തിരുവനന്തപുരം: ഫേസ്‌ബുക്കിലെ പേര് കൊച്ച് സുന്ദരി എന്നാണ്, ലൈക്ക് ചെയ്യും മുമ്പ് നോക്കിയാൽ ചിത്രങ്ങൾ ഷെയർ ചെയ്യുന്ന ഒരു ഫേസ്‌ബുക്ക് പേജെന്ന് തോന്നും. എന്നാൽ, ലൈക്കടിച്ച് ഉള്ളിൽ കയറുമ്പോഴാണ് ബോധ്യമാകുക സംഗതി അഡൽസ് ഒൺലിയാണെന്ന്. ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ കച്ചവടം കൊഴുപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയ പേജായിരുന്നു കൊച്ചു സുന്ദരി എന്നത്. യുവാക്കളും വിദ്യാർത്ഥികളും അടക്കമുള്ളവർ അറിഞ്ഞോ അറിയാതെയോ ഈ പേജിൽ ലൈക്ക് ചെയ്ത് ഓൺലൈൻ സെക്‌സ് റാക്കറ്റിന്റെ ഭാഗമായിരുന്നു. പതിനായിരത്തിലേറെ പേരായിരുന്നു ഈ പേജിൽ ലൈക്ക് ചെയ്തിരുന്നത്.

പേജിൽ കടന്ന് കഴിയുമ്പോഴാണ് പേര് കുട്ടികളുടെതാണെങ്കിലും സംഗതി പെൺവാണിഭക്കാരുടെ പേജാണെന്ന് ബോധ്യമായത്. പ്രായപൂർത്തിയാകാത്ത നൂറുകണക്കിന് കുട്ടികളുടെ ഫോട്ടോയും അവരിൽ നിന്ന് ലഭിക്കുന്ന സർവ്വീസും അവരുടെ റേറ്റും കുറിച്ചിട്ട പേജിൽ ആവശ്യക്കാർക്ക് ബന്ധപ്പെടാൻ ഫോൺ നമ്പരുകൾ അനവധിയുണ്ടായിരുന്നു. പേജ് ലൈക്ക് ചെയ്യുകയും ഫോണിൽ ബന്ധപ്പെടുകയും ചെയ്യുന്നവരെ ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിച്ച് കച്ചവടം ഉറപ്പിക്കുന്നതാണ് ഇവരുടെ തന്ത്രം. ഫേസ് ബുക്ക് പേജിലെ ചിത്രങ്ങളിൽ ആകൃഷ്ടരായെത്തുന്ന കസ്റ്റമേഴ്‌സിന്റെ വിവരങ്ങൾ സംഘം രഹസ്യമായി തേടും. ഐ.ടി രംഗത്തോ ബിസിനസ് മേഖലകളിലോ ഉള്ളവരാണെങ്കിൽ ചോദിക്കുന്ന പണം കിട്ടുമെന്നുറപ്പുള്ള സംഘത്തിന്റെ അടുത്ത നീക്കം ഇരയെ എങ്ങനെയും ചാക്കിലാക്കുകയെന്നതാണ്. ഇങ്ങനെയാണ് ഫേസ്‌ബുക്കിലൂടെ ഓൺലൈൻ പെൺവാണിഭ സംഘം ഇരയെ പിടിക്കുന്നത്.

വിദേശരാജ്യങ്ങളിൽ നിന്നുള്ള ഇത്തരം സൈറ്റുകളിൽ പരസ്യം നൽകി കുട്ടികളെ ലൈംഗിക ചൂഷണം നടത്തുന്ന സംഘത്തെപ്പറ്റി ബാലാവകാശ കമ്മിഷനംഗത്തിന് ലഭിച്ച സൂചനയും ഡിജിപിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് കൊച്ചു സുന്ദരിക്ക് മേൽ പൊലീസിന്റെ പിടിവീണത്. നടിമാരുടെും വ്യാജ ചിത്രങ്ങളും മറ്റും ഈ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്താണ് പെൺവാണിഭക്കാർ മാർക്കറ്റ് ചെയ്യുന്നത്. സ്‌കൂൾ, കോളേജ് തലങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ പോലും ഇങ്ങനെ ആവശ്യക്കാർക്ക് പെൺവാണിഭ സംഘം എത്തിച്ചു നൽകി എന്നാണ് തിരുവനന്തപുരത്തെ ഓൺലൈൻ പെൺവാണിഭ സംഘവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

