ലണ്ടൻ: വിമ്പിൾഡൺ ടെന്നീസ് വനിതാ സിംഗിൾസിൽ ചരിത്ര നേട്ടത്തിലൂടെ മുന്നേറ്റം തുടർന്ന് ടുണീഷ്യൻ താരം ഓൻസ് ജാബ്യുർ. ഏഴാം സീഡ് ഇഗ സ്വയ്‌തെക്കിനെ കീഴടക്കി ക്വാർട്ടറിലെത്തിയ ഓൻസ് ജാബ്യുർ വിമ്പിൾഡണിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ അറബ് താരമായി. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു ഒൺസ് ജബിയറിന്റെ ചരിത്രവിജയം. സ്‌കോർ 5-7, 6-1, 6-1.

കഴിഞ്ഞ ദിവസം സ്‌പെയിനിന്റെ ഗബ്രിയേൻ മുഗുരുസയെ തോൽപ്പിച്ച് ഓൻസ് ജാബ്യുർ വിംബിൾഡണിന്റെ പ്രീ ക്വാർട്ടറിലെത്തുന്ന ആദ്യ അറബ് വനിത എന്ന ചരിത്രം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ പ്രീ ക്വാർട്ടറിൽ ഇരുപതുകാരിയായ പോളിഷ് താരം ഇഗ സ്വയ്‌തെക്കിനെ തോൽപ്പിച്ച് ഓൻസ് ക്വാർട്ടർ ഫൈനലിൽ ഇടം നേടിയത്.

മൂന്നു സെറ്റു നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിലായിരുന്നു ടുണീഷ്യൻ താരത്തിന്റെ വിജയം. ആദ്യ സെറ്റ് കൈവിട്ട ഓൻസ് രണ്ടും മൂന്നും സെറ്റുകളിൽ അനായാസം വിജയം സ്വന്തമാക്കി.

കഴിഞ്ഞ വർഷം ഓസ്‌ട്രേലിയൻ ഓപ്പൺ ക്വാർട്ടറിലെത്തിയ ജബിയർ ഗ്ലാസ്ലാം ക്വാർട്ടറിലെത്തുന്ന ആദ്യ അറബ് താരമായി ചരിത്രം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനാണ് ഓൻസ് ജാബ്യുർ തോൽപ്പിച്ച സ്വയ്‌തെക്ക്.

പുരുഷ വിഭാഗം സിംഗിൾസ് ക്വാർട്ടറിലെത്തിയ ഏഴാം സീഡ് മറ്റിയോ ബരേറ്റിനിയും മറ്റൊരു ചരിത്ര നേട്ടത്തിന് ഉടമയായി. കഴിഞ്ഞ 23 വർഷത്തിനിടെ വിമ്പിൾഡൺ ക്വാർട്ടറിലെത്തുന്ന ആദ്യ ഇറ്റാലിയൻ താരമാണ് ബരേറ്റിനി.

പ്രീ ക്വാർട്ടറിൽ സീഡില്ലാത്ത താരം ഇല്യ ഇവാഷ്‌കയെ നേരിട്ടുള്ള സെറ്റുകളിൽ കീഴടക്കിയാണ് ബരേറ്റിനിയുടെ മുന്നേറ്റം. സ്‌കോർ 6-4, 6-3, 6-1. കഴിഞ്ഞ മാസം നടന്ന ക്യൂൻസ് ക്ലബ്ബ് ഗ്രാസ് കോർട്ട് ടൂർണമെന്റ് ജയിച്ച ബരേറ്റിനി വിമ്പിൾഡണിൽ ഇതുവരെ ഒരു സെറ്റ് മാത്രമാണ് ഇതുവരെ നഷ്ടമാക്കിയത്.

ഒന്നാം സീഡ് നൊവാക് ദ്യോകോവിച്ച്, 10-ാം സീഡ് ഡെനിസ് ഷപൊവലോവ് എന്നിവരും ക്വാർട്ടർ ഫൈനലിൽ ഇടം നേടി. എട്ടാം സീഡ് ബാറ്റിസ്റ്റ അഗ്യൂറ്റിനെ അട്ടിമറിച്ചാണ് ഷപൊവലോവ് ക്വാർട്ടറിലെത്തിയത്. സ്‌കോർ: 6-1,6-3,7-5. ദ്യോക്കോവിച്ച് 17-ാം സീഡ് ക്രിസ്റ്റിയൻ ഗരിനെ തറപറ്റിച്ചു. സ്‌കോർ: 6-2,6-4,.6-2.

വനിതാ സിംഗിൾസിൽ ഒന്നാം സീഡ് ആഷ്‌ലി ബാർട്ടി, രണ്ടാം സീഡ് അരയ്‌ന സബലേങ്ക, എട്ടാം സീഡ് കരോളിന പ്ലിസ്‌കോവ എന്നിവരും ക്വാർട്ടർ ഫൈനലിൽ ഇടം നേടി. 14-ാം സീഡായ ചെക്ക് റിപ്പബ്ലിക്ക് താരം ബാർബോറ ക്രജിക്കോവയെ നേരിട്ടുള്ള സെറ്റുകളിൽ കീഴടക്കിയാണ് ഓസീസ് താരമായ ആഷ്‌ലി ബാർട്ടിയുടെ മുന്നേറ്റം. ഇക്കഴിഞ്ഞ ഫ്രഞ്ച് ഓപ്പൺ ജേതാവായ ക്രജിക്കോവയ്ക്ക് ഓസീസ് താരത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. സ്‌കോർ: 7-5,6-3. കരിയറിൽ ആദ്യമായാണ് ബാർട്ടി വിംബിൾഡൺ ക്വാർട്ടർ ഫൈനലിലെത്തുന്നത്.

ബലാറസ് താരമായ സബലേങ്ക സീഡില്ലാ താരമായ എലേന റയ്ബാകിനയെ പരാജയപ്പെടുത്തി. സ്‌കോർ: 3-6, 6-4,3-6. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു പ്ലിസ്‌കോവയുടെ വിജയം. ഒന്നു പൊരുതാൻ പോലുമാകാതെ ലുദിമില്ല സംസൊനോവ പരാജയപ്പെട്ടു. സ്‌കോർ: 6-2,6-3.