ജിദ്ദ: ഉംറ വിസയ്ക്ക് ഓൺലൈൻ സംവിധാനം നിലവിൽ വന്നതായി ഹജ്ജ് മിനിസ്റ്റർ ബൻതർ ഹജ്ജാർ വെളിപ്പെടുത്തി. നവംബർ 23 മുതൽ ഓൺലൈൻ മുഖേന വിസാ അപേക്ഷകൾ നൽകിത്തുടങ്ങിക്കഴിഞ്ഞുവെന്നും ഉംറയ്ക്കായി രാജ്യത്തെത്തുന്നവർക്ക് മികച്ച സേവനം ഉറപ്പാക്കാൻ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും ഹജ്ജാർ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഓൺലൈൻ സംവിധാനം നടപ്പാക്കിയിരുന്നുവെന്നും 60 ലക്ഷം പേരുടെ അപേക്ഷകൾ തീർപ്പാക്കിയിരുന്നുവെന്നും ഹജ്ജാർ പറയുന്നു. ഓൺലൈൻ മുഖേനയുള്ള ഉംറ വിസാ അപേക്ഷ നടപ്പാക്കുന്നതിലൂടെ അപേക്ഷ സ്വീകരിക്കുന്നതിനും തള്ളുന്നതിനും ഏതാനും മണിക്കൂറുകളേ വേണ്ടി വരുന്നുള്ളുവെന്നും ഇതിൽ സുരക്ഷപ്രശ്‌നങ്ങളൊന്നും വരുന്നില്ലെന്നും ഹജ്ജാർ ചൂണ്ടിക്കാട്ടി. നേരത്തേ ഇത്തരം കാര്യങ്ങൾക്ക് ആഴ്ചകളും ദിവസങ്ങളും എടുത്തിരുന്നു. ഓൺലൈൻ സർവീസ് നടപ്പാക്കുന്നതിലൂടെ മന്ത്രാലയത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാനും സാധിക്കുന്നുണ്ട്.

വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് ഹജ്ജ് മിനിസ്ട്രി ഇതു നടപ്പാക്കുന്നത്. വിദേശ തീർത്ഥാടകർക്ക് സേവനം നടപ്പാക്കുന്നതിനും ഉംറ കമ്പനികൾ ഇല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് സൗകര്യം ഏർപ്പെടുത്തുന്നതിനുമാണ് വിദേശമന്ത്രാലയത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്.