ചെന്നൈ: രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് മത്സരിക്കുമെന്ന സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ തീരുമാനത്തെ തള്ളി എഐഎഡിഎംകെ വിമത വിഭാഗം നേതാവ് ടി.ടി.വി. ദിനകരൻ തമിഴ്‌നാട്ടിൽ എംജിആറിനും അമ്മയ്ക്കും പകരക്കാരനാവാൻ ആർക്കും സാധിക്കില്ലെന്നും ദിനകരൻ പറഞ്ഞു.

ജനങ്ങൾ അമ്മയെന്ന് വിളിച്ചിരുന്ന ജയലളിതയക്ക് പകരകാരനാവാൻ ആർക്കും കഴിയില്ല. അമ്മയുടെ വിശ്വസ്തരായ വോട്ടർമാരെ മറിക്കാനും സാധിക്കില്ല. ആരെ വേണമെങ്കിലും എംജിആറിനോടും അമ്മയോടും താരതമ്യം ചെയ്യാൻ സാധിക്കും. എന്നാൽ, ഒരു അമ്മയും ഒരു എംജിആറും മാത്രമേയുള്ളു എന്നും ദിനകരൻ അഭിപ്രായപ്പെട്ടു.

തമിഴ് സിനിമാതാരമായ കമൽ ഹാസനാണ് രാഷ്ട്രീയത്തിലിറങ്ങുമെന്ന ആദ്യ സൂചനകൾ നൽകിയത്. അതേ തുടർന്ന് തമിഴ്‌നാട് സർക്കാരിനെതിരേ ശക്തമായ ആരോപണങ്ങളും ഉന്നയിച്ചിരുന്നു. തമിഴ്‌നാട് രാഷ്ട്രീയം അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണെന്നായിരുന്നു കമൽഹാസന്റെ ആരോപണം.

എന്നാൽ, കമൽഹാസനെക്കാൾ മുമ്പ് തന്നെ രാഷ്ട്രീയ ചുവട് വയ്‌പ്പ് നടത്തിയിരിക്കുകയാണ് സ്‌റ്റൈൽ മന്നൻ രജനികാന്ത്. തന്റെ ഫാൻസിനെ അണിനിരത്തി രാഷ്ട്രീയത്തിൽ എത്താനാണ് രജനിയുടെ പദ്ധതി എന്നാണ് വിലയിരുത്തലുകൾ.