കുവൈറ്റ് സിറ്റി: ആറു പതിറ്റാണ്ടിലേറെയായി കേരളീയ സാഹിത്യ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന പ്രശസ്ത കവിയും ഗാനരചയിതാവും ജ്ഞാനപീഠ ജേതാവുമായ ഒ.എൻ.വി. കുറുപ്പിന്റെ വേർപാടിൽ കല കുവൈറ്റ് അനുശോചിച്ചു.

സാഹിത്യ മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുമ്പോഴും കേരളത്തിന്റെ പൊതു സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹത്തിന്റെ വിയോഗം പുരോഗമന പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. മഞ്ഞൾ പ്രസാദവും, ഒരുവട്ടം കൂടി... തുടങ്ങി മലയാളി മനസിൽ നിറഞ്ഞു നിൽക്കുന്ന ഒട്ടനവധി ഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ച അദ്ദേഹത്തിന്റെ ഓർമ്മകൾ മലയാളികളുടെ മനസിൽ എന്നെന്നും ജ്വലിച്ചു നിൽക്കും.

കല കുവൈറ്റ് നടത്തുന്ന മാതൃഭാഷ പഠന പദ്ധതികളുടെ ഭാഗമായി കുവൈറ്റിലെത്തിയ അദ്ദേഹം ഈ പ്രവർത്തനങ്ങളിൽ സംഘടനക്ക് പകർന്നു തന്നിരുന്ന ഊർജ്ജം വിലമതിക്കാനാവാത്തതായിരുന്നെന്ന് കല കുവൈറ്റ് പ്രസിഡന്റ് ആർ. നാഗനാഥനും ജനറൽ സെക്രട്ടറി സി.കെ. നൗഷാദും അനുശോചന സന്ദേശത്തിൽ അറിയിച്ചു.
കല കുവൈറ്റിന്റെ നേതൃത്വത്തിൽ നാളെ വൈകിട്ട് 7 മണിക്ക് അബ്ബാസിയ കല സെന്ററിൽ വച്ച് അദ്ദേഹത്തിന്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് അനുശോചനയോഗം ചേരുന്നു.

കൂടുതൽ വിവരങ്ങൾക്ക് 24317875, 97817100, 94013575 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.