മെൽബൺ: യുവതികളെ പാട്ടിലാക്കാൻ പറ്റിയ ഏറ്റവും നല്ല ആയുധം പ്രണയമാണെന്നുള്ള തിരിച്ചറിൽ നിന്നായിരിക്കാം ഓൺലൈൻ പ്രണയസംഘവും ഇതിനു മുന്നിട്ടിറങ്ങിയിരിക്കുന്നത്. എന്നാൽ ഈ പ്രണയവലയിൽ കുരുങ്ങി ലക്ഷങ്ങൾ നഷ്ടപ്പെടുകയെന്നു വച്ചാൽ? ഒരിക്കൽ പോലും നേരിട്ടു കണ്ടിട്ടില്ലാത്ത തന്റെ പ്രാണേശ്വരന്  മൂന്നു ലക്ഷം ഡോളർ  അയച്ചു നൽകിയ യുവതിക്ക് പിന്നീടാണ് അത് വെറും തട്ടിപ്പു പ്രണയമാണെന്നു പോലും തിരിച്ചറിയാൻ സാധിച്ചത്. ഓൺലൈൻ സൈറ്റുകളിലൂടെ പ്രണയാഭ്യർഥനയുമായി ഇറങ്ങിയിട്ടുള്ള സംഘത്തിന്റെ വലയിൽ വീണിട്ടുള്ളത് ഒട്ടേറെ യുവതികളാണെന്ന് അന്വേഷക സംഘത്തിന് വ്യക്തമായിട്ടുണ്ട്.

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട അലൻ മക്കാർത്തിയെന്ന വ്യക്തിക്കാണ് പെർത്തിൽ നിന്നുള്ള യുവതി പണം അയച്ചു നൽകിയതും പിന്നീട് ഇത് തട്ടിപ്പാണെന്ന് തെളിഞ്ഞതും. സ്‌കോട്ട്‌ലാൻഡിൽ നിന്നുള്ള ഇന്റീരിയർ ഡിസൈനറാണ് താനെന്നും ഇപ്പോൾ ഓസ്‌ട്രേലിയയിൽ താമസിക്കുന്ന തനിക്ക് ബിസിനസ് തുടങ്ങാൻ പണം ആവശ്യമുണ്ടെന്നു പറഞ്ഞാണ് യുവതിയിൽ നിന്നും ഇയാൾ പണം പിടുങ്ങുന്നത്. താൻ കബളിപ്പിക്കപ്പെട്ടതാണെന്നു തിരിച്ചറിഞ്ഞ യുവതി പിന്നീട് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച കമ്മീഷണർ വ്യക്തമാക്കുന്നത് ഇത്തരത്തിൽ പല യുവതികൾക്കും പണം നഷ്ടമായിട്ടുണ്ടെന്നാണ്. ന്യൂ സൗത്ത് വേൽസിൽ തന്നെ 50,000 ഡോളർ നഷ്ടപ്പെട്ട മറ്റൊരു യുവതി അടക്കം നിരവധി പേർ ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടതായി കണ്ടെത്തി. ഇത്തരത്തിൽ അയയ്ക്കപ്പെടുന്ന പണം അമേരിക്ക, ദുബായ് തുടങ്ങിയ സ്ഥലങ്ങളിലുള്ള അക്കൗണ്ടുകളിലേക്കാണ് ട്രാൻസ്ഫർ ചെയ്യപ്പെടുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. എന്നാൽ അലൻ മക്കാർത്തിയെന്ന പേരിലേക്ക് അയച്ച പണം പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു അക്കൗണ്ടിലേക്കാണ് എത്തിച്ചേർന്നിരിക്കുന്നതെന്നും അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.

നൈജീരിയയിലുള്ള ഒരു കമ്പ്യൂട്ടറിൽ നിന്നും ഇ-മെയിൽ ഐഡിയിൽ നിന്നുമാണ് തട്ടിപ്പുകാർ ബിസിനസ് വെബ് സൈറ്റുകൾ രൂപപ്പെടുത്തിയിട്ടുള്ളത്. നൈജീരിയൻ ഇന്റർനെറ്റ് ഉപയോക്താവ് തന്നെയാണ് അലൻ മക്കാർത്തിയായി തട്ടിപ്പ് നടത്തിയിട്ടുള്ളതും. പ്രണയം നടിച്ച് ആദ്യം ഫേസ്‌ബുക്കിലൂടെ ബന്ധം സ്ഥാപിച്ച് പിന്നീട് പല കാരണങ്ങൾ നിരത്തി പെൺകുട്ടികളുടെ സിംപതി കൈക്കലാക്കി പണം തട്ടുകയാണ് ഇവരുടെ പ്രധാന ജോലി. പ്രൊഫൈൽ പിക്ചർ, ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ, ബിസിനസ്സുകൾ എന്നിവയെ സംബന്ധിച്ച വിശദമായ വിവരങ്ങൾ നല്കി പരിപൂർണ്ണമായി പെൺകുട്ടികളെ കബളിപ്പിക്കുകയാണ് സംഘം ചെയ്യുന്നത്.

അലൻ മക്കാർത്തിയുടേതായി നൽകിയിട്ടുള്ള പ്രൊഫൈൽ ചിത്രം കാലിഫോർണിയയിലെ ഒരു വ്യക്തിയുടേതാണ്. ഇയാളാകട്ടെ കാൻസർ ബാധിതനായി ചികിത്സയിലുമാണ്. തട്ടിപ്പുകാരും ഇതേകാരണം പറഞ്ഞാണ് നേരിൽ കാണുന്നത് ഒഴിവാക്കുന്നതും പണം പിടുങ്ങുന്നതും. പരിചയമില്ലാത്ത ആർക്കും തന്നെ യാതൊരു കാരണവശാലും പണം നൽകരുതെന്നും ഓൺലൈൻ പ്രണയത്തിന്റെ പേരിൽ ഓസ്‌ട്രേലിയയിൽ നിന്നു തന്നെ ധാരാളം പരാതികൾ ലഭിക്കുന്നുണ്ടെന്നും  വെസ്‌റ്റേൺ ഓസ്‌ട്രേലിയൻ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിങ് കമ്മീഷണർ ഗാരി ന്യൂകോബ് വ്യക്തമാക്കുന്നു.