തിരുവനന്തപുരം: ആധുനികതയും ഉത്തരാധുനികതയും പാരമ്പര്യവും സമ്മേളിച്ച കവി. മലയാളിയെ കവിതയുടെ സൗന്ദര്യമെന്തെന്ന് മനസ്സിലാക്കിച്ച പ്രതിഭ. ക്ലാസിലിരുന്നവർക്കെല്ലാം മറക്കാനാവാത്ത അദ്ധ്യാപകൻ. നാടകത്തിലും സിനിമയിലും തൊട്ടതെല്ലാം പൊന്നാക്കിയ ഗാന രചയിതാവ്. വിപ്ലവ വഴികളിലൂടെ ഭാവിയെ സ്വപ്‌ന കണ്ട കമ്മ്യൂണിസ്റ്റുകാരൻ.. ഇങ്ങനെ ഒഎൻവി മലയാളിക്ക് പല അർത്ഥ തലങ്ങളിൽ നിറഞ്ഞു.

വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന തുടങ്ങിയ ഒ.എൻ.വി തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്. 1949ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം. നാടകത്തിലും സിനിമയിലും സീരിയലിലുമെല്ലാം ഒഎൻവി കുറിച്ചത് മലയാളി ഏറ്റു ചൊല്ലി. വിപ്ലവ ഗാനങ്ങളും പ്രേമവും ഈ കവിക്ക് നന്നായി വഴങ്ങി. മലയാള സിനിമയിലെ മനോഹരമായ പ്രണയ ഗാനങ്ങളിൽ ഏറെയും ഒഎൻവിയുടെ പേരിലാണ്.

രാഷ്ട്രീയത്തിലും ഈ ഇടതുപക്ഷക്കാരൻ ഒരു കൈ നോക്കി. അവിടെ മാത്രമാണ് പിഴച്ചത്. ഇടതു പക്ഷ സ്ഥാനാർത്ഥിയായി തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ഒഎൻവി മത്സരിക്കാനിറങ്ങി. എന്നാൽ സിപിഐയുടെ സീറ്റിൽ ഇടത് സ്വതന്ത്രനായി മത്സരിച്ച ഒഎൻവിക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായ എ ചാൾസിനോട് തോൽക്കേണ്ടി വന്നു. ഇത്തരമൊരു രാഷ്ട്രീയം പരസ്യമായി പ്രകടിപ്പിച്ച വ്യക്തിയായിട്ടും എല്ലാ രാഷ്ട്രീയ പാർട്ടികളും ഒഎൻവിയെ അംഗീകരിച്ചു. സാമൂഹിക പ്രശ്‌നങ്ങളിൽ ഒഎൻവിയുടെ വാക്കുകൾ ശ്രദ്ധിച്ചു. കവിതയിലൂടെ മലയാളിയുടെ മനസ്സിനെ അറിഞ്ഞ ഈ വ്യക്തിത്വം ആരും അംഗീകരിക്കാതെയുമിരുന്നില്ല.

കവിയെന്ന നിലയിൽ തന്നെയാണ് ഒഎൻവി തന്റെ പേര് മലയാളിയുടെ മനസ്സിൽ പ്രധാനമായും എഴുതിച്ചേർത്തത്. 1931 മെയ്‌ 27ന് കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ. എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി ജനനം. ഈ ദമ്പതികളുടെ മൂന്നുമക്കളിൽ ഏറ്റവും ഇളയമകനാണ് ഒ.എൻ.വി. എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു.പരമേശ്വരൻ എന്നായിരുന്നു ആദ്യത്തെ പേര് . അപ്പു ഓമനപ്പേരും . സ്‌കൂളിൽ ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണ് നൽകിയത് .

അങ്ങനെ അച്ഛന്റെ ഇൻഷ്യലും മുത്തച്ഛന്റെ പേരും ചേർന്ന് പരമേശ്വരൻ എന്ന അപ്പു സ്‌കൂളിൽ ഒ.എൻ.വേലുക്കുറുപ്പായിയ പന്നീട് തൂലികയുടെ ശക്തിയിൽ മലയാളിക്ക് ഒ.എൻ.വിയുമായി. പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്ത് . ശങ്കരമംഗലം ഹൈസ്‌കൂളിൽ തുടർ വിദ്യാഭ്യാസം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും 1948ൽ ഇന്റർമീഡിയറ്റ് പാസ്സായ ഒ.എൻ.വി കൊല്ലം എസ്.എൻ.കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു. 1952ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു . തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും 1955ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി .

1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും കോഴിക്കോട് ആർട്‌സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മെയ്‌ 31നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു.ഇപ്പോൾ കുട്ടികളുടെ ദ്വൈവാരികയായ തത്തമ്മയുടെ മുഖ്യ പത്രാധിപരാണ്.

കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു . ഇന്ത്യൻ പ്രോഗ്രസ്സീവ് റൈറ്റേഴ്‌സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . യു.കെ., കിഴക്കൻ യൂറോപ്പ് , യുഗോസ്‌ളോവ്യ, സോവിയറ്റ് യൂണിയൻ, അമേരിക്ക, ജർമ്മനി, സിംഗപ്പൂർ, മാസിഡോണിയ, ഗൾഫ് രാജ്യങ്ങൾ എന്നീ വിദേശ രാജ്യങ്ങളിൽ ഒ.എൻ.വി. സന്ദർശനം നടത്തിയിട്ടുണ്ട്

സാമൂഹിക വിഷയങ്ങളിൽ സധൈര്യം നിലപാട് തുറന്നു പറഞ്ഞു. ഗുലാം അലിയുടെ കച്ചേരിയിൽ ആദ്യാവസാനം പങ്കെടുത്തു. കേരളത്തിലെ ജനത ഗുരുസ്ഥാനത്ത് കണ്ട കവിയാണ് യാത്രയാകുന്നത്. ആധുനിക മലയാള സാഹിത്യത്തിലെ പ്രധാനി. ജ്ഞാനപീഠം മലയാള മണ്ണിലെത്തിച്ച അപൂർവ്വ പ്രതിഭ. വിടവാങ്ങുന്നുവേ ഉള്ളൂ. മലയാളി ഉള്ളിടുത്തോളം അദ്ദേഹത്തിന്റെ കവിതകൾ മലയാളി എറ്റു ചൊല്ലും. അത്ര ഭാവ തീവ്രവാണ് ലളിത വാക്കുകളിൽ ഒഎൻവി കുറിച്ച വരികൾ.