കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വരെ ഉൾപ്പെട്ട ഓൺലൈൻ പെൺവാണിഭ കേസിൽ നിരവധി വിദേശികളും പെട്ടിട്ടുള്ളതായി റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ പ്രധാന ആവശ്യക്കാരും ഇവരായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ പുതിയ കണ്ടെത്തൽ.

ഓൺലൈൻ പെൺവാണിഭസംഘത്തിനു വേണ്ടി വിദേശത്തുനിന്ന് ആവശ്യക്കാരെ തേടിപ്പിടിച്ചു കൊച്ചിയിൽ കൊണ്ടുവന്നത് ഈ കേസിൽ പിടിയിലായ അക്‌ബറായിരുന്നുവെന്നും അന്വേഷണസംഘത്തിനു തെളിവുകൾ കിട്ടിയിട്ടുണ്ട്. കേരളത്തിലുടനീളമുള്ള വൻകിടഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് ഇവർ ഇടപാടുകൾ നടത്തിക്കൊണ്ടിരിക്കുന്നത്. ആൺകുട്ടികളെയും ഇതിനുവേണ്ടി ഇവർ ഉപയോഗിച്ചുവെന്നാണ് അന്വേഷണത്തിൽ ക്രൈംബ്രാഞ്ചിനു കിട്ടിയ വിവരം. ആവശ്യക്കാർക്ക് ആൺകുട്ടികളെയും ഇവരെത്തിച്ചു കൊടുത്തിരുന്നു

ബിസിനസ് ആവശ്യത്തിനും മറ്റുമായി വിദേശത്തുനിന്നു കേരളത്തിൽ എത്തുന്നവർക്കാണ് ഗൈഡുകൾ എന്ന പേരിൽ പെൺകുട്ടികളെ അവർ താമസിക്കുന്ന ഹോട്ടൽ മുറികളിൽ എത്തിച്ചു കൊടുത്തിരുന്നത്. പ്രായപൂർത്തിയാവാത്ത കുട്ടികളെ കാഴ്‌ച്ചവയ്ക്കാൻ വൻ തുകയാണ് വിദേശികളിൽ നിന്ന് ഇവർ ഇടാക്കിയിരുന്നത്. കൊച്ചിയിലെ വൻകിട ഹോട്ടലുകളിലാണ് ഇവർ പെൺകുട്ടികളെ എത്തിച്ചു കൊടുത്തുകൊണ്ടിരുന്നത്. റെയ്ഡ് പോലുള്ള ഭിഷണികൾ ഉണ്ടാവില്ലെന്നതാണ് മുന്തിയ ഹോട്ടലുകളെ ഇവർ ഇതിനായി ആശ്രയിക്കാൻ കാരണമായതെന്ന് കരുതുന്നു. ആവശ്യക്കാർക്ക് ആൺകുട്ടികളെയും ഇവർ എത്തിച്ചു കൊടുത്തതായാണ് വിവരം. ബംഗളൂരു നഗരത്തിന്റെ പുറത്തുള്ള ഗ്രാമങ്ങളിൽനിന്നു പെൺകുട്ടികളെ കേരളത്തിലേക്ക് എത്തിക്കുന്നതിന്റെ പ്രധാന കണ്ണി ഓൺലൈൻ കേസിൽ അറസ്റ്റിലായ മുബിനയും അമ്മയും ചേർന്നാണ്.

