ന്യൂഡൽഹി: കോൺഗ്രസിൽ ഉമ്മൻ ചാണ്ടി വികാരം ശക്തമാകുമ്പോൾ കരുതലോടെ നീങ്ങാൻ രമേശ് ചെന്നിത്തല. വിശാല ഐ ഗ്രൂപ്പിൽ ചെന്നിത്തലയ്‌ക്കെതിരെ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഇത്. കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടേണ്ടെന്നും കൂട്ടുത്തരവാദിത്തത്തോടെ കോൺഗ്രസ് പ്രവർത്തിക്കണമെന്നുമുള്ള ഹൈക്കമാണ്ട് നിർദ്ദേശം ചെന്നിത്തലയും അംഗീകരിക്കും.

സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിക്കു റിപ്പോർട്ട് സമർപ്പിച്ചു. നേതൃത്വത്തിലേക്ക് വരാൻ ഉമ്മൻ ചാണ്ടിയും സന്നദ്ധത അറിയിച്ചിട്ടുണ്ട്. പുതുപ്പള്ളിയിൽ വീണ്ടും ഉമ്മൻ ചാണ്ടി മത്സരിക്കും. നേരത്തെ പുതുപ്പള്ളയിൽ മകൻ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാൻ ഉമ്മൻ ചാണ്ടി പദ്ധതി ഇട്ടിരുന്നു. ആരോഗ്യ കാരണങ്ങളാലാണ് ഇത്. എന്നാൽ ഉമ്മൻ ചാണ്ടി മാറി നിൽക്കുന്നത് കോൺഗ്രസിന്റെ സാധ്യതകളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

നിയമസഭയിലേക്ക് എംപിമാരെ മത്സരിപ്പിക്കേണ്ടെന്നാണ് തീരുമാനം. എന്നാൽ കോന്നിയും വട്ടിയൂർക്കാവും ജയിക്കണമെങ്കിൽ അടൂർ പ്രകാശും കെ മുരളീധരനും അനിവാര്യതയാണെന്ന് കരുതുന്നവരും ഉണ്ട്. ഈ സാഹചര്യത്തിൽ ജയം മാത്രം കണക്കിലെടുത്ത് നിയമസഭയിൽ സ്ഥാനാർത്ഥി നിർണ്ണയം നടത്തണമെന്ന വികാരവും ശക്തമാണ്. എന്നാൽ ഗ്രൂപ്പ് മാനേജർമാർ ഇതിനെ എതിർക്കുന്നു. മുരളീധരനും അടൂർ പ്രകാശും ജയിച്ചാൽ മന്ത്രിയാകുമെന്നതാണ് ഇതിന് കാരണം. രണ്ടു പേരേയും ലോക്‌സഭയിലേക്ക് മത്സരിപ്പിച്ചതും ഇതേ ലക്ഷ്യത്തോടെയാണ്.

താരീഖ് അൻവറിന്റെ റിപ്പോർട്ട് അതിനിർണ്ണായകമാകും. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ കോൺഗ്രസ്, ഘടകകക്ഷി നേതാക്കളുമായി താരിഖ് തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണു റിപ്പോർട്ട് തയാറാക്കിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒന്നിച്ചു നയിക്കണമെന്നും ഉമ്മൻ ചാണ്ടി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മുൻനിരയിൽ സജീവമാകണമെന്നുമുള്ള ഘടകകക്ഷികളുടെ ആവശ്യത്തിനു റിപ്പോർട്ടിൽ ഊന്നൽ നൽകിയിട്ടുണ്ട്.

മുല്ലപ്പള്ളി രാമചന്ദ്രന്റെ കീഴിലുള്ള കെപിസിസി നേതൃത്വത്തെ മാറ്റില്ല. ഏതാനും ജില്ലാ ഘടകങ്ങൾ അഴിച്ചുപണിയുന്നതു പരിഗണിക്കും. ഉമ്മൻ ചാണ്ടിയേയും മുഖമാക്കിയുള്ള പ്രചരണം മാത്രമേ ഗുണം ചെയ്യൂവെന്നാണ് വിലയിരുത്തൽ. ഉമ്മൻ ചാണ്ടിയെ പ്രചാരണ സമിതി അധ്യക്ഷനാക്കുന്ന കാര്യം നിലവിൽ പരിഗണനയിലില്ലെന്നും വരും ദിവസങ്ങളിൽ നടത്തുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇക്കാര്യം തീരുമാനിക്കുമെന്നും പാർട്ടി ഹൈക്കമാൻഡ് പറയുന്നു. ചുമതല ഏറ്റെടുക്കാൻ ഉമ്മൻ ചാണ്ടിയും തയ്യാറാണ്.

