റിയാദ്: സൗദിയിലുള്ള വിദേശികൾക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള വിസ ഓൺലൈൻ മുഖേന ലഭ്യമാക്കുന്ന പദ്ധതി ഉടൻ നിലവിൽ വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷകർ ഓൺലൈൻവഴി മുൻകൂട്ടി ദിവസവും സമയവും ബുക്ക് ചെയ്യണമെന്നും മന്ത്രാലയ അറിയിപ്പിൽ ചൂണ്ടിക്കാട്ടി. ഇത് അടുത്ത ഞായറാഴ്ച മുതൽ പ്രവർത്തനസജജമാകും.

സേവനം ആവശ്യമുള്ളവർ www.moi.gov.sa എന്ന സൈറ്റ് സന്ദർശിച്ചാണ് ബുക്ക് ചെയ്യേണ്ടത്. റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ തുടങ്ങിയ മേഖലകളിലെ ഇസ്തിഖ്ദാം ഓഫിസുകളിൽ സേവനം ലഭ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.ഫാമിലി വിസകൾ ഓൺലൈനിൽ നൽകുമെങ്കിലും ഇഖാമയിൽ ഫാമിലി വിസ ലഭിക്കുന്നതിനുള്ള പ്രൊഫഷനും മതിയായ യോഗ്യതകളും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സമർപ്പിക്കേണ്ടി വരും. കൂടാതെ സ്‌പോൺസറിൽ നിന്നും ശമ്പളം വ്യക്തമാക്കുന്ന പ്രത്യേക സർട്ടിഫിക്കറ്റും ഹാജരാക്കണം.

ഫാമിലി വിസകൾക്കു വേണ്ടി തെറ്റായ വിവരങ്ങളോ വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റുകളോ നൽകുന്നവർ പിടിക്കപ്പെടുകയും നിയമ നടപടി നേരിടേണ്ടി വരികയും ചെയ്യും. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ഇസ്തിഖ്ദാം ഓഫിസ് മുഖേനയാണ് ഫാമിലി വിസകൾ നൽകുക കൂടാതെ സീസൺ വിസകൾക്കും താൽക്കാലിക വിസകൾക്കും ആയിരം റിയാൽ ഫീസ് ഈടാക്കുനുള്ള വ്യവസ്ഥ സൗദി ശൂറ കൗൺസിൽ അംഗീകരിച്ചു. ഈ രണ്ടു ഇനം വിസകളിലും എത്തുന്നവർക്ക് ഒരു വർഷം വരെ താമസ രേഖ പുതുക്കി നൽകാനും തിങ്കളാഴ്ച ചേർന്ന ശൂറ കൗൺസിൽ അനുമതി നൽകി. കൂടാതെ മൾട്ടിപ്പിൾ റീ എൻട്രി സേവനവും ലഭ്യമാക്കും.

ഒരു വർഷം വരെ കാലാവധിയുള്ള സീസൺ, താൽക്കാലിക വിസകൾ പുതുക്കുന്നതിനും ആയിരം റിയാലാണ് ഫീസ് ഇടാക്കുക.ഒരു വർഷം പൂർത്തിയായാൽ തൊഴിലാളികൾക്ക് തിരിച്ചുപോവേണ്ടി വരും. പ്രസ്തുത വിസകളിലെത്തുന്നവർക്ക് ഹജ്ജ് ചെയ്യാൻ അനുമതിയുണ്ടാവില്ല.

താൽക്കാലിക വിസ നിയമം 19 വകുപ്പ് അനുസരിച്ചാണ് 1000 റിയാൽ ഫീസ് ഈടാക്കാനുള്ള തീരുമാനം ശുറ അംഗീകരിച്ചത്. വിവിധ
പദ്ധതികൾക്ക് കരാറുകൾ ഏറ്റെടുക്കുന്ന നിർമ്മാണ കമ്പനികൾക്ക് താൽക്കാലിക വിസകൾ അനുവദിക്കണമെന്ന് നേരത്ത വിവിധ മേഖലകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. സൗദിയിലെ സാധാരണ തൊഴിൽ വിസകൾക്ക് ഫീസ് ഇനത്തിൽ ആയിരം റിയാലാണ് തൊഴിൽ മന്ത്രാലയം ഈടാക്കുന്നത്.