെയാണ് കുട്ടികൾക്കുവേണ്ടി ഇക്കൂട്ടർ രംഗത്തിറങ്ങിയിരിക്കുന്നത്.

ഇന്ത്യയിൽ ലൈംഗിക ദൃശ്യങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്ന, വെബ്‌സൈറ്റുകളുടെ എണ്ണത്തിലും ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. കൂടുതൽപേരും സ്മാർട് ഫോണുകൾ ഉപയോഗിച്ചു തുടങ്ങിയതോടെ ഇത്തരം മൊബൈൽ ആപ്പുകളും ധാരാളമായി എത്തുന്നു. ലൈവ് സെക്‌സ് വീഡിയോയും ദൃശ്യങ്ങളും നൽകി പണം ഉണ്ടാക്കാനായി കുട്ടികളെ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫിലിപ്പീൻസിലും മറ്റും ഓൺലൈൻ സെക്‌സ് വ്യാപകമായതുപോലെ അതിവേഗമാണ് ഇന്ത്യയിലും ഇത്തരമൊരു സംസ്‌കാരം എത്തുന്നതെന്നാണ് സൂചനകൾ.

2016ൽ മാത്രം 20,000ത്തിൽ പരം സ്ത്രീകളും കുട്ടികളും ഇന്ത്യയിൽ ലൈംഗിക ചൂഷണത്തിന് വിധേയമായെന്നാണ് ഔദ്യോഗിക കണക്കുകൾ. ഇതിന് മുൻവർഷത്തേ അപേക്ഷിച്ച് 25 ശതമാനം വർധന ഇക്കാര്യത്തിൽ രേഖപ്പെടുത്തിയത് അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്.

ഇന്റർനെറ്റിൽ കൂടുതൽ സമയം ചെലവഴിക്കുന്ന കുട്ടികളെ ചാറ്റിലൂടെയും മറ്റും വശത്താക്കുകയും പിന്നീട് പണം നൽകാമെന്ന് പ്രലോഭിപ്പിച്ചും അവരെ അപകീർത്തിപ്പെടുമെന്ന് ഭയപ്പെടുത്തിയുമെല്ലാം അവരുടെ നഗ്നചിത്രങ്ങളോ വീഡിയോകളോ സ്വന്തമാക്കുകയാണ് ഓൺലൈൻ പിമ്പിങ് നടത്തുന്നവർ സ്വീകരിക്കുന്ന പ്രധാന തന്ത്രം. ഇത്തരം സൈറ്റുകൾ നിയന്ത്രിക്കാൻ ഉടൻ നടപടിയുണ്ടായില്ലെങ്കിൽ വൻ പ്രത്യാഘാതം ഇന്ത്യൻ സമൂഹത്തിൽ ഉണ്ടാവുമെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു.

ഇക്കാര്യത്തിൽ പഠനം നടത്തുന്നതിനിടെ നിരവധി കൊച്ചു പെൺകുട്ടികളെ രക്ഷിച്ചെടുത്തതായും സംഘടന വ്യക്തമാക്കുന്നു. ഇവരിൽപലരും തങ്ങളെ കുടുക്കുകയാണെന്ന് അറിയാതെയാണ് ഇത്തരം സംഘങ്ങളുടെ കയ്യിൽ അകപ്പെട്ടത്. വീഡിയോ സ്ട്രീമിംഗിലൂടെ റെക്കോഡ് ചെയ്യുന്ന വീഡിയോകൾ പിന്നീട് അശ്‌ളീല സൈറ്റുകളിൽ അപ് ലോഡ് ചെയ്യുകയും അതിന്റെ പേരിൽ ചൂഷണം തുടരുകയുമാണ് ഇവരുടെ രീതി.

ലൈവ് ചാറ്റിലും മറ്റും എത്തിയാൽ കുട്ടികൾക്ക് നഗ്നതാ പ്രദർശനത്തിനും മറ്റും മണിക്കൂറിന് അഞ്ഞൂറ് മുതൽ രണ്ടായിരം രൂപവരെ നൽകാമെന്ന് പറഞ്ഞാണ് പ്രലോഭനം. പലരും ഇവരുടെ കെണിയിൽ വീഴുന്നുവെന്നും ഇത്തരക്കാരുടെ എണ്ണം പെരുകുന്നുവെന്നുമാണ് കണ്ടെത്തൽ.