തിരുവനന്തപുരം: ഓൺലൈൻ പെൺവാണിഭക്കേസിന്റെ ചോദ്യം ചെയ്യലിൽ പൊലീസിനെ വെള്ളം കുടിപ്പിക്കുകയാണോ ബിക്കിനി മോഡൽ രശ്മി? പെൺവാണിഭത്തെപ്പറ്റിയുള്ള ചോദ്യങ്ങളോട് ഇഷ്ടമുള്ള ഒരാളോട് ശരീരം പങ്കിടുന്നത് ഇന്ത്യൻ പീനൽകോഡിന്റെ ഏത് വകുപ്പ് പ്രകാരമാണ് ശിക്ഷാർഹമായ കുറ്റമാകുന്നതെന്നായിരുന്നു രശ്മി ചോദിച്ച മറുചോദ്യം. ഇഷ്ടമുള്ളവരോട് ആർക്കും ശരീരം പങ്കുവയ്ക്കാമെന്നും അത് കുറ്റകരമല്ലെന്നുമുള്ള നൂതന ആശയം പ്രചരിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നായിരുന്നു പൊലീസിന്റെ തിരിച്ചും മറിച്ചുമുള്ള ചോദ്യങ്ങളോട് പ്രതികരണം. എന്നാൽ വാണിഭക്കേസിലെ മുഖ്യ കണ്ണി അക്‌ബറുമായുള്ള വാട്‌സ് ആപ് സന്ദേശങ്ങളും ഫേസ് ബുക്ക് പേജുകളിലെ സന്ദേശങ്ങളും നിരക്ക് രേഖപ്പെടുത്തി രശ്മിയുടെ നമ്പരിൽ നിന്ന് തിരിച്ചയച്ച സന്ദേശങ്ങളുമുൾപ്പെടെ ഡിജിറ്റൽ തെളിവുകൾ നിരത്തിയുള്ള പൊലീസിന്റെ ചോദ്യശരങ്ങളിൽ രശ്മിക്കും ഭർത്താവ് രാഹുൽ പശുപാലനും അടിതെറ്റി. ഇതോടെ കിസ് ഓഫ് ലൗവിന്റെ മുൻ നിര നേതാക്കൾ കുറ്റസമ്മതം നടത്തി.

രാഹുൽ പശുപാലനും രശ്മിക്കും കഴിഞ്ഞ ഒരു വർഷത്തോളമായി കാസർഗോഡ് സ്വദേശിയായ അക്‌ബർ എന്ന് വിളിക്കുന്ന അബ്ദുൽ ഖാദറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു. ഇടപാടുകാർക്ക് ആദ്യം അബ്ദുൽ ഖാദർ കാട്ടുന്നത് രശ്മിയുടെ ചിത്രങ്ങളും വിവരങ്ങളുമാണ്. പിന്നീട് തുക പറഞ്ഞുറപ്പിക്കും. ഇതായിരുന്നു രീതി. അതിന് മുമ്പ് ശക്തമായ പ്രതിരോധമാണ് ചോദ്യം ചെയ്യലിൽ രശ്മി ഉയകർത്തിയത്. ഇഷ്ടമുള്ള ആളോടൊപ്പം ശയിക്കുകയെന്ന ആശയം പ്രചരിപ്പിക്കുന്നതിന് പണം പറ്റിയതിന്റെ മാനദണ്ഡമെന്തെന്നായി പൊലീസ്. ഞങ്ങൾക്ക് ജീവിക്കാൻ പണത്തിന് എന്തുചെയ്യുമെന്ന് രശ്മിയുടെ മറുചോദ്യം. പ്രായപൂർത്തിയാകാത്ത കുട്ടികളെ വാണിഭത്തിന് ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്തപ്പോൾ കുട്ടികളുടെ പ്രായം നോക്കാറില്ലെന്ന ഒറ്റവാക്കിലായിരുന്നു മറുപടി. അക്‌ബറുമൊത്തുള്ള ചോദ്യം ചെയ്യലോടെയാണ് രശ്മിക്ക് പിടിച്ചുനിൽക്കാൻ പറ്റാതായത്. പ്രായപൂർത്തിയാകാത്ത സുന്ദരികളായ പെൺകുട്ടികളെ കിട്ടിയാൽ എന്തുചെയ്യുമെന്ന പൊലീസിന്റെ ചോദ്യത്തിന് അവർക്ക് നല്ല ഡിമാന്റല്ലേ സാറേ എന്നായിരുന്നു അക്‌ബറിന്റെ മറുപടി. ഇറച്ചിക്കച്ചവടക്കാരനെപ്പോലെയുള്ള അയാളുടെ മറുപടിയെപ്പറ്റി രശ്മി പ്രതികരിച്ചത് അക്‌ബർ ഇത്തരക്കാരനാണെന്ന് അറിയില്ലായിരുന്നു എന്നാണ്.

