കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ പെൺവാണിഭസംഘങ്ങൾ സജീവമാകുന്നതിനിടെ പൊലീസ് നടപടിയും ശക്തമാക്കുന്നു. സംസ്ഥാന വ്യാപകമായി ഇന്നലെ രാത്രി പൊലീസ് നടത്തിയ റെയ്ഡിൽ ചുംബന സമരത്തിന്റെ സംഘടകർ അടക്കം 15 പേർ അറസ്റ്റിലായി. ഇവരിൽ ഒരാൾ സംസ്ഥാനത്തെ പ്രമുഖ മോഡൽ കൂടിയാണ്. കൂടാതെ ചുംബന സമര നായകരായ ദമ്പതികളും അറസ്റ്റിലായവരിൽ പെടും. ഇവർ അടക്കമുള്ളവരെ തിരുവനന്തപുരത്ത് എത്തിച്ചിട്ടുണ്ട്.

കുപ്രസിദ്ധ ഗുണ്ടാത്തലവൻ കാസർഗോഡ് അക്‌ബറിനെയും പൊലീസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നെടുമ്പാശേരിയിൽ നടന്ന റെയ്ഡിനിടെ പൊലീസിനെ വാഹനമിടിച്ച് കൊലപ്പെടുത്താനും ശ്രമം നടന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ചുംബന സമര നേതാക്കളായ രാഹുൽ പശുപാലനും ഭാര്യ രശ്മി ആർ നായരും അടക്കമള്ളവരെ കസ്റ്റഡിയിൽ എടുത്തതും. സെക്‌സ് റാക്കറ്റുമായി ഇവർക്കുള്ള ബന്ധം എന്താണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

മലപ്പുറം, കൊച്ചി, തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലാണ് റെയ്ഡ് നടന്നത്. പൊലീസ് പരിശോധനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും അറസ്റ്റിലായിട്ടുണ്ട്. ഫേസ്‌ബുക്ക്, ഡേറ്റിങ് വെബ്‌സൈറ്റുകൾ മുഖേന നടന്നിരുന്ന ഇടപാടുകൾ കുറച്ചായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പരിശോധനയുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അൽപ്പസമയത്തിനുള്ളിൽ ഐജി വാർത്താ സമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാഹുലിന്റെ നെടുമ്പാശേരിയിലെ ഫ്‌ലാറ്റിലായിരുന്നു റെയ്ഡ്. ഇവിടെ നിന്ന് തന്ത്രപരമായി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ കൊച്ചി സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ കാക്കനാട് വച്ചാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ആൻഡ് പൈറസി സെല്ലിന്റെയും ആന്റി ഹ്യൂമൻ ട്രാഫിക്കിംഗിന് സെല്ലിന്റെയും നേതൃത്വത്തിലായിരുന്നു റെയ്ഡ്.

കൊച്ചു സുന്ദരികൾ എന്ന ഫേസ്‌ബുക്ക് പേജിന്റെ അഡ്‌മിനാണ് രാഹുൽ പശുപാലൻ. ഈ പേജിനെതിരെ ഉയർന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇവർ പെൺവാണിഭം നടത്തുകയായിരുന്നെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ. ഫേസ്‌ബുക്ക് വഴി പരിചയം നടിച്ചാണ് ഇവർ പെൺകുട്ടികളെ കണ്ടെത്തിയിരുന്നത്. തുടർന്ന് ഇവരെ ഓൺലൈൻ ഡേറ്റിങ് സൈറ്റുകളുമായി ബന്ധപ്പെടുത്തുകയാണ് പതിവ്. രശ്മി എസ്‌കോർട്ട് സർവ്വീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നെന്നും പൊലീസ് പറയുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പെൺകുട്ടികൾ ഇവരുടെ വലയിൽപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ പഠനം നടത്തുന്ന എട്ടോളം പെൺകുട്ടികളും പൊലീസിന്റെ നിരീക്ഷണത്തിലാണ്.

