ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് നേതൃനിരയിൽ ഹൈക്കമാൻഡ് ഇടപെട്ട് അഴിച്ചുപണി നടത്തിയതിന്റെ പശ്ചാത്തലത്തിൽ പരിഭവത്തിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എ ഗ്രൂപ്പിനെ പൂർണ്ണമായും തഴഞ്ഞിതിലെ അതൃപ്തി.

എല്ലാ ചുമതലകളും ഒഴിഞ്ഞ് വിശ്രമ ജീവിതത്തിലേക്ക് കടക്കാനും ഉമ്മൻ ചാണ്ടി ആഗ്രഹിക്കുന്നു. എന്നാൽ കേരള രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടി നിറഞ്ഞു നിൽക്കണമെന്നതാണ് ഹൈക്കമാണ്ടിന്റെ ആഗ്രഹം. ഇക്കാര്യത്തിൽ തീരുമാനങ്ങൾ ഇന്നുണ്ടാകും. രാഹുൽ ഗാന്ധിയുമായി ഇന്ന് രാവിലെ 10.30ന് ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച നടത്തും.

ഇന്നലെയാണു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നതെങ്കിലും മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് രാഹുലിനു ഗുജറാത്തിലെ കോടതിയിൽ ഹാജരാകേണ്ടി വന്നതിനാൽ നടന്നില്ല. നേരത്തെ രമേശ് ചെന്നിത്തലയും ഹൈക്കമാണ്ടുമായി ചർച്ച നടത്തിയിരുന്നു. ചെന്നിത്തലയ്ക്ക് ദേശീയ തലത്തിൽ പദവി വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിൽ എഐസിസി ജനറൽ സെക്രട്ടറിയാണ് ഉമ്മൻ ചാണ്ടി. ഈ പദവി രാജിവയ്ക്കാൻ ഉമ്മൻ ചാണ്ടി ആലോചിച്ചിരു്ന്നു. എന്നാൽ അതുണ്ടാകില്ലെന്നാണ് സൂചന.

സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം അവഗണിച്ച് പ്രതിപക്ഷ നേതാവിനെ ഹൈക്കമാൻഡ് തീരുമാനിച്ച രീതിയിൽ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർക്ക് പരിഭവമുണ്ടായിരുന്നു. അതു പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഉമ്മൻ ചാണ്ടിയെ രാഹുൽ ഡൽഹിക്കു വിളിപ്പിച്ചത്. കഴിഞ്ഞ ദിവസം രമേശിനെയും രാഹുൽ കണ്ടിരുന്നു. കൂടിക്കാഴ്ചയ്ക്കു ശേഷം ഉമ്മൻ ചാണ്ടി ഇന്നു കേരളത്തിലേക്കു മടങ്ങും. മുതിർന്ന നേതാവ് എ.കെ. ആന്റണിയെ അദ്ദേഹം ഇന്നലെ സന്ദർശിച്ചു.

ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പദവിയിൽനിന്ന് ഒഴിയുന്നത് ഉമ്മൻ ചാണ്ടിയുടെ ചിന്തയിലുണ്ടെന്ന് സൂചനകളുണ്ടെങ്കിലും അദ്ദേഹം നിഷേധിച്ചു. പാർട്ടി ഏൽപിച്ച ദൗത്യം പൂർണ ഉത്തരവാദിത്തത്തോടെ നിർവഹിക്കുമെന്നും ചുമതലയൊഴിയുന്നത് ആലോചനയിലില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ആന്റണിയുടെ അനുനയ നീക്കം വിജയച്ചതിന്റെ സൂചനയാണ് ഇത്. കേരളത്തിലെ സംഘടനാ പുനഃസംഘടനയിൽ ഉമ്മൻ ചാണ്ടിയുടെ വാക്കുകളും പരിഗണിക്കും.

മുതിർന്ന നേതാവെന്ന നിലയിൽ ഉമ്മൻ ചാണ്ടി പ്രവർത്തക സമിതിയിൽ ഹൈക്കമാൻഡ് നിലനിർത്തും. അടുത്ത തിങ്കളാഴ്ച പാർട്ടി ചർച്ചകൾക്കായി ആന്ധ്രയിലെത്തുന്ന ഉമ്മൻ ചാണ്ടി സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇതോടെ ദേശീയ രാഷ്ട്രീയത്തിൽ നിറ സന്നാധ്യമായി ഉമ്മൻ ചാണ്ടി മാറുമെന്നാണ് കോൺഗ്രസ് ഹൈക്കമാണ്ടിന്റെ പ്രതീക്ഷ.