- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഗതി മന്ദിരങ്ങളോടും സ്പെഷൽ സ്കൂളുകളോടുമുള്ള വിവേചനം മനുഷ്യത്വരഹിതമെന്ന് ഉമ്മൻ ചാണ്ടി; മുഖ്യമന്ത്രിക്ക് കത്തയച്ച് മുൻ മുഖ്യമന്ത്രി
തിരുവനന്തപുരം: അനാഥ അഗതി വൃദ്ധ മന്ദിരങ്ങളിൽ താമസിക്കുന്ന അന്തേവാസികൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ തുടർന്ന് നല്കേണ്ടതില്ലെന്നും മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പഠിപ്പിക്കുന്ന സ്പെഷൽ സ്ഥാപനങ്ങളെ എയിഡഡ് ആക്കേണ്ടതില്ലെന്നുമുള്ള സർക്കാരിന്റെ തീരുമാനം അടിയന്തരമായി തിരുത്തണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.
അനാഥ, അഗതി-വൃദ്ധ മന്ദിരങ്ങളും സ്പെഷൽ സ്കൂളുകളും പ്രവർത്തിക്കുന്നത് സാമൂഹ്യ സമുദായ സേവന സംഘടനകളുടെ നേതൃത്വത്തിലാണ്. ഒരൊറ്റ സ്പെഷൽ സ്കൂൾ മാത്രം സർക്കാരിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുമ്പോൾ സാമൂഹ്യ-സമുദായ സേവന സംഘടനകളുടെ നേതൃത്വത്തിൽ സേവനനിരതരായി പ്രവർത്തിക്കുന്ന 276 സ്ഥാപനങ്ങളുണ്ട്. സമൂഹത്തിലെ ഏറ്റവും ദുരിതംപേറുന്ന ഈ വിഭാഗങ്ങളോട് ഏറ്റവുമധികം സഹാനുഭൂതിയോടെ പ്രവർത്തിക്കുന്നതിനു പകരം അവരെ മഹാദുരിതത്തിലേക്കു വലിച്ചെറിയുന്നത് പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ല.
14 വയസ്സ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ വിദ്യാഭ്യാസം ഭരണഘടനാവകാശമായി നല്കുന്ന രാജ്യത്ത്, ഫീസ് കൊടുത്ത് പഠിക്കുകയോ അല്ലെങ്കിൽ ആരുടെയെങ്കിലും സുമനസ്സ് കൊണ്ട് പഠിക്കുകയോ ചെയ്യുന്ന നിർദ്ധനരാണ് സ്പെഷൽ സ്കൂളിലെ വിദ്യാർത്ഥികൾ. ഈ സാഹചര്യം ഉൾക്കൊണ്ടാണ് മാനസിക ബുദ്ധിമുട്ട് നേരിടുന്ന നൂറ് കുട്ടികളെങ്കിലുമുള്ള സ്ഥാപനങ്ങളെ ആദ്യ വർഷവും 50, 25 കുട്ടികൾ ഉള്ള സ്ഥാപനങ്ങളെ തുടർന്നുള്ള സാമ്പത്തിക വർഷങ്ങളിൽ എയിഡഡ് സ്ഥാപനങ്ങൾ ആക്കുവാനും യുഡിഎഫ് സർക്കാർ നയപരമായി തീരുമാനിച്ചത്.
അഗതി അനാഥ വൃദ്ധാലയങ്ങളും മാനസിക വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്ഥാപനങ്ങളും പ്രവർത്തിക്കുന്നില്ലെങ്കിൽ എത്രയോ മനുഷ്യ ജീവിതങ്ങൾ പെരുവഴിയിൽ കിടന്നു ദുരിതങ്ങൾ അനുഭവിച്ചു മരിക്കേണ്ടിവരുമായിരുന്നു. മാനസിക വൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ അനുഭവിക്കുന്ന സാമ്പത്തിക-മാനസിക ബുദ്ധിമുട്ടുകൾ നാം ചിന്തിക്കുന്നതിലും അപ്പുറമാണ്. ഈ കുട്ടികളെ സ്നേഹവും കരുതലും നല്കി സംരക്ഷിക്കുന്ന നിസ്വാർത്ഥരായ സംഘടനകളെ സഹായിക്കേണ്ട ബാദ്ധ്യത ഗവൺമെന്റിനുണ്ട്. ലാഭേച്ഛയോടെ ആരും ഈ രംഗത്തു പ്രവർത്തിക്കുന്നില്ല എന്ന വ്യക്തമായ ബോദ്ധ്യമാണ് എനിക്കുള്ളത്. മറിച്ചുണ്ടെങ്കിൽ അത് അന്വേഷിച്ച് സർക്കാരിന് അവരെ മാറ്റി നിർത്താമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
യു.ഡി.എഫ്. ഗവൺമെന്റ് ആരേയും പ്രീണിപ്പിക്കുവാൻ എടുത്ത തീരുമാനമല്ലിത്. സമൂഹത്തിൽ ഏറ്റവും അധികം പരിഗണിക്കേണ്ടവരെയാണ് ഈ ഗവൺമെന്റ് പൂർണ്ണമായും തള്ളിക്കളഞ്ഞിരിക്കുന്നത്. രണ്ട് തീരുമാനങ്ങളും പുനഃപരിശോധിച്ച് അടിയന്തരമായി തുടർ നടപടികൾ നടപ്പിലാക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.