അക്‌ബറാണ് പ്രധാന ഇടനിലക്കാരൻ. ഇയാളിലൂടെ തന്നെ 25ൽ പരം കസ്റ്റമേഴ്‌സിനെ രശ്മിക്ക് കിട്ടിയിരുന്നു. ഇവരെല്ലാം സ്ഥിരം കസ്റ്റമേഴ്‌സായിരുന്നു. കുറഞ്ഞത് 30,000 രൂപവീതം ഓരോ തവണയും വാങ്ങും. അതിൽ കൂറഞ്ഞൊരു ഇടപാടിനും രശ്മി തയ്യാറല്ലായിരുന്നു. പിടിയിലാകുന്നതിന് തലേദിവസം രശ്മിയുടെ ഫോണിൽ നിന്ന് അക്‌ബറിന് അയച്ച ഒരു സന്ദേശമിങ്ങനെ ഒരു സാറിന് ഒരാളെ വേണം. ഒരാളെകിട്ടുമോ, ബഡ്ജറ്റ് എത്ര. ആളുണ്ടെന്ന് അപ്പോൾതന്നെ മറുപടി നൽകിയ അക്‌ബർ 30000 രൂപയെന്ന് റേറ്റ് രേഖപ്പെടുത്തി ഏതാനും പെൺകുട്ടികളുടെ ഫോട്ടോയും രശ്മിക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഇത്തരം സന്ദേശങ്ങൾ പൊലീസ് തെളിവായി നിരത്തിയപ്പോൾ മറുപടിയില്ലാതെ രശ്മി പരതി. അടുത്തദിവസം പൊലീസ് പിടിയിലായതോടെ ഡീൽ നടന്നില്ല. എങ്കിലും ഇതേപ്പറ്റി തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ പൊലീസ് ഫോൺ നമ്പരുകൾ ചുറ്റിപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ ഓൺലൈൻ പെൺവാണിഭക്കേസിൽ പൊലീസിനെ കാറിടിച്ച് വീഴ്‌ത്തി രക്ഷപ്പെട്ട കൊച്ചിയിലെ കുപ്രസിദ്ധ പിമ്പ് അച്ചായനെന്ന ജോഷിക്കും ഒപ്പമുണ്ടായിരുന്ന സ്ത്രീകൾക്കുമായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ചേർത്തലയ്ക്ക് സമീപമുള്ള ജോഷിയുടെ വീട്ടിൽ പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായിട്ടില്ല.

അബ്ദുൾ ഖാദർ എന്ന അക്‌ബറിൽ നിന്നാണ് കൊച്ചി കേന്ദ്രീകരിച്ച് നടന്ന പെൺവാണിഭത്തിന്റെ മുഖ്യ സൂത്രധാരനായ ഇയാളെ സംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിച്ചത്. പൊലീസ് പിടിയിലായ ആഷിഖിന്റെ ഭാര്യ മുബീന, കൂട്ടുകാരി വന്ദന എന്നിവരാണ് റെയ്ഡിനിടെ പൊലീസിനെ വെട്ടിച്ചുകടന്ന ഇയാളുടെ കാറിലുണ്ടായിരുന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. രശ്മിക്കും ഭർത്താവ് രാഹുൽ പശുപാലനും പെൺവാണിഭത്തിനായി യുവതികളെ എത്തിച്ചിരുന്നത് മുബീനയാണെന്നും സൂചനയുണ്ട്. എന്നാൽ അക്‌ബറും ജോഷിയും മുഖാന്തരമാണ് രശ്മിയും ഭർത്താവും ഇടപാട് നടത്തിയിരുന്നതെന്നാണ് പൊലീസിന് ലഭ്യമായിട്ടുള്ള തെളിവുകൾ. കൊച്ചിയിൽ നിന്ന് പൊലീസ് പിടിയിലായ ബംഗളൂരു പെൺകുട്ടികളിൽ ഒരാളെ ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയശേഷം മദ്ധ്യവയസ്‌കന് കൈമാറിയതായി കുട്ടി പൊലീസിനും തിരുവനന്തപുരം ഒന്നാംക്‌ളാസ് മജിസ്‌ട്രേറ്റിനും മൊഴി നൽകി.

