മലപ്പുറം:  കേരള പൊലീസിന്റെ ഓപ്പറേഷൻ ബിഗ് ഡാഡിയിലൂടെ നൂറുകണക്കിനു ബാലികമാരെ പെൺവാണിഭ മാഫിയ വലയിലാക്കിയെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടിനു പിന്നാലെയാണ് മൊബൈൽ ഫോൺ മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമിലൂടെയും ലൈംഗിക വ്യാപാരം കേരളത്തിൽ നടക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നത്. പൂമ്പാറ്റയെന്ന് പേരിലുള്ള ടെലിഗ്രം ഗ്രൂപ്പിൽ അംഗങ്ങളിലായവരിൽ ആയിരത്തിലേറെ മലയാളികളുണ്ടെന്ന വാർത്ത ശരിക്കും കേരളീയരെ ഞെട്ടിക്കുന്നതാണ്. ഉയർന്ന ചിന്താശേഷിയും മറ്റുമുള്ള മലയാളികളുടെ ലൈംഗിക വൈകൃതം വെളിപ്പടുത്തുന്നതാണ് ഈ ഗ്രൂപ്പിൽ മലയാളികളും അംഗങ്ങളായിട്ടുണ്ടെന്ന വിവരത്തിലൂടെ പുറത്തുവരുന്നത്. ഇത്തരക്കാർ സോഷ്യൽ മീഡിയകളെ മറയാക്കി ഉപയോഗിക്കുന്നു എന്നത് ഈ ഞെട്ടലിന്റെ ആക്കം വർദ്ധിപ്പിക്കുന്നു.

ഒരു ഓൺലൈൻ മാധ്യമമാണ് ടെലിഗ്രാം ഗ്രൂപ്പ് വഴിയും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഉപയോഗിച്ചും ലൈംഗിക വ്യാപാരം നടത്തുന്ന വിവരം പുറത്തുവിട്ടത്. കുട്ടികളോടുള്ള ലൈംഗിക അഭിനിവേശമുള്ളവരുടെ നിരവധി ഫേസ്‌ബുക്ക് ഗ്രൂപ്പുകൾ പൊളിച്ചിട്ടുള്ള ജലിത്ത് തോട്ടോളിയെന്ന മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷനിസ്റ്റും മറ്റൊരു മാധ്യമ പ്രവർത്തകനും ചേർന്നാണ് ഈ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. നവംബർ 22നു ജലിത്ത് ഈ ഗ്രൂപ്പിൽ ചേർന്നിരുന്നു. എംഎൽപിഎം എന്നു പേരുള്ള അഡ്‌മിനാണ് ഇതിന്റെ നിയന്ത്രണമെന്നും കണ്ടെത്തി.

അറസ്റ്റിലായ ഷറഫലിയാണ് ഗ്രൂപ്പ് അഡ്‌മിൻ. ഇയാൾ എം.കോം വിദ്യാർത്ഥിയാണ്. ഒട്ടേറെ അശ്ലീല സൈറ്റുകളിലും ദൃശ്യങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ട്. ബാലരതി ദൃശ്യങ്ങളിൽ താൽപര്യമുള്ളവരാണ് ഗ്രൂപ്പ് അംഗങ്ങൾ. പിഞ്ച് കുഞ്ഞുങ്ങളുടെ പോലും ചിത്രങ്ങൾ ഗ്രൂപ്പിൽ പ്രചരിപ്പിച്ചിരുന്നതായാണ് വിവരം. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. വണ്ടൂർ സി.ഐ ബാബുരാജിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് വിവരം ശേഖരിക്കുന്നത്.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിന് തിരുവനന്തപുരം ടെക്നോപാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൊലീസ് സൈബർഡോം പി.ഹണ്ട് 17.1 ടീം നടത്തിയ അന്വേഷണത്തിലാണ് ഷറഫലിയുടെ മൊബൈൽഫോണിൽനിന്ന് അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതായി വിവരം ലഭിച്ചത്. തുടർന്ന് ജില്ലാപൊലീസ് മേധാവിക്ക് വിവരം കൈമാറുകയായിരുന്നു. വണ്ടൂർ സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ശേഖരിച്ച വിവരങ്ങൾ പ്രകാരം ഇയാൾ നിരവധി പേരെ ഗ്രൂപ്പിൽ അംഗങ്ങളാക്കി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു.

