തിരുവനന്തപുരം: ഞെട്ടിക്കുന്ന വിവരങ്ങളാണ് കഴിഞ്ഞ ദിവസം തലസ്ഥാനത്തു നിന്നു പിടിയിലായ ഓൺലൈൻ പെൺവാണിഭ സംഘത്തിൽ നിന്നു പൊലീസിനു ലഭിച്ചത്. സാധാരണ ഗതിയിൽ ഒഴിഞ്ഞ സ്ഥലങ്ങളിൽ നിന്നു കച്ചവടം നടത്തുന്ന സംഘം ഇപ്പോൾ താവളമാക്കിയിരിക്കുന്നത് തിരക്കേറിയ ഇടങ്ങളിലാണ്.

പരിസരങ്ങളിലെ വീടുകൾ കൂടി എടുത്തു ക്യാമറ നിരീക്ഷണം വഴിയാണ് പലപ്പോഴും ഇവർ പൊലീസിനെ വെട്ടിക്കുന്നത്. എല്ലാത്തിനും ചുക്കാൻ പിടിച്ചതു ശ്രീകാര്യം സ്വദേശി ഗീതയാണ്. പൊലീസിന്റെ വമ്പൻ പ്രലോഭനത്തിൽ വീണു താവളം വിട്ടപ്പോഴാണ് ഈ സംഘം പിടിയിലായത്.

ഓൺലൈൻ പെൺവാണിഭ സംഘത്തെ പിടികൂടാൻ പൊലീസ് നടത്തുന്ന നീക്കങ്ങൾ മുൻകൂട്ടി കണ്ടറിഞ്ഞ് അതീവ ജാഗ്രതയിലായിരുന്നു ഈ സംഘത്തിന്റെ നീക്കങ്ങൾ. സുരക്ഷിതമെന്ന് ഉറപ്പുള്ള സ്ഥലമേ ഇവർ വാണിഭത്തിന് താവളമാക്കൂ. വാണിഭം നടത്തുന്നത് വീട്ടിലായാലും ഫ്‌ലാറ്റിലായാലും തൊട്ടടുത്ത വീടുകളും ഫ്‌ലാറ്റുകളുംകൂടി വാടകയ്ക്ക് എടുത്ത് പരിസരമെല്ലാം തങ്ങളുടെ വരുതിയിലാക്കിയാണ് ബിസിനസ്. ഇടയ്ക്കിടെ ആളുകളും വാഹനങ്ങളും വന്നുപോകുന്നത് പരിസരവാസികളിൽ സംശയം ജനിപ്പിക്കും. പലപ്പോഴും പരിസരവാസികളാണ് വിവരം പൊലീസിന്റെ കാതുകളിൽ എത്തിക്കുന്നത്. സമീപ വാസികളുടെ ശ്രദ്ധ പതിയാത്ത വിധം പരിസരത്തെ വീടുകളും തങ്ങളുടെ നിയന്ത്രണത്തിലാക്കുന്നതോടെ പേടിക്കേണ്ട കാര്യമില്ലെന്നാണ് പിടിയിലായവർ പറയുന്നത്.

വാണിഭം നടക്കുന്ന വീടിന് പരിസരത്തെ വീടുകളിലാകും നടത്തിപ്പുകാരുടെ ക്യാമ്പ്. അവിടെ നിന്ന് സി.സി ടിവി കാമറകളുടെയും മറ്റും സഹായത്തോടെ റോഡുകളും പരിസരവും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കും. തങ്ങളുടേതല്ലാത്ത വാഹനങ്ങളും സംഘാംഗങ്ങളല്ലാത്തവരും തങ്ങളടെ മേഖലയിലേക്ക് വരുന്നുണ്ടോ എന്ന് അറിയാനാണിത്. ആരെങ്കിലും വന്നാൽ, വാണിഭ കേന്ദ്രത്തിലേക്ക് അപായ സന്ദേശങ്ങൾ പായും. മിക്കപ്പോഴും അതു വേണ്ടി വരില്ലെന്നും ഇവർ പൊലീസിനോടു സമ്മതിച്ചു.

കഴിഞ്ഞ ദിവസം പിടിയിലായ പ്രധാന ഇടനിലക്കാരി ശ്രീകാര്യം ഗാന്ധിപുരം സ്വദേശിനി ഗീതയുടെ വീടിന്റെ പരിസരവും ഇവരുടെ സംഘത്തിൽപെട്ടവർ ഏതാണ്ട് ഇതേപോലെ നിരീക്ഷിച്ചിരുന്നു. അവിടെ നിന്ന് ഇവരെ പിടികൂടുക എളുപ്പമല്ലെന്ന തിരിച്ചറിവാണ് ആവശ്യക്കാരെന്ന വ്യാജേന സംഘത്തെ സമീപിച്ച് വെള്ളയമ്പലത്തെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യാൻ പൊലിസിനെ പ്രേരിപ്പിച്ചത്. ഗീതയുടെ വീട്ടിൽ രാത്രിയും പകലും ഇടപാടുകാർ സുരക്ഷിതരായി വന്നുപോകുന്നത് നേരിട്ട് മനസിലാക്കിയ പൊലീസ് ആവശ്യക്കാരെന്ന വ്യാജേന നടത്തിയ വിലപേശലിൽ ലക്ഷങ്ങൾ വാഗ്ദാനം ചെയ്തപ്പോൾ പണം മോഹിച്ച് പറന്നെത്തിയ സംഘം ഓരോരുത്തരായി പിടിയിലകപ്പെടുകയായിരുന്നു. 33 ലക്ഷം രൂപ പ്രതിഫലം നൽകാമെന്ന പൊലീസിന്റെ വാഗ്ദാനം വിശ്വസിച്ച സംഘത്തെ മുൻകൂറായി കുറച്ച് പണം നൽകി വിശ്വാസത്തിലെടുത്താണ് വലയിലാക്കിയത്.