കന്നഡമാത്രം വശമുള്ള കുട്ടികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ മനസിലാക്കാൻ ഭാഷ പൊലീസിന് തടസമാകുന്നുണ്ട്. ഒരുതവണ മാത്രമേ കുട്ടിയെ ആവശ്യക്കാർക്ക് കൈമാറിയിട്ടുള്ളുവെന്നാണ് ഇടനിലക്കാരിയായ ലിനീഷ് മാത്യു പൊലീസിനോട് പറഞ്ഞതെങ്കിലും ഈ കുട്ടി പലതവണ പീഡനത്തിനിരയായതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ബംഗളൂരുവിലാണ് കുട്ടി ആദ്യം പീഡനത്തിനിരയായത്. കഴിഞ്ഞ ആറുവർഷമായി ബംഗളൂരുവിൽ താമസിക്കുന്ന ലിനീഷ് മാത്യു അവിടെ നിന്ന് നിരവധി പെൺകുട്ടികളെ അബ്ദുൾഖാദറിന് എത്തിച്ചുകൊടുത്തതായി വ്യക്തമായിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യാ പ്രോഗ്രാമുമായി ബന്ധപ്പെട്ട പ്രാദേശിക ഓഫീസിന്റെ മേലധികാരിയാണെന്ന് അവകാശപ്പെട്ടിരുന്ന ഇവർ റിക്രൂട്ടിങ് ഏജൻസിയുടെ മറവിലും കുട്ടികളെയും യുവതികളെയും സെക്‌സ് റാക്കറ്റിൽ വീഴ്‌ത്തിയിരുന്നു.

രാഹുലിന്റെ ഫ്‌ലാറ്റിൽ നിന്നും പിടികൂടിയ ലാപ്‌ടോപ്പുകളും ടാബും സിഡാക്കിൽ പരിശോധനയ്ക്ക് അയക്കുന്നതോടെ ഓൺലൈൻ പെൺവാണിഭ കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്താകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. പാസ് വേഡ് ഉപയോഗിച്ച് ലോക്ക് ചെയ്തിട്ടുള്ള ലാപ്പും ടാബും പെൻഡ്രൈവുകളുമുൾപ്പെടെയുള്ള സാധനങ്ങൾ കൊച്ചി പൊലീസ് മുഖാന്തിരം അവിടത്തെ കോടതിയിൽ ഹാജരാക്കും. കോടതിയുടെ അനുമതിയോടെ സിഡാക്കിൽ പരിശോധനയ്ക്ക് അയച്ച് അതിനുള്ളിലെ സത്യങ്ങൾ പുറത്തുകൊണ്ടുവരാനാണ് പൊലീസിന്റെ ശ്രമം. അതേസമയം ഇതിൽ നിന്ന് നടിമാരുടെയും മോഡലുകളെയും ചിത്രങ്ങളും ഭരണകക്ഷി എംഎ‍ൽഎയുടെയും ദൃശ്യങ്ങൾ കണ്ടെത്തിയതായ പ്രചാരണം പൊലീസ് നിഷേധിച്ചു. ശാസ്ത്രീയ പരിശോധനയ്ക്കുശേഷം മാത്രമേ ഇതിൽ നിന്ന് ഡിലിറ്റ് ചെയ്ത ദൃശ്യങ്ങളും വീഡിയോകളുമുൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാകൂവെന്നാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഐ.ജി എസ്. ശ്രീജിത്ത് നൽകുന്ന വിവരം. ഹാർഡ് ഡിസ്‌ക്കുകൾ, പെൻ ഡ്രൈവുകൾ, ഇംഗ്ലീഷ് മാഗസിനുകൾ, മൊബൈൽ ഫോൺ എന്നിവയും രാഹുലിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. കേസന്വേഷണത്തിൽ നിർണായകമായേക്കാവുന്ന ഒട്ടേറെ തെളിവുകൾ റെയ്ഡിൽ പൊലീസിനു ലഭിച്ചിട്ടുണ്ട്.