ന്യൂ യോർക്ക് : പ്രശസ്ത കവിയും ഗാനരചയിതാവും ജ്ഞാനപീഠ ജേതാവുമായ പത്മശ്രീ ഒ.എൻ.വി കുറുപ്പിന് ഫോക്കാനയുടെ കണ്ണീർ പ്രണാമം. ഒരുപാട് തലമുറകളെ ഓർമകളുടെ തിരുമുറ്റത്ത് തനിച്ചാക്കി ഒ.എൻ.വി യാത്രയായി. ശബ്ദകോലാഹലങ്ങളെ കവിത എന്ന് തെറ്റിദ്ധരിക്കുന്ന മലയാളത്തിന്റെ പുതിയ കവിതാലോകത്ത് ഇനിയൊരിക്കലും നികത്താനാവാത്ത ശൂന്യത ബാക്കിയാവുന്നു. അങ്ങ് അവശേഷിപ്പിച്ചു പോയ കവിതയുടെ ഉപ്പും മയിൽപ്പീലിയും മലയാളി എന്നെന്നും മനസ്സിന്റെ തിരശീലയിൽ വർണപ്പൊട്ടുകളായി സൂക്ഷിക്കുമെന്ന് തീർച്ച. ജീവിതം മുഴുവൻ കവിതയ്ക്ക് വേണ്ടി മാറ്റി വച്ച പത്മശ്രീ ഒഎൻവിക്ക് ഫൊക്കാനയുടെ സമ്പൂർണ്ണ ആദരാഞ്ജലികൾ.

ഫൊക്കാനയുടെ ആദ്യകാലംമുതലുള്ള കൺവൻഷനുകളിൽ നിറസാന്നിധ്യം ആയിരുന്ന ഒ.എൻ.വി എന്നും ഫൊക്കാനയുടെ ഒരു സഹപ്രവർത്തകനും അയിരുന്നു. ഫൊക്കാനാ മലയാളത്തെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മയും 'ഭാഷയ്‌ക്കൊരു ഡോളർ' പദ്ധതിയും നടപ്പാക്കിയപ്പോൾ ഒ.എൻ.വിയുടെ സേവനവും ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു. വെറുതെ ഈ മോഹങ്ങൽ എന്ന് അറിയു ബോളും വെറുതെമോഹിക്കുവാൻ മോഹീ എന്ന് മലയാളിയെ പഠിപ്പിച്ച മലയാളത്തിന്റെ കാവ്യസൂര്യനു ഫോക്കാനയുടെ പ്രണാമം.

കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രോഗ്രസീവ് റൈറ്റേഴ്‌സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. 1998ൽ പത്മശ്രീയും 2011ൽ പത്മവിഭൂഷനും ലഭിച്ചു.

ഒ.എൻ.വിയുടെ നിര്യാണത്തിൽ ഫൊക്കാനാ പ്രസിഡണ്ട് ജോൺ പി ജോൺ, സെക്രട്ടറി വിനോദ് കെയാർ കെ, ഫൊക്കാന ട്രഷറർ ജോയി ഇട്ടൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, കൺവൻഷൻ ചെയർമാൻ ടോമി കോക്കാട്ട് എന്നിവർ അനുശോചണം അറിയിച്ചു.