വാണിഭത്തിന് കളമൊരുക്കിയതിൽ പ്രധാന കണ്ണിയാണ് ആറ്റിങ്ങൽ സ്വദേശി സാജൻ എന്ന തിലകൻ. നാട്ടിൽ പലവിധത്തിലുള്ള പരിപാടികളുമായി ചുറ്റിക്കറങ്ങിയ ഇയാൾ ഏതാനും വർഷം ഗൾഫിൽ ക്യാമ്പ് ചെയ്ത് വാണിഭത്തിന് ചുക്കാൻ പിടിച്ചശേഷം നാട്ടിലെത്തുമ്പോഴാണ് ബിഗ് ഡാഡി ഓപ്പറേഷനിൽ പൊലീസ് വലയിലായത്. നാട്ടിൽ നിന്ന് ഏജന്റുമാർ മുഖാന്തരം ലഭിക്കുന്ന പെൺകുട്ടികളുടെ ഫോട്ടോകളും വീഡിയോകളും ഇയാളാണ് ഗൾഫിലെ ഇന്റർനെറ്റ് അക്കൗണ്ടിൽ നിന്ന് സൈറ്റിൽ അപ് ലോഡ് ചെയ്തിരുന്നത്.

ഇവരുടെ റേറ്റ് നിശ്ചയിച്ചിരുന്നതും ഇന്റർനെറ്റ് ഫോൺ മുഖാന്തിരം ഇടപാടുകാരെ വിളിച്ച് സംസാരിച്ചതും ഇയാളായിരുന്നു. ഇയാളുടെ ഭാര്യയുടെ ബന്ധുവായ ജെയ്‌സണായിരുന്നു സഹായിയായി പ്രവർത്തിച്ചിരുന്നത്. കേസിലെ ഒന്നാം പ്രതി ഗീതയെന്ന് വിളിക്കുന്ന പ്രസന്നയുടെ ഇടനിലക്കാരനും വിശ്വസ്തനുമായിരുന്നു പത്താംപ്രതി അനീഷ് എന്ന സജു. മെഡിക്കൽ കോളേജിന് സമീപത്ത് ഡിസ്റ്റന്റ് എഡ്യുക്കേഷൻ സെന്റർ നടത്തിയിരുന്ന ഇയാൾ ഇവിടെ വന്ന പല പെൺകുട്ടികളുടെയും ഫോട്ടോകൾ ദുരുപയോഗം ചെയ്തതായും സംശയമുണ്ട്. ഇക്കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദൂര വിദ്യാഭ്യാസ പദ്ധതിയുടെ ഏജൻസിക്കൊപ്പം പരസ്യ ഏജൻസിയുടെ നടത്തിപ്പും ഇയാൾക്കുണ്ടായിരുന്നു. പരസ്യചിത്രങ്ങളിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പല പെൺകുട്ടികളുടെയും ഫോട്ടോകൾ സ്വന്തമാക്കിയ ഇയാൾ ഇവരിൽ ആരെയെങ്കിലും ഇരകളാക്കിയിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.

തങ്ങളുടെ ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നതെല്ലാം ആഡംബര കാറുകളാണ്. ലക്ഷങ്ങൾ മുടക്കി പെൺകുട്ടികൾക്കൊപ്പം ശയിക്കാനെത്തുന്ന ഇരകളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാനാണ് ഇവ ഉപയോഗിച്ചിരുന്നത്. ഇതിൽ പലതും മാസങ്ങളായി സംഘം റെന്റ് അടിസ്ഥാനത്തിൽ എടുത്തതാണ്. എന്നാൽ, പ്രതികളിൽ ചിലർ സ്വന്തം വാഹനങ്ങളും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം പെൺവാണിഭ സംഘത്തിനൊപ്പം അഞ്ചുകാറുകളാണ് പൊലീസ് പിടികൂടിയത്. മാസങ്ങൾക്ക് മുമ്പ് രാഹുൽ പശുപാലനും സംഘവും പിടിയിലായ ഓൺലൈൻ പെൺവാണിഭ കേസിലും പ്രധാന പ്രതി ജോഷി ജോസഫിന്റേതുൾപ്പെടെ മൂന്നുകാറുകൾ പൊലീസ് പിടികൂടിയിരുന്നു. കേസിൽപ്പെട്ട വാഹനമായതിനാൽ ഇവ കോടതിയിൽ ഹാജരാക്കിയശേഷം ഇപ്പോഴും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്.