ന്യൂജൻ സിനിമക്കാരുടെ തലയിൽ കഞ്ചാവുപൊട്ടുകയാണെന്നും അതിന്റെ ഭാഗമായി അവർ കാട്ടുന്ന വിഭ്രാന്തികളാണ് ഇപ്പോഴത്തെ തുമ്പും വാലുമില്ലാത്ത സിനിമകളായി വരുന്നതെന്നും 'ആട് ഒരു ഭീകരജീവിയാണെന്ന', 'ഹൊറർ മൂവി' കണ്ട് കാശുപോയ ഒരുത്തൻ ഫേസ്‌ബുക്കിൽ കുറിച്ചതോർക്കുന്നു. അതിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുപോവും നവാഗതനായ ശ്രീവരുൺ സംവിധാനം ചെയ്ത 'ഒന്നാംലോകമഹായുദ്ധം' എന്ന പടപ്പ് കണ്ടാൽ. അന്തവും കുന്തവുമില്ലാതെ പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ പരിഹസിക്കുന്ന രീതിയിൽ എന്തൊക്കെയോ എടുത്തുവച്ച് അതിന് സിനിമയെന്ന് പേരിട്ട് സെൻസർബോർഡിന്റെ സർട്ടിഫിക്കേറ്റ് വാങ്ങി ഒരു പ്രൊഡ്യൂസറെക്കൂടി കുത്തുപാളയെടുപ്പിച്ചിരിക്കുന്നു. ഇക്കണക്കിന് പോയാൽ പഴയ തമ്പുരാൻ സിനിമകളിലെ കാലഘട്ടത്തിലെന്നപോലെ ജനം തീയേറ്റർ കണ്ടാൽ ഓടിയൊളിക്കുന്ന അവസ്ഥ വരും. (എന്നാൽ ഇതിന്റെ പോസ്റ്ററും ട്രെയിലറുമൊക്കെക്കണ്ടാൽ എന്തോവലിയ സംഭവമാണെന്നാണ് തോന്നുക. ആ ശ്രദ്ധ സിനിമയുടെ കഥ വികസിപ്പിക്കുന്നിടത്ത് പ്രയോഗിക്കരുതോ?).

അടുത്തകാലത്ത് ഇറങ്ങിയ എല്ലാ ന്യൂജൻ സിനിമകളെയുംപോലെ ഒരു മൾട്ടി ലീനിയർ കഥയാണ് നമ്മുടെ ഒന്നാം ലോക മഹായുദ്ധത്തിനും. സിനിമ തുടങ്ങുന്നത് നായകന്റെ വോയ്‌സ് ഓവറിൽ ആയിരക്കണമല്ലോ. അയാൾക്ക് ഒരു കൊടിയ പ്രശ്‌നമുണ്ടായിരിക്കും. അതോടൊപ്പം മറ്റ് മൂന്നാല് കഥാപാത്രങ്ങളും വികസിക്കുന്നുണ്ടാവും. അവസാനം ഇവരെല്ലാം ഒരു ബിന്ദുവിൽ ഒരേ ലക്ഷ്യത്തിൽ കണ്ടുമുട്ടുന്നു, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുന്നു. ഇതിനിടയിൽ ഒരു സൈഡ്ട്രാക്കായി അൽപ്പം കുഷ്ഠമോ, കിഡ്‌നിരോഗമോ ചേർക്കാമെന്ന് ബോയിങ് ബോയിംഗിൽ ജഗതിശ്രീകുമാർ പറയുന്നപോലെ, അൽപ്പം വെടിപൊക, അശ്ലീല സംഭാഷണങ്ങൾ, സ്ത്രീവിരുദ്ധത, അരാഷ്ട്രീയത എന്നിവയൊക്കെ കുത്തിക്കയറ്റാം. അങ്ങനെയാവുമ്പോൾ അത് ആധുനിക കാലത്തിന് പറ്റിയ ലക്ഷണമൊത്ത ന്യൂജൻ സിനിമയായി. ആ ടിപ്പിക്കൽ ഫോർമാറ്റാണ് ഇവിടെയും ആവർത്തിക്കപ്പെടുന്നത്. നൂറ്റൊന്ന് ആവർത്തിച്ചിട്ടും ഈ ക്ഷീരബലക്കൊക്കെ പണം മുടക്കിയവനെയാണ് ആദ്യം ചവിട്ടേണ്ടത്!

