പേഴ്‌സിലും സമ്പാദ്യപ്പെട്ടിയിലും നോട്ടുകൾ അടുക്കിവെയ്ക്കുന്നവർ ശ്രദ്ധിക്കുക. ഒമ്പത് ദിവസത്തിനുള്ളിൽ പഴയ നോട്ടുകൾ മാറ്റി എടുത്തില്ലെങ്കിൽ അവയ്ക്് കടലാസ്സിന്റെ മാത്രം മൂല്യമേ ഉണ്ടാകൂ. 2005-നു മുമ്പിറങ്ങിയ നോട്ടുകൾ പിൻവലിക്കാനുള്ള റിസർവ് ബാങ്കിന്റെ തീരുമാനം ജൂൺ 30-ന് പ്രാബല്യത്തിൽ വരുന്നതോടെയാണിത്. 500-ന്റെയും 1000-ന്റെയും നോട്ടുകളടക്കം പഴയ നോട്ടുകൾ പിൻവലിക്കാനാണ് റിസർവ് ബാങ്കിന്റെ തീരുമാനം.

പഴയ നോട്ടുകൾ അക്കൗണ്ടിൽ നിക്ഷേപിക്കുകയോ ബാങ്കിൽ നൽകി മാറിയെടുക്കുകയോ ചെയ്യാം. സുരക്ഷാകാരണങ്ങളാലാണ് 2005-നു മുൻപുള്ള കറൻസി നോട്ടുകൾ പിൻവലിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്. നോട്ടുകൾ പിൻവലിക്കാൻ റിസർവ് ബാങ്ക് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. നോട്ടുകൾ പിൻവലിക്കാനുള്ള അവസാന തിയതി ജനുവരി ഒന്ന് ആയിരുന്നെങ്കിലും ഇത് പിന്നീട് ജൂൺ 30 വരെ നീട്ടി നൽകി.

2005-ന് മുൻപുള്ള നോട്ടുകൾ തിരിച്ചറിയാൻ എളുപ്പമാണ്. ഈ നോട്ടുകളിൽ പിൻഭാഗത്ത് വർഷം അച്ചടിച്ചിട്ടില്ല. ഇവ ബാങ്കുകൾക്ക് കൈമാറി പുതിയ കറൻസി നോട്ടുകൾ വാങ്ങിയില്ലെങ്കിൽ പഴയ നോട്ടുകൾക്ക് മൂല്യമുണ്ടാകില്ല.

2005-നുശേഷം അച്ചടിച്ച നോട്ടുകൾക്ക് കൂടുതൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അച്ചടിക്കുന്ന കള്ളനോട്ടുകൾ ഇന്ത്യയിൽ സജീവമായതും ദേശദ്രോഹപ്രവർത്തനങ്ങൾക്ക് ഈ നോട്ടുകൾ ഉപയോഗിക്കുന്നതുമാണ് പഴയ നോട്ടുകൾ തീരുമാനിക്കാൻ റിസർവ് ബാങ്കിനെ നിർബന്ധിതമാക്കിയത്.