മുഖ്യമന്ത്രിയായി ഏതെങ്കിലും നേതാവിനെ ഉയർത്തിക്കാട്ടുന്നതു ഗുണം ചെയ്യില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. ലോക്‌സഭാംഗത്വം രാജിവച്ച് നിയമസഭയിലേക്കു മത്സരിക്കാൻ എംപിമാരെ അനുവദിക്കില്ലെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ഇത് ഗുണം ചെയ്യില്ലെന്ന അഭിപ്രായം ഗ്രൂപ്പിന് അതീതമായി പ്രവർത്തകർക്കിടയിലുണ്ട്. സ്ഥാനാർത്ഥി നിർണയത്തിൽ ഗ്രൂപ്പ് വീതംവയ്പ് അംഗീകരിക്കില്ല. ജയസാധ്യതയുടെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കണം-റിപ്പോർട്ട് വ്യക്തമാക്കി. ജയസാധ്യതയുള്ള മുതിർന്ന നേതാക്കൾക്കെല്ലാം സീറ്റ് നൽകും.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി നിയമസഭാതിരഞ്ഞെടുപ്പിൽ ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് 90 ദിന കർമപരിപാടി ആസൂത്രണംചെയ്യും. ജനുവരി നാലിനും അഞ്ചിനുമായി കേരളത്തിലെത്തിയാൽ മുതിർന്ന നേതാക്കളുമായി ഇക്കാര്യം ചർച്ചചെയ്ത് അന്തിമരൂപം നൽകും. കേരളത്തിലെ കോൺഗ്രസിന്റെ സ്ഥിതി െഹെക്കമാൻഡിനെ താരിഖ് ധരിപ്പിച്ചിട്ടുണ്ട്. അടുത്ത കേരള സന്ദർശനത്തിനുശേഷം വിശദമായ റിപ്പോർട്ട് അധ്യക്ഷ സോണിയാഗാന്ധിക്ക് കൈമാറും. തുടർന്ന് പ്രധാന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിക്കുമെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കി. നിലവിൽ കേരളത്തിൽ നേതൃമാറ്റം വേണ്ടെന്നും കൂട്ടായ നേതൃത്വം നയിക്കുന്നതാവും ഉചിതമെന്നുമാണ് താരിഖ് അൻവർ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുള്ളത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിടില്ലെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ അറിയിച്ചു.

''ഉമ്മൻ ചാണ്ടി മുതിർന്ന നേതാവാണ്. അദ്ദേഹം പാർട്ടിയെ മുന്നിൽനിന്ന് നയിക്കും. രമേശ് ചെന്നിത്തലയും ഊർജസ്വലനും ചെറുപ്പക്കാരനുമാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ നല്ല സംഘടനാനേതാവാണ്. ഉമ്മൻ ചാണ്ടിയെ പ്രചാരണസമിതി അധ്യക്ഷനാക്കാൻ നിർദ്ദേശംവന്നിട്ടുണ്ട്. എല്ലാവരും ചേർന്ന് കോൺഗ്രസിനെ നയിക്കലാണ് പ്രധാനം. ഒരു ശതമാനത്തിൽത്താഴെ മാത്രമാണ് എൽ.ഡി.എഫുമായി വോട്ടുവിഹിതത്തിൽ വ്യത്യാസമുള്ളത്. എല്ലാ മണ്ഡലങ്ങളിലും പ്രവർത്തനം ശക്തമാക്കിയാൽ ഇത് മറികടക്കാം. എല്ലാ 10 ദിവസം കൂടുമ്പോഴും കേരളത്തിലെത്താനാണ് തീരുമാനം''- താരിഖ് അൻവർ പറഞ്ഞു. താരിഖ് അൻവർ കേരളത്തിൽ സന്ദർശനം നടത്തിയ സമയത്ത് കോൺഗ്രസ് നേതാക്കളും യു.ഡി.എഫ്. ഘടകകക്ഷിനേതാക്കളും ഉമ്മൻ ചാണ്ടിയെ സജീവമായി കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

കെ മുരളീധരനെ പോലുള്ളവർ മത്സരിക്കണമെന്ന അഭിപ്രായവും മുസ്ലിം ലീഗ് അടക്കമുള്ളവർക്കുണ്ട്. ഓരോ സീറ്റും നിർണ്ണായകമാണ് എന്ന് അവർ കരുതുന്നു. പികെ കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുന്നതും അതുകൊണ്ടാണ്. ഇക്കാര്യത്തിൽ പരോക്ഷ സൂചനകൾ ലീഗ് കോൺഗ്രസിന് നൽകും. കേരളത്തിൽ തോൽക്കുന്നതിനെ കുറിച്ച് കോൺഗ്രസ് ഹൈക്കമാണ്ടിന് ചിന്തിക്കാൻ പോലും കഴിയുന്നില്ല. അതുകൊണ്ട് തന്നെ രാഹുൽ ഗാന്ധിയും കേരളത്തിൽ സജീവമാകും.