ബാലവകാശ കമ്മിഷനംഗം ക്രൈംബ്രാഞ്ച് എഡി.ജിപിയുടെ ശ്രദ്ധയിൽപ്പെടുത്തിയ സംഭവത്തിൽ സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് സെക്‌സ് റാക്കറ്റ് സംഘത്തിന് കെണിയെരുക്കിയത്. കൊച്ചുസുന്ദരിയെന്ന ഫേസ് ബുക്ക് പേജും എസ്‌കോർട്ട് , ലൊക്കാന്റോ തുടങ്ങിയ വെബ് വിലാസങ്ങൾ മുഖേനയും പെൺവാണിഭം നടത്തിയിരുന്ന സംഘം സമാനമായ ഇരുപതോളം സൈറ്റുകൾ വഴിയും ഓൺലൈൻ പെൺവാണിഭ സംഘം രംഗം കൊഴുപ്പിച്ചതായാണ് വിവരം.

അതേസമയം ഓൺലൈൻ പെൺവാണിഭ സംഘം ഓൺലൈനിൽ സജീവമായ വിദ്യാർത്ഥികളെയും സമർത്ഥമായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഇവർ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി കഴിഞ്ഞപ്പോഴാണ് പലരും ഞെട്ടിയത്. അടൂർ ചൂരക്കോട്ടെ വിഷ്ണുഭവനിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോയ ജിഷ്ണു ഓൺലൈൻ പെൺവാണിഭത്തിൽ അറസ്റ്റിലായ വിവരം അടുത്തദിവസം രാവിലെയാണ് വീട്ടുകാരറിഞ്ഞത്. വെള്ളിയാഴ്ച വൈകുന്നേരം പോയ മകൻ രാത്രിവൈകിയും തിരികെ വരാതിരിക്കുകയും മൊബൈൽ ഫോൺ അറ്റന്റ് ചെയ്യാതാകുകയും ചെയ്തതോടെ വീട്ടുകാർ അടൂർ പൊലീസിൽ പരാതി നൽകി. അടുത്തദിവസം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നിന്ന് വീട്ടിലേക്ക് വിളിച്ച് മകൻ തങ്ങളുടെ കസ്റ്റഡിയിലുള്ളതായി പൊലീസ് അറിയിക്കുകയായിരുന്നു.

പോളിടെക്‌നിക് വിദ്യാർത്ഥിയായ മകന്റെ അറസ്റ്റിന്റെ കാര്യം തേടി മാതാവും ബന്ധുവും ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി. കൊല്ലത്ത് പെൺവാണിഭക്കാരെ പിടികൂടിയതിന് കൊട്ടാരക്കരയിൽ സുഹൃത്തിനെ കാണാൻ പോയ മകന് എന്തുബന്ധമാണെന്നായിരുന്നു വീട്ടുകാരുടെ ചോദ്യം. ഓൺലൈൻ പെണ്ണിടപാട് കാരുടെ സൈറ്റിലെ ഫോൺ നമ്പരുകളിലൊന്നിൽ മകന്റെ നമ്പരും കാണുകയും മകൻതന്നെ താൻ സ്ത്രീകളെ ഏർപ്പെടുത്തികൊടുത്തതായി വെളിപ്പെടുത്തുകയും ചെയ്തതോടെ മാതാപിതാക്കൾ ശരിക്കും തകരുകയായിരുന്നു.

കേസിലെ ഒന്നാം പ്രതിയും കൊട്ടാരക്കരയിൽ മൊബൈൽഫോൺ ഷോപ്പ് നടത്തിപ്പുകാരനായ പുത്തൂർ കരിമ്പുഴ സ്വദേശി പ്രവീണിന്റെ സുഹൃത്തായിരുന്നു ജിഷ്ണു. കൊട്ടാരക്കര സ്വദേശിയായ സ്ത്രീ മുഖാന്തിരം പെൺകുട്ടികളെ ക്യാൻവാസ് ചെയ്ത് ഇടനിലക്കാർ വഴി ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന ഇടപാടിൽ ജിഷ്ണുവും പ്രതിഫലം പറ്റിയെന്ന് അന്വേഷണസംഘം വെളിപ്പെടുത്തിയത്. ഇത്തരത്തിൽ ജിഷ്ണുവിനെ പോലെ മറ്റ് വിദ്യാർത്ഥികളെയും പെൺവാണിഭ സംഘം ഉപയോഗിച്ചിരിക്കാം എന്നാണ് പൊലീസിന് ലഭ്യമായിരിക്കുന്ന വിവരം.