തിരുവനന്തപുരം: ഓരോ മണിക്കൂറിലും നിലപാടു മാറ്റുന്നയാളല്ല താനെന്നും ഇന്നു നടക്കുന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നെന്നും ഉമ്മൻ ചാണ്ടി പരസ്യമായി പറയുമ്പോൾ വെട്ടിലാകുന്നത് കോൺഗ്രസ് ഹൈക്കമാണ്ട് തന്നെ. ദിവസങ്ങൾ പ്രയത്‌നിച്ചിട്ടും ഉമ്മൻ ചാണ്ടിയെ അനുകൂലമാക്കാൻ കോൺഗ്രസ് ഹൈക്കമാണ്ടിന് കഴിഞ്ഞിട്ടില്ല.

അതിനിടെ ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തിലും പാർട്ടി സംഘടനാ തിരഞ്ഞെടുപ്പു വൈകുന്നതിലുമുള്ള പ്രതിഷേധവുമായി ഇടഞ്ഞുനിൽക്കുന്ന ഉമ്മൻ ചാണ്ടിയെ ഹൈക്കമാൻഡ് ചർച്ചകൾക്കായി ഡൽഹിക്കു ക്ഷണിച്ചു. ഇന്നു ഡൽഹിയിൽ എത്താനാണു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് ഇന്നലെ ഫോണിലൂടെ ആവശ്യപ്പെട്ടത്. എന്നാൽ അസൗകര്യങ്ങൾ അറിയിക്കുകയായിരുന്നു. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കേണ്ടതിനാൽ ഇന്നൊഴികെ മറ്റേതു ദിവസം വേണമെങ്കിലും എത്താമെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചവെന്നാണ് പുറത്തുവരുന്ന സൂചന. ഇനി വിളിച്ചാൽ ഉമ്മൻ ചാണ്ടി പോകുമെന്ന് എ ഗ്രൂപ്പും സൂചന നൽകി. ഈ സാഹചര്യത്തിൽ കൂടിക്കാഴ്ചയ്ക്കുള്ള പുതിയ തീയതി ഹൈക്കമാൻഡ് അറിയിക്കും. യാത്ര ഉടൻ ഉണ്ടാകുമെന്നാണു സൂചന.

ഒഴിഞ്ഞുനിൽക്കുന്ന ഉമ്മൻ ചാണ്ടിയെക്കൂടി പങ്കെടുപ്പിച്ചു ചേരാനായി പലവട്ടം മാറ്റിവച്ച കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗമാണ് ഇന്ന് ചേരുന്നത്. കെപിസിസി പ്രസിഡന്റ് വി എം.സുധീരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ക്ഷണിച്ചെങ്കിലും വരുന്നില്ലെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചിട്ടുണ്ട്. ഹൈക്കമാൻഡ് ചർച്ചയ്ക്കായി ക്ഷണിച്ച സാഹചര്യത്തിൽ ആ നിലപാടു മാറിയേക്കുമെന്നു നേതാക്കൾ പ്രതീക്ഷിച്ചെങ്കിലും വ്യക്തമായ തീരുമാനങ്ങൾ ആദ്യം ഉണ്ടാകട്ടെ എന്നതിൽ അദ്ദേഹം ഉറച്ചുനിൽക്കുന്നു. ഈ സാഹചര്യത്തിലാണ് ഇന്നത്തെ വിട്ടു നിൽക്കലും.

പുതിയ ഡിസിസി പ്രസിഡന്റുമാർ പങ്കെടുക്കുന്ന ആദ്യ യോഗവും ഇന്ന് ഉച്ചയ്ക്കുശേഷം ഇന്ദിരാഭവനിൽ ചേരും. ഉമ്മൻ ചാണ്ടിയെ കണക്കിലെടുക്കാതെയുള്ള ഹൈക്കമാൻഡ് തീരുമാനങ്ങളിലുള്ള എതിർപ്പ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ എ വിഭാഗം ഉയർത്തും. ഡിസിസി പ്രസിഡന്റുമാരെ നിയമിച്ച സാഹചര്യത്തിൽ ഇനി ഡിസിസി ഭാരവാഹികളെ നിയമിക്കണമെന്നും കെപിസിസിതല പുനഃസംഘടന വേണമെന്നുമാണു സുധീരന്റെ ആവശ്യം. ഇതും ഇന്നത്തെ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ചർച്ചയ്ക്കു വരും.

എന്നാൽ സംഘടനാ തിരഞ്ഞെടുപ്പു വേണമെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. ഒരു മാസത്തിനുശേഷമാണു രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നത്. രൂപീകരിച്ചശേഷം ഉമ്മൻ ചാണ്ടിയില്ലാത്ത ആദ്യ യോഗവുമാണ് ഇന്നത്തേത്.