തിരുവനന്തപുരം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് ഓൺലൈനായി വോട്ട് ചെയ്യാം. ഇക്കാര്യം അനുവദിക്കണമെന്നു കാട്ടി  തിരഞ്ഞെടുപ്പ് കമ്മിഷന് ശുപാർശ സമർപ്പിക്കാൻ  സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വോട്ട് ചെയ്യാൻ സംവിധാനം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷതയിൽ കഴിഞ്ഞയാഴ്ച ചേർന്ന സർവകക്ഷി യോഗം അന്തിമതീരുമാനമാകാതെ പിരിഞ്ഞിരുന്നു. പ്രോക്‌സി വോട്ട് സംവിധാനം ഏർപ്പെടുത്തുന്നതിനോട് ഭരണപ്രതിപക്ഷാംഗങ്ങൾ ഒരുപോലെ വിയോജിച്ചപ്പോൾ ഓൺലൈൻ വോട്ടിങ് സംവിധാനം ഏർപ്പെടുത്തുന്നത് സാങ്കേതികമായി പരിശോധിക്കേണ്ടതുണ്ടെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം.

ഇതിനു പിന്നാലെയാണ് പ്രവാസികൾക്കായി ഓൺലൈൻ വോട്ടിങ് ഏർപ്പെടുത്താൻ തെരഞ്ഞെടുപ്പു കമ്മീഷനു ശുപാർശ നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രവാസി മലയാളികൾക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാൻ അവസരം നൽകണമെന്ന നിലപാടാണ് സർവകക്ഷി യോഗത്തിൽ സർക്കാർ കൈക്കൊണ്ടത്.

പ്രവാസികൾക്ക് വോട്ടവകാശം ഏർപ്പെടുത്തണമെന്ന കമ്മീഷന്റെ നിർദ്ദേശം അംഗീകരിക്കാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും ഏത് വിധത്തിലുള്ള വോട്ടിംഗാണ് ഏർപ്പെടുത്തേണ്ടത് എന്ന കാര്യത്തിൽ തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. സർവകക്ഷി യോഗത്തിനു ശേഷമാണ് ഇപ്പോൾ എല്ലാ പാർട്ടികളുടെയും അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ വോട്ടിന് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗത്തിൽ ധാരണയായിരിക്കുന്നത്.

പ്രവാസിവോട്ടവകാശം ആദ്യമായി നടപ്പാക്കിയത് കേരളമാണ്. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലുള്ള പ്രവാസികൾക്ക് മാത്രമേ വോട്ട് ചെയ്യാനാവൂ. ഇത് വളരെ കുറച്ച് പേർക്ക് മാത്രമേ ഗുണം ചെയ്യുന്നുള്ളൂ. എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരം ഒരുക്കണമെന്ന ആവശ്യവുമായി പ്രവാസിയായ ഡോ. ഷംസീർ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കേന്ദ്രസർക്കാറും തെരഞ്ഞെടുപ്പ് കമീഷനും ഇക്കാര്യത്തിൽ അനുകൂല നിലപാട് അറിയിക്കുകയും ചെയ്തു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സർക്കാരിന് തീരുമാനമെടുക്കാൻ കഴിയും എന്നതിനാലാണ് മന്ത്രിസഭാ യോഗം ചേർന്ന് ഇക്കാര്യത്തിൽ ശുപാർശ സമർപ്പിച്ചത്.

ഏകദേശം 24 ലക്ഷം പ്രവാസികളാണ് സംസ്ഥാനത്തുനിന്നുള്ളതെന്നാണ് സിഡിഎസ് നടത്തിയ ഏറ്റവും ഒടുവിലത്തെ സർവ്വെയിലെ കണക്ക്. ഇവരിൽ എല്ലാവരും വോട്ടവകാശം ഉള്ളവരാകില്ല. എങ്കിലും 2.43 കോടി വോട്ടർമാരുള്ള കേരളത്തിൽ പ്രവാസി വോട്ടുകളുടെ എണ്ണം നിർണായകമാണ്. ചെറിയ വോട്ടുകൾ ഫലം നിശ്ചയിക്കുന്ന തദ്ദേശവാർഡുകളുടെ കാര്യത്തിൽ ഇത് കൂടുതൽ പ്രാധാന്യമർഹിക്കുന്നതാണ്. പ്രവാസികൾക്ക് നേരിട്ടെത്തി വോട്ട് ചെയ്യാൻ കഴിഞ്ഞ തെരഞ്ഞെടുപ്പുമുതൽ അവസരമുണ്ടായിരുന്നു. 13,000 പേർ മാത്രമാണ് വോട്ടർപട്ടികയിൽ പേര് ചേർത്തത്.