വെള്ളരിക്കാപ്പട്ടണത്തിൽ നടക്കുന്ന യുക്തിരഹിത കഥ

'പെരുച്ചാഴി' പോലത്തെ സിനിമകൾ ഇറങ്ങിയതോടെ എന്തെങ്കിലും ഒരു കഥ എങ്ങനെയെങ്കിലും തല്ലിക്കുട്ടിയാൽ ഒരു പ്രൊഡ്യൂസറെ കിട്ടുമെന്ന ധാരണ ഇവിടെ ഉറച്ചുപോയിട്ടുണ്ടെന്ന് തോന്നുന്നു. യുവതാരം ടൊവീനോ തോമസ് വേഷമിട്ട ഡോ.ജേക്കബിന്റെ ജീവിതം പറഞ്ഞുകൊണ്ട് പതിവുപോലെ അൽപ്പം ഫിലോസഫിക്കൽ വോയ്‌സ് ഓവറിൽ ചിത്രം തുടങ്ങുകയാണ്. ഡോ. ജേക്കബിനെ സംബന്ധിച്ച് അന്ന് വളരെ സുപ്രധാനമായ ദിവസമാണ്. (ന്യൂജൻ സിനിമയാവുമ്പോൾ അങ്ങനെയല്ലാതെ വേറെ വഴിയില്ലല്ലോ). ഒരു ക്രിമനൽ ഡോക്ടറായ അയാളുടെ കൈയിലുള്ള കോടികൾ വിലമതിക്കുന്ന മയക്കുമരുന്നിന്റെ ഡീലാണ് ചിത്രത്തിന്റെ പ്രമേയം. ചെട്ടിയാർ എന്ന കള്ളക്കടത്തുകാരന് (പൊള്ളാച്ചിയിലെ ഗൗണ്ടർമാരും ചെട്ടിയാർമാരും മാത്രമേയുള്ളൂ മലയാള സിനിമയിൽ ഇപ്പോഴും കള്ളക്കടത്തിന്) അയാൾ കൊടുക്കാനിരുന്ന ആ സാധനത്തിനുവേണ്ടി, അയാളുടെ ഭാര്യയെയും മകളെയും, നൂലിൽ കെട്ടിയറക്കിയതെന്ന് തോന്നുന്ന മറ്റൊരു ക്രിമിനൽ വ്യവസായി അനിരുദ്ധൻ (സിനിമയിൽ ജോജുജോർജ്) തട്ടിക്കൊണ്ടുപോവുന്നു.

ഇതിനിടയിൽ എ.എസ്‌പി താരയുടെ (അപർണഗോപിനാഥ് ) നേതൃത്വത്തിലുള്ള പൊലീസ് സംഘവും വലവിരിക്കുന്നു. നിരന്തരമായി അബദ്ധങ്ങൾ സംഭവിച്ച് കരിയറിൽ ബ്‌ളാക്ക്മാർക്കുമായി നിൽക്കുന്ന താരയ്ക്ക്, ഈ ഓപ്പറേഷൻ തന്റെ ഇമേജ് വീണ്ടെടുക്കുന്നതിന് നിർണായകമാണ്. ചെട്ടിയാരുടെ ആൾക്കാരായി ഗുളിക തിരികെപിടിക്കാൻ ചെമ്പൻ വിനോദും സംഘവും എത്തുന്നതോടെ സംഗതി ശരിക്കും ന്യൂജൻ ആട്ടക്കലാശമാവുന്നു. ഒരേലക്ഷ്യത്തിനുവേണ്ടി മൂന്നു സംഘങ്ങൾ. ഇവരുടെ മരണപ്പാച്ചിൽ ഒരു റോഡ്മൂവിപോലെ ചിത്രം മുന്നേറുന്നു. ഇതിനിടിൽ കൂറെ അടിയും വെടിയും പുകയും. അതുവരെ പ്രേക്ഷകർ പ്രതീക്ഷിച്ചതുതന്നെയാണെങ്കിലും ക്ലൈമാക്‌സിനോടടുപ്പിച്ച് ഒരു ട്വിസ്റ്റ് ഇട്ട് സംവിധായകൻ കൈയടി നേടുന്നുണ്ട്. അവിടെയും നമ്മൾ സാമാന്യബുദ്ധിയെന്ന സാധനം വീട്ടിൽ ഉപ്പിലിട്ട് വെക്കണം. പക്ഷേ സിനിമ തീരുമ്പോൾ നമ്മുടെ മനസും ശൂന്യമാകും. ഇതിൽ ഒരു കഥയുമില്ല, കഴമ്പുമില്ല. കഥയിലും തിരക്കഥയിലും പേരുകാണുന്ന ഹരിപ്രസാദാണ് ഈ സിനിമ ഇത്തോതിൽ വളിപ്പാവുന്നതിലെ പ്രധാനപ്രതി.