കൊച്ചു സുന്ദരി എന്ന ഫേസ്‌ബുക്ക് പേജ് പെൺവാണിഭക്കാർ വ്യാപകമായി ഉപയോഗിക്കുന്നു എന്ന പരാതി സജീവമായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഓൺലൈൻ പെൺവാണിഭ സംഘത്തെ പിടികൂടുന്ന വിധത്തിലേക്ക് കാര്യങ്ങളെ എത്തിച്ചത്. ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ കച്ചവടം കൊഴുപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയ പേജായിരുന്നു കൊച്ചു സുന്ദരി എന്നത്. യുവാക്കളും വിദ്യാർത്ഥികളും അടക്കമുള്ളവർ അറിഞ്ഞോ അറിയാതെയോ ഈ പേജിൽ ലൈക്ക് ചെയ്ത് ഓൺലൈൻ സെക്‌സ് റാക്കറ്റിന്റെ ഭാഗമായിരുന്നു. പതിനായിരത്തിലേറെ പേരായിരുന്നു ഈ പേജിൽ ലൈക്ക് ചെയ്തിരുന്നത്. ഇടക്കാലം കൊണ്ട് ഈ പേജ് അപ്രത്യക്ഷമായെങ്കിലും പിന്നീട് വീണ്ടും സജീവമാകുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത നൂറുകണക്കിന് കുട്ടികളുടെ ഫോട്ടോയും അവരിൽ നിന്ന് ലഭിക്കുന്ന സർവ്വീസും അവരുടെ റേറ്റും കുറിച്ചിട്ട പേജിൽ ആവശ്യക്കാർക്ക് ബന്ധപ്പെടാൻ ഫോൺ നമ്പരുകൾ അനവധിയുണ്ടായിരുന്നു. പേജ് ലൈക്ക് ചെയ്യുകയും ഫോണിൽ ബന്ധപ്പെടുകയും ചെയ്യുന്നവരെ ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിച്ച് കച്ചവടം ഉറപ്പിക്കുന്നതാണ് ഇവരുടെ തന്ത്രം. ഫേസ് ബുക്ക് പേജിലെ ചിത്രങ്ങളിൽ ആകൃഷ്ടരായെത്തുന്ന കസ്റ്റമേഴ്‌സിന്റെ വിവരങ്ങൾ സംഘം രഹസ്യമായി തേടും. ഐ.ടി രംഗത്തോ ബിസിനസ് മേഖലകളിലോ ഉള്ളവരാണെങ്കിൽ ചോദിക്കുന്ന പണം കിട്ടുമെന്നുറപ്പുള്ള സംഘത്തിന്റെ അടുത്ത നീക്കം ഇരയെ എങ്ങനെയും ചാക്കിലാക്കുകയെന്നതാണ്. ഇങ്ങനെയാണ് ഫേസ്‌ബുക്കിലൂടെ ഓൺലൈൻ പെൺവാണിഭ സംഘം ഇരയെ പിടിക്കുന്നത്.

വിദേശരാജ്യങ്ങളിൽ നിന്നുള്ള ഇത്തരം സൈറ്റുകളിൽ പരസ്യം നൽകി കുട്ടികളെ ലൈംഗിക ചൂഷണം നടത്തുന്ന സംഘത്തെപ്പറ്റി ബാലാവകാശ കമ്മിഷനംഗത്തിന് ലഭിച്ച സൂചനയും ഡിജിപിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് കൊച്ചു സുന്ദരിക്ക് മേൽ പൊലീസിന്റെ പിടിവീണത്. നടിമാരുടെും വ്യാജ ചിത്രങ്ങളും മറ്റും ഈ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്താണ് പെൺവാണിഭക്കാർ മാർക്കറ്റ് ചെയ്യുന്നത്. സ്‌കൂൾ, കോളേജ് തലങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ പോലും ഇങ്ങനെ ആവശ്യക്കാർക്ക് പെൺവാണിഭ സംഘം എത്തിച്ചു നൽകി എന്നാണ് തിരുവനന്തപുരത്തെ ഓൺലൈൻ പെൺവാണിഭ സംഘവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

ബാലവകാശ കമ്മിഷനംഗം ക്രൈംബ്രാഞ്ച് എഡി.ജിപിയുടെ ശ്രദ്ധയിൽപ്പെടുത്തിയ സംഭവത്തിൽ സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് സെക്‌സ് റാക്കറ്റ് സംഘത്തിന് കെണിയെരുക്കിയത്. കൊച്ചുസുന്ദരിയെന്ന ഫേസ് ബുക്ക് പേജും എസ്‌കോർട്ട് , ലൊക്കാന്റോ തുടങ്ങിയ വെബ് വിലാസങ്ങൾ മുഖേനയും പെൺവാണിഭം നടത്തിയിരുന്ന സംഘം സമാനമായ ഇരുപതോളം സൈറ്റുകൾ വഴിയും ഓൺലൈൻ പെൺവാണിഭ സംഘം രംഗം കൊഴുപ്പിച്ചിരുന്നതായാണ് വിവരം.