അശ്ലീല സൈറ്റുകളിലും ഇയാൾ വീഡിയോ പ്രചരിപ്പിച്ചതായി കണ്ടെത്തി. ഒരു ലക്ഷത്തോളം രൂപ ഇയാൾ നേടിയതായാണ് പ്രാഥമിക വിവരം. എന്നാൽ കൃത്യമായി എത്ര പണം സമ്പാദിച്ചുവെന്ന വിവരം കൂടുതൽ അന്വേഷണങ്ങളിലെ വ്യക്തമാകുവെന്ന് പൊലീസ് പറഞ്ഞു. ഗ്രൂപ്പിൽ അംഗങ്ങളായിരുന്ന 360 അംഗങ്ങളിലേക്ക് ഇവർ ചിത്രങ്ങളും വീഡിയോയും നിരന്തരം എത്തിച്ചിരുന്നുവെന്നുമാണ് വിവരം. ഭാര്യാ കൈമാറ്റ (വൈഫ് സ്വാപ്പിങ്)ത്തിന് വേണ്ടിയും ഗ്രൂപ്പ് പ്രവർത്തിക്കുന്നതായി ബോധ്യമായിട്ടുണ്ട്. മലയാളികൾക്കു വേണ്ടിയുള്ള കണ്ടന്റുകളാണ് ഇതിൽ ഷെയർ ചെയ്യപ്പെട്ടിരുന്നതെന്നും മറ്റു ചിലർ വിദേശ ലൈംഗിക വീഡിയോകൾ നൽകിയിരുന്നെന്നും കണ്ടെത്തി.

ക്രൈം ബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ഓൺലൈൻ സെക്‌സ് റാക്കറ്റുകളെ കുടുക്കാൻ ശ്രമം തുടക്കത്തിൽ നടന്നത്. ടെലിഗ്രാം ഗ്രൂപ്പിലെ അഡ്‌മിൻ ആയിരുന്നയാളെ പിടികൂടിയ സാഹചര്യത്തിൽ മറ്റു ഉപയോക്താക്കളെ സുരക്ഷിതമാക്കി നിലനിർത്തുന്നത് എങ്ങനെയെന്നും മനസിലാക്കാൻ കഴിയുമെന്നാണു കരുതുന്നതെന്നും ശ്രീജിത്ത് പയുന്നു.

നേരത്തേ, കൊച്ചു സുന്ദരികൾ എന്ന ഫേസ്‌ബുക്ക് പേജിലൂടെ പെൺവാണിഭ സംഘത്തെ വലയിലാക്കിയ വിവരം കേരള പൊലീസിന്റെ ഓപ്പറേഷൻ ബിഗ് ഡാഡിയയിലൂടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. ബാലികമാരുടെ അർധനഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതു ഗൾഫിൽ ഒളിവിൽ കഴിയുന്നയാളാണെന്നു റിപ്പോർട്ടിൽ പറയുന്നു. സ്വദേശികളും വിദേശികളുമായ നൂറിലധികം ബാലികമാരുടെ അർധനഗ്‌ന ചിത്രങ്ങൾ ഉൾപ്പെടുത്തി, കൊച്ചുസുന്ദരികൾ എന്ന ഫേസ്‌ബുക് അക്കൗണ്ട് സൃഷ്ടിച്ചതാരാണെന്നും ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു.

അതേസമയം കേരളത്തിൽ ലക്ഷക്കണക്കിന് രൂപ നൽകി കുട്ടികളെ വാങ്ങി ലൈംഗികമായി ഉപയോഗിക്കുന്ന ഒരുപാട് പേരുണ്ടെന്ന് മുമ്പ് പെൺവാണിഭ കേസിൽ അറസ്റ്റിലായ രശ്മി നായർ വെളിപ്പെടുത്തി. താൻ ഉൾപ്പെട്ട കേസിൽ തന്നെ ഇരകളാക്കപ്പെട്ട കുട്ടികൾ ഒരു പേജ് നിറയെ ഇത്തരത്തിൽ അവരെ ഉപയോഗിച്ചവരെക്കുറിച്ച് മൊഴികൾ നൽകിയിട്ടുണ്ട്. എന്നാൽ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്നം രശ്മി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി. കുറച്ച് മണിക്കൂറുകൾക്കു മൂന്നും അഞ്ചും ലക്ഷം മുടക്കുന്നവരുടെ സാമ്പത്തിക നില ഉയർന്നവരാണെന്നും പലപ്പോഴും പൊലീസ് പണം വാങ്ങി കേസ് ഒതുക്കുകയാണ് ചെയ്യുന്നതെന്നും രശ്മി ആർ നായർ ഫേസ്‌ബുക്കിലൂടെ അഭിപ്രായപ്പെട്ടു.

മുമ്പ് ബാലാവകാശ കമ്മിഷൻ മുൻ അംഗം ജെ. സന്ധ്യയുടെ പരാതിയിലാണു ക്രൈംബ്രാഞ്ച് ഐ.ജി: എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചത്. തുടർന്ന്, പെൺവാണിഭത്തിനായുള്ള മനുഷ്യക്കടത്ത് തടയാൻ ഓപ്പറേഷൻ ബിഗ് ഡാഡി എന്ന പേരിൽ പ്രത്യേകസംഘം രൂപീകരിച്ചു. ചുംബനസമര സംഘാടകരായ രാഹുൽ പശുപാലൻ, രശ്മിനായർ എന്നിവരിലേക്കും അന്വേഷണമെത്തി.