കണ്ണൂർ: സിപിഎമ്മിന് മറ്റൊരു തിരിച്ചടിയേകി കൊണ്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വധശ്രമക്കേസ് കോടതി പരിഗണിക്കുന്നു.സിപിഎം നേതാക്കൾ ഉൾപ്പെടെ പ്രതികളായ ഈ കേസ് കേരള രാഷ്ട്രീയത്തിൽ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്. കേസിന്റെ വിചാരണ തുടരുകയും അതു മാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്യുന്നത് സിപിഎമ്മിനെ സംബന്ധിച്ചു കടുത്ത പ്രതിസന്ധി തന്നെ സൃഷ്ടിച്ചേക്കും.നിയമസഭാ അകത്തളത്തിലെ കൈയാങ്കളിക്കു മുൻപ് സിപിഎം നേതാക്കൾ പ്രതികളായ കേസാണ് കണ്ണുരിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയുള്ള വധശ്രമം

മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയെ കണ്ണൂരിൽ വെച്ചു വധിക്കാൻ ശ്രമിച്ചുവെന്ന കേസിന്റെ വിചാരണയാണ് നാളെ മുതൽ തുടങ്ങുന്നത്. 2013 ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംസ്ഥാനപൊലിസ് അത് ലറ്റിക്ക് മീറ്റിന്റെ സമാപന പരിപാടി ഉദ്ഘാടനം ചെയ്യാൻ കണ്ണുരിലെത്തിയ അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ വധിക്കണമെന്ന് ഗൂഢാലോചന നടത്തി എന്നാണ് ആരോപണം. കണ്ണൂരിലെ കാൽടെക്‌സ് മുതൽ പൊലിസ് ക്ലബ്ബു വരെ റോഡിൽ മാർഗതടസം സൃഷ്ടിക്കുകയും കല്ല്, ഇരുമ്പ് വടി തുടങ്ങിയ മാരകായുധങ്ങളുമായി സംഘം ചേർന്നായിരുന്നു വധശ്രമം.

'സരിതാ ചാണ്ടിയെ' കൊല്ലെടായെന്ന് വിളിച്ചു പറഞ്ഞ് ഡ്യൂട്ടിയിലുള്ള പൊലിസുകാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി മുഖ്യമന്ത്രിയുടെ കാറിന് മുൻപിൽ ചാടി കല്ലുകൾ കൊണ്ട് ചില്ലെറിഞ്ഞു തകർത്ത് മുഖ്യമന്ത്രിയുടെ നെഞ്ചിലും നെറ്റിയിലും മുറിവേൽപ്പിച്ചുവെന്നാണ് കേസ്. അദ്ദേഹത്തിന്റെ ഒന്നിച്ചുണ്ടായിരുന്ന ഇന്നത്തെ കൽപ്പറ്റ എംഎ‍ൽഎ സിദ്ദിഖിനെയും മറ്റു പൊലിസുകാരെയും കല്ലെറിയുകയും മുഖ്യമന്ത്രിയുടെ കാറും അകമ്പടിയായ പൊലിസ് വാഹനങ്ങളും എറിഞ്ഞുതകർത്ത് സർക്കാർ ഖജനാവിൽ അഞ്ചു ലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

മൊത്തം 144 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. അന്നത്തെ സിപിഎം എം എൽ .എ മാരായ സി. കൃഷ്ണൻ, കെ.കെ നാരായണൻ, ഡിവൈഎഫ്ഐ നേതാക്കളായ പി.കെ ശബരീഷ്, ബിനോയ് കുര്യൻ, ബിജു കണ്ടക്കൈ ,എം.കുഞ്ഞിരാമൻ, ഓകെ വിനീഷ്.കെ.ജയരാജൻ, പി.പ്രശോഭ് തുടങ്ങിയവരാണ് പ്രതി പട്ടികയിലുള്ളത്. മൂന്ന് സാക്ഷികളെയാണ് ബുധനാഴ്‌ച്ച വിസ്തരിക്കുന്നത്. ഇവർക്ക് സമൻസ് അയച്ചിട്ടുണ്ട്. കണ്ണൂർ സിഐ സനൽകുമാർ, പൊലിസ് ഉദ്യോഗസ്ഥരായ മനോജ് കുമാർ കെ. ക്ഷേമൻ എന്നിവരെയാണ് വിസ്തരിക്കുന്നത്

കേസിൽ 227 സാക്ഷികളാണുള്ളത്. ഇതിൽ ഉമ്മൻ ചാണ്ടിനുറ്റി ഏഴുപത്തിയഞ്ചാം സാക്ഷിയും സിദ്ദിഖ് നുറ്റി എഴുപത്തിയാറാം സാക്ഷിയുമാണ്. അന്തരിച്ച മുൻ മന്ത്രി കെ.പി നുറുദ്ദീൻ, മുഖ്യമന്ത്രിയുടെ കാർ ഡ്രൈവർ പി.എം ജിനേഷ് കുമാറും സാക്ഷി പട്ടികയിലുണ്ട്. കണ്ണുർ അസി.സെഷൻസ് കോടതി ജഡ്ജ് രാജീവൻ പാച്ചാലിന്റെ മുൻപാകെയാണ് വിചാരണ തുടങ്ങുക.

നിയമസഭാ കൈയാങ്കളി കേസ് തള്ളാൻ പറ്റില്ലെന്ന കോടതി നിലപാടും പി.ജയരാജൻ വധശ്രമ കേസിലെ പ്രതികളായ മുസ്ലിം ലീഗ് പ്രവർത്തകരെ വെറുതെ വിട്ടതും തിരിച്ചടിയായ സിപിഎമ്മിന് മറ്റൊരു വൈതരണി കൂടിയായാണ് ഉമ്മൻ ചാണ്ടി വധശ്രമക്കേസ് വിലയിരുത്തപ്പെടുന്നത്.