മോഡലാക്കാം, സിനിമയിൽ അഭിനയിപ്പിക്കാം എന്നിങ്ങനെ വലിയ വാഗ്ദാനങ്ങൾ നൽകി പെൺകുട്ടികളെ കബളിപ്പിച്ചാണ് അന്യ സംസ്ഥാനത്തുനിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഇവർ വലവിശി പിടിച്ചു കേരളത്തിൽ എത്തിച്ചിരുന്നത്. സിനിമക്ക് വേണ്ടി പണം ഇറക്കുന്ന ആളാണെന്നും ഇതുമായി ബന്ധപ്പെട്ടു പരിചയപ്പെടാൻ വേണ്ടിയാണ് എന്നൊക്കെ പറഞ്ഞ് ഈ പെൺകുട്ടികളെ ഹോട്ടൽ മുറിയിൽ ആവശ്യക്കാരുടെ മുൻപിൽ എത്തിക്കും. ആദ്യമായി എത്തുന്ന പെൺകുട്ടി ആണെങ്കിൽ മയക്കുമരുന്ന് കലർത്തിയ ശീതളപാനിയം കൊടുത്തു മയക്കിയതിനു ശേഷമാണു പീഡനം. പിന്നിട് ഇവരെ വിവസ്ത്രയാക്കി ഇവരുടെ രംഗങ്ങൾ കാമറയിൽ പകർത്തുകയും ചെയ്യും. തട്ടിപ്പിന് ഇരയായെന്ന് ഇവരറിയുമ്പോൾ ദൃശ്യങ്ങൾ കാണിച്ചു ഭിഷണിപ്പെടുത്തുകയും ചെയ്യും. ഓൺലൈൻ പെൺവാണിഭ സംഘം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ബന്ധപ്പെട്ട ചില പ്രമുഖരെ കേസിൽ കുടുക്കുമെന്നു ഭിഷണിപ്പെടുത്തി പിന്നിട് പണം തട്ടിയിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഓൺലൈൻ പെൺവാണിഭക്കേസിലെ മുഖ്യ പ്രതികളായ രാഹുൽ പശുപാലനെയും രശ്മി നായരേയും തിരുവനന്തപുരത്തുനിന്നു നെടുമ്പാശ്ശേരിയിലെ ഹോട്ടലുകളിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. ഇവർ ഇവിടെ പല തവണ എത്തിയിട്ടുണ്ടെന്നും വിദേശികളുൾപ്പെടെ നിരവധി ആളുകൾ ഇവരെത്തേടി ഇവിടെ എത്തിയതായും അന്വേഷണസംഘം കണ്ടെത്തി. ഹോട്ടലിലെ സി.സി ടി.വി. ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചു. കേസിൽ ഉന്നതരുൾപ്പെട്ടിട്ടുണ്ടെന്നു സംശയിക്കുന്നുണ്ട്. രാഹുലിന്റെയും രശ്മിയുടെയും കെണിയിൽ പെട്ട നിരവധി ആളുകൾ ഫോണിലുടെയും മറ്റും ക്രൈംബ്രാഞ്ച് സംഘത്തിനു പരാതി അറിയിക്കുന്നുണ്ട്

എന്നാൽ രേഖാമൂലമുള്ള പരാതികൾ കിട്ടിയാൽ മാത്രമേ കേസെടുത്ത് അന്വേഷണം നടത്താൻ കഴിയു എന്നാണെങ്കിലും ഈ പരാതിയുടെ ആധികാരികത അന്വേഷിക്കാനാണ് അന്വേഷണസംഘത്തിന്റെ ഇപ്പോഴത്തെ നീക്കമെന്നാണ് അറിയുന്നത്. ഇതിനിടയിൽ ഓൺലൈൻ പെൺവാണിഭക്കേസിൽ ആഭ്യന്തര വകുപ്പിലെ ഉന്നതന് ഓൺലൈൻ പെൺവാണിഭ കേസിൽ പങ്കുണ്ടെന്നുള്ള പ്രതി അക്‌ബറിന്റെ വെളിപ്പെടുത്തൽ വിവാദമായിരിക്കുകയാണ്. അന്വേഷണം നടത്തിയാൽ കൂടുതൽ തെളിവുകൾ താൻ നൽകാം എന്നാണ് അക്‌ബർ കഴിഞ്ഞദിവസം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. രശ്മിക്കും രാഹുലിനുമൊപ്പം അക്‌ബർ, അജിഷ് എന്നി പ്രതികളെയും നെടുമ്പാശ്ശേരിയിൽ എത്തിച്ചു അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.