- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ലെന്ന് ഹൈക്കോടതി പറയുമ്പോഴും സെക്രട്ടേറിയറ്റിൽ ആകെ ജോലിക്ക് എത്തിയത് 32 ജീവനക്കാർ; പതിവ് മുടക്കാതെ ഹാജരായി ചീഫ് സെക്രട്ടറി; മന്ത്രിമാരിൽ ഭൂരിഭാഗവും പണിമുടക്കി; മറ്റുസർക്കാർ ഓഫീസുകളിലും ഹാജർനില കുറവ്
തിരുവനന്തപുരം: ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. അതേസമയം, സെക്രട്ടേറിയറ്റിൽ പൊതുപണിമുടക്ക് ദിവസം ജോലിക്കെത്തിയത് 32 ജീവനക്കാർ. പൊതുഭരണവകുപ്പിന്റെ കണക്കനുസരിച്ച് സെക്രട്ടേറിയറ്റിൽ ആകെയുള്ളത് 4,828 ജീവനക്കാരാണ്. ചീഫ് സെക്രട്ടറി വി.പി.ജോയി രാവിലെ ഓഫിസിലെത്തി. ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ പ്രധാന ജീവനക്കാരും ജോലി ചെയ്തു.
മന്ത്രിമാരിൽ ഭൂരിഭാഗം പേരും സെക്രട്ടേറിയറ്റിലെത്തിയില്ല. സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ സംഘടനകൾ പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റുള്ള സർക്കാർ ഓഫിസുകളിലും ഹാജർനില തീരെ കുറവായിരുന്നെന്ന് അധികൃതർ പറയുന്നു. ജീവനക്കാർ എത്താത്തതോടെ സെക്രട്ടേറിയറ്റിലെ ഭരണ നടപടികളും നിലച്ചു. ഇ-ഫയലാണെങ്കിലും വളരെ പ്രധാനപ്പെട്ട ഫയലുകൾ മാത്രമാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്.
ചൊവ്വാഴ്ച അർധരാത്രി വരെയാണ് പണിമുടക്ക്. കർഷകസംഘടനകൾ, കർഷകതൊഴിലാളി സംഘടനകൾ, കേന്ദ്ര-സംസ്ഥാന സർവീസ് സംഘടനകൾ, അദ്ധ്യാപക സംഘടനകൾ, ബിഎസ്എൻഎൽ, എൽഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ, തുറമുഖ തൊഴിലാളികൾ തുടങ്ങിയവർ പണിമുടക്കിൽ പങ്ക് ചേരുന്നുണ്ട്.
സർക്കാർ ജീവനക്കാർ പണിമുടക്കുന്നത് നിയമവിരുദ്ധമെന്നാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. പണിമുടക്കു ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഉത്തരവ്. സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സർവീസ് ചട്ടങ്ങളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പണിമുടക്കിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി, സർക്കാർ ഇക്കാര്യത്തിൽ ഇന്നു തന്നെ ഉത്തരവ് ഇറക്കാൻ ആവശ്യപ്പെട്ടു.
പണിമുടക്ക് ദിവസം സർക്കാർ ഉദ്യോഗസ്ഥർക്കടക്കം ഹാജർ നിർബന്ധമാക്കണമെന്ന് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകൻ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഡയസ് നോൺ പ്രഖ്യാപിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയത്തിനെതിരെയാണ് തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദി ദ്വിദിന ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