പേരെടുത്ത് ചെമ്പനും ജോജുവും

ങ്ങനെയാക്കെയാണെങ്കിലും ചിലഭാഗങ്ങളിലെങ്കിലും ഈ സിനിമ രസിപ്പിക്കുന്നുണ്ടെങ്കിൽ അതിന് കാരണം ഇതിലെ ചില നടന്മാരുടെ അസാധ്യ പ്രകടനമാണ്. ചെമ്പൻ വിനോദിന്റെയും, ജോജുജോർജിന്റെയും വേഷങ്ങളാണ് എടുത്തു പറയേണ്ടത്. പപ്പുവും, ഒടുവിലാനും, ശങ്കരാടിയുമൊക്കെ കാല യവനികയ്ക്കുള്ളിൽ മറഞ്ഞതോടെ നല്ല ക്യാരക്ടർ റോളുകൾ ചെയ്യുന്നതിനുള്ള ക്ഷാമം പരിഹരിക്കപ്പെടുന്നത് ഇത്തരം നടന്മാരിലൂടെയാണ്. ചിലപ്പോൾ മണ്ടനും, ചിലപ്പോൾ സാധുവും, മറ്റുചിലപ്പോൾ അതിക്രൂരനുമെന്ന് തോന്നിക്കുന്ന ക്രിമിനൽ വ്യവസായിയായി വേഷമിട്ട ജോജുവാണ് മികച്ച അഭിപ്രായം ഉണ്ടാക്കിയത്. ചിലപ്പോഴുള്ള ജോജുവിന്റെ വേഷപ്പകർച്ചകൾ, തിലകനെയും ഗോപിയെയും പോലുള്ള മഹാന്മാരെ ഓർമ്മിപ്പിക്കുന്നു. ഈ സിനിമ ഒരു ഹിറ്റാവുകയായിരുന്നെങ്കിൽ ഈ നടന് ഒരു മേക്ക് ഓവർ ആയേനെ.
അടുത്തകാലത്ത് തൊട്ടതെല്ലാം പൊന്നാക്കിയാണ് ചെമ്പൻ വിനോദിന്റെ വരവ്. ശ്രദ്ധിക്കപ്പെട്ട ആദ്യ ചിത്രമായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നായകൻ' തൊട്ട് 'ഇയ്യോബിന്റെ പുസ്തകം'വരെയുള്ള ചിത്രങ്ങൾ പരിശോധിച്ചാൽ അറിയാം ചെമ്പന്റെ റേഞ്ച്.'ഒന്നാം ലോകമഹായുദ്ധത്തിന്റെ' വിരസമായ പരക്കംപാച്ചിലിനിടയിലും ചെമ്പന്റെ അഫ്താബ് എന്ന കഥാപാത്രം കസറുന്നുണ്ട്. നർമ്മത്തിൽ നിന്ന് ക്രൗര്യത്തിലേക്കുള്ള പെട്ടന്നുള്ള ചെമ്പൻ വിനോദിന്റെ രൂപാന്തരണം ഈ ചിത്രത്തിലും ഗംഭീരമാണ്.

എന്നാൽ 'മുന്നറിയിപ്പിൽ' അസാധ്യമായ അഭിനയപാടവംകൊണ്ട് പ്രേക്ഷക പ്രീതി നേടിയ നടി അപർണഗോപിനാഥിന് പ്രതീക്ഷക്കനുസരിച്ച് ഉയരാനായിട്ടില്ല. സങ്കീർണമായ ഈ കഥാപാത്രം പലപ്പോഴും അപർണക്ക് മീതെയാണ് നിൽക്കുന്നത്. ബോയ്കട്ടും ശരീരഭാഷയും വച്ചുനോക്കുമ്പോൾ, പണ്ട് നടി ജ്യോതിർമയിക്ക് സംഭവിച്ചപോലെ, ജേർണലിസ്റ്റിലും പൊലീസിലും മാത്രമായി ഈ യുവ പ്രതിഭ ടൈപ്പ് ചെയ്യപ്പെടാനും സാധ്യതയുണ്ട്. നായകനായ ഡോക്ടറെ അവതിരപ്പിച്ച ടൊവിനോ തോമസും ആവറേജിൽ ഒതുങ്ങി. ചെമ്പനും, ജോജും, അപർണയുമൊക്കെ നിറഞ്ഞാടുന്ന സനിമയിൽ, പലപ്പോഴും പന്തംകണ്ട പെരുച്ചാഴിയെപ്പോലെയാണ് ഈ ചെറുപ്പക്കാരൻ.

സ്ത്രീവിരുദ്ധതയും വഷളൻ രാഷ്ട്രീയവും

തൊക്കെ പോട്ടെന്ന് വെക്കാം, ഈ സിനിമ ഒരു സാംസ്‌ക്കാരക അശ്ലീലമായി മാറുന്നത് അത് ഉയർത്തുന്ന സ്ത്രീവിരുദ്ധതയും, വംശീയത കലർന്ന വഷളൻ രാഷ്ട്രീയവും ചേർന്നാണ്. ഒരു സ്ത്രീ അവൾ തൊഴിൽപരമായി എത്ര ഉയർന്നാലും പുരുഷന് കീഴിലാണെന്ന് ഇവിടെ പറയാതെ പറയുന്നുണ്ട്. സ്വന്തമായി തീരുമാനമെടുത്താൽ അവൾ അഹങ്കാരിയാവും. എടുക്കുന്ന തീരുമാനങ്ങളെല്ലാം മണ്ടത്തരമായിപ്പോവുന്ന, പത്ത്പതിനഞ്ച് തവണ ഫയർചെയ്തിട്ടും ഒറ്റയൊന്നും ലക്ഷ്യത്തിൽ കൊള്ളാത്ത, വില്ലൻ കൈവീശി മുഖത്തടിക്കുന്ന ഒരു പുരുഷ എ.എസ്‌പിയെ നിങ്ങൾക്ക് കേന്ദ്ര കഥാപാത്രമായി സങ്കൽപ്പിക്കാൻ കഴിയുമോ? പക്ഷേ അപർണ ഒരു സ്ത്രീയായതുകൊണ്ട് അതുചേരും. അനാഥനായി തെരുവിൽ വളർന്ന നായകൻ ജേക്കബ്, മുതിർന്നപ്പോൾ ലക്ഷണമൊത്ത ഒരു ക്രിമിനിലായി വളരുകയാണ്. കുടുംബ തറവാട് മഹിമകളുടെ പൊങ്ങച്ചത്തിൽ ജീവിക്കുന്ന സമകാലീന കേരളത്തിൽ, തെരുവിന്റെ മക്കൾ എന്നും വൃത്തികെട്ടവരായിതന്നെ തുടരട്ടെ.

വാൽക്കഷണം: ഈ പടത്തിന് ഒന്നാം ലോകമഹായുദ്ധം എന്ന് പേരിട്ടത് എന്തിനാണെന്ന് സംശയം തോന്നുന്നവർക്ക് ഇടക്കെപ്പോഴോ സംവിധായകൻ അത് പരിഹരിച്ചു തരുന്നുണ്ട്. അതിനായി അക്കാലത്തെ ഒരു സംഭവകഥപറഞ്ഞ് വെറുതെ ഒരു കണക്ഷൻ കൊടുക്കയാണ്. 'അരപ്പട്ട കെട്ടിയ ഗ്രാമത്തിലെന്ന' പത്മരാജൻ ചിത്ത്രിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അതുപോലെ ഒരു സ്ഥലത്തേക്ക് വ്യഭിചരിക്കാനായിപോവുന്ന നാല് കൗമാരക്കാർ നേരംപോക്കാനായി ഒരു കഥപറയുകയാണ്. മൂന്നു പട്ടാളക്കാർ ഒന്നിച്ച് ഒന്നാംലേകാമഹായുദ്ധകാലത്ത് സിഗരറ്ററ് കത്തിച്ച കഥ. ഒരു ഫീൽകിട്ടാൻ സിഗരറ്റ് കത്തിച്ചുകൊണ്ടാണവർ കഥ പറയുന്നത്. ആദ്യത്തെ സിഗരറ്റിന് പട്ടാളക്കാർ തോക്കെടുത്തു, രണ്ടാമത്തേതിന് ഉന്നം പിടിച്ചു, മൂന്നാമത്തെതിന് വെടിയുതിർത്തു എന്ന് പറയുമ്പോഴെക്കും ശരിക്കും വെടി അവരെത്തേടിയത്തെുകയാണ് ഈ ചിത്രം കണ്ട് പ്രേക്ഷകർ ഒന്ന് ഉറക്കെ ചിരിച്ച ദൃശ്യവും ഇതാണ്. അപർണാ ഗോപിനാഥും, ചെമ്പനും പരസ്പരം രണ്ടുവണ്ടികളിലിരുന്ന് വെടിയുതിർക്കുമ്പോൾ നടുവിൽപെട്ടുപോവുകയാണ് ഈ കുട്ടികൾ. അതുകൊണ്ടായിരിക്കണം ഈ പൊട്ടക്കഥയ്ക്ക് ഒന്നാം ലോക മഹായുദ്ധമെന്ന് പേരിട്ടത്. അല്ലാതെ പ്രമേയത്തിന് തലക്കെട്ടുമായി ഒരു ബന്ധവുമില്ല. എന്തൊരു ഭാവന, എന്തൊരു പ്രതിഭ! മക്കളേ ഈ തലയൊന്നും വെയിൽ കൊള്ളിച്ച് നശിപ്പിക്